നടിയെ ആക്രമിച്ച കേസിൽ ദിലീപിന് കുരുക്ക് മുറുകുന്നു. മുഖ്യപ്രതി പൾസർ സുനി, സാക്ഷിയായ ജിൻസണുമായി നടത്തിയ ഫോൺ സംഭാഷണം പുറത്തുവന്നു. സംവിധായകൻ ബാലചന്ദ്രകുമാറിനെ മൂന്നിലേറെ തവണ കണ്ടതായി പൾസർ സുനി സംഭാഷണത്തിൽ പറയുന്നുണ്ട്. ആലുവയിലെ ദിലീപിന്റെ വീട്ടിൽ വെച്ചും ഹോട്ടലിൽ വെച്ചും ബാലചന്ദ്രകുമാറിനെ കണ്ടു. പിക്ക് പോക്കറ്റ് സിനിമയുമായി ബന്ധപ്പെട്ടും കണ്ടതായി സുനി പറയുന്നു.
ദീലിപിനൊപ്പം മുഖ്യപ്രതിയായ സുനിലിനെ നിരവധി തവണ കണ്ടതായി ബാലചന്ദ്രകുമാർ മൊഴി നൽകിയിരുന്നു. ഇതിനിടെ ഫോൺ വിളിയിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദീലീപ് അടക്കമുള്ള പ്രതികൾ ഗൂഢാലോചന നടത്തിയ കേസിൽ എറണാകുളം ക്രൈംബ്രാഞ്ച് എസ് പി മോഹന ചന്ദ്രനാണ് അന്വേഷിക്കുന്നത്.