Headlines

സിംബാബ്‌വെയിലെ കരീബ തടാകത്തിൽ യാത്രാ ബോട്ട് മറിഞ്ഞു; 44 മരണം

സിംബാബ്‌വെയിലെ കരീബ തടാകത്തിൽ യാത്രാ ബോട്ട് മറിഞ്ഞ് 44 മരണം. ചൊവാഴ്ചയാണ് അപകടം ഉണ്ടായത്. കനത്ത കാറ്റിൽ യാത്രാ ഫെറി മറിയുകയായിരുന്നു. 90 യാത്രക്കാരെ വഹിക്കാൻ കഴിയുന്ന ബോട്ടിൽ 120ൽ അധികം പേർ ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. അപകടത്തിൽപ്പെട്ട 77 പേരെ രക്ഷപെടുത്തി.

ശക്തമായ തിരമാലയടിച്ചതിനെത്തുടർന്ന് ഫെറി മറിയുകയായിരുന്നു. മറിഞ്ഞ ഫെറിയുടെ ഭാഗം വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ട്. സാംബിയയുമായുള്ള അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന കരിബ തടാകം ലോകത്തിലെ ഏറ്റവും വലിയ മനുഷ്യനിർമ്മിത ജലാശയങ്ങളിലൊന്നാണ്. ഗതാഗതത്തിനും മത്സ്യബന്ധനത്തിനും സഹായകമാകുന്നതിനൊപ്പം ഇരുരാജ്യങ്ങൾക്കും ആവശ്യമായ ജലവൈദ്യുതിയും ഇവിടെ നിന്നാണ് ഉത്പാദിപ്പിക്കുന്നത്.

മോശം കാലാവസ്ഥയിലാണ് ബോട്ട് സഞ്ചരിച്ചിരുന്നതെന്നും, ഒരുപക്ഷേ തിരമാലയടിച്ചതിനെത്തുടർന്ന് എഞ്ചിനുകൾ നിലച്ചുപോയതാകാമെന്നും ദൃക്‌സാക്ഷി പറഞ്ഞു.