ഇടമലക്കുടി ∙ റോഡ് സൗകര്യമില്ലാതെ ബുദ്ധിമുട്ടുന്ന ഇടമലക്കുടിക്കാരുടെ ദുരിതം എന്ന് അവസാനിക്കും? പനി ബാധിച്ച് കിടപ്പിലായിരുന്ന മാലയപ്പനെ (75) കാട്ടുവള്ളികളും തടിയും ഉപയോഗിച്ച് മഞ്ചൽ കെട്ടി വനപാതയിലൂടെ ചുമന്ന് അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് നാട്ടുകാർ. 75 വയസ്സുകാരനായ മാലയപ്പൻ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പനി ബാധിച്ച് കിടപ്പിലായിരുന്നു. റോഡ് സൗകര്യമില്ലാത്തതിനാൽ സമയബന്ധിതമായ ചികിത്സ ലഭിക്കാതെ കഴിഞ്ഞ വർഷം കാർത്തിക് എന്ന ആദിവാസി ബാലൻ ഇടമലക്കുടിയിൽ മരണപ്പെട്ടിരുന്നു.കുടലാർ കുടി മുതൽ ആനക്കുളം വരെയുള്ള നാല് കിലോമീറ്റർ റോഡ് നിർമിക്കണമെന്ന ആവശ്യം വർഷങ്ങളായി ഉയരുന്നുണ്ടെങ്കിലും അധികാരികളുടെ ഭാഗത്തുനിന്ന് ഇതുവരെ നടപടിയൊന്നും ഉണ്ടായിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി. നിലവിൽ കാട്ടിലൂടെയുള്ള ഇടിഞ്ഞ ഒറ്റയടിപ്പാത മാത്രമാണ് പ്രദേശത്തേക്കുള്ള ഏക ആശ്രയം. മഴക്കാലത്ത് ഈ വഴിയിലൂടെയുള്ള യാത്ര അതീവ ദുഷ്കരവും അപകടകരവുമായി മാറുന്നതോടെ രോഗികളെയും വയോജനങ്ങളെയും ആശുപത്രിയിലെത്തിക്കുന്നത് വലിയ വെല്ലുവിളിയാണ്. അതിനാൽ കുടലാർ കുടി– ആനക്കുളം റോഡ് അടിയന്തരമായി നിർമിച്ച് ഗതാഗത സൗകര്യം ഉറപ്പാക്കണമെന്നാണ് ഇടമലക്കുടി നിവാസികൾ ആവശ്യപ്പെടുന്നത്.
കാട്ടുവള്ളികളും തടിയും ഉപയോഗിച്ച് മഞ്ചൽ, ദുഷ്കരമായ വനപാത; ഇടമലക്കുടിക്കാർക്ക് എല്ലാം വെല്ലുവിളി







