പാലാ സെന്റ് തോമസ് കോളജില്‍ പരീക്ഷയ്ക്ക് എത്തിയ വിദ്യാര്‍ത്ഥിനിയെ സഹപാഠി കഴുത്തറത്ത് കൊലപ്പെടുത്തി. വൈക്കം, തലയോലപ്പറമ്പ് സ്വദേശിനി കളപ്പുരക്കല്‍ വീട്ടില്‍ നിതിന മോളാണ് (22) കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച കാലത്ത് 11.30 ഓടെയാണ് സംഭവം. കൂത്താട്ടുകുളം ഉപ്പാനിയില്‍ പുത്തന്‍പുരയില്‍ അഭിഷേക് ബൈജു ആണ് കൊലപ്പെടുത്തിയത്. പ്രതിയെ പാലാ പൊലീസ് കസ്റ്റഡിയില്‍എടുത്തു. പെണ്‍കുട്ടിയുടെ മൃതദേഹം മരിയന്‍ മെഡിക്കല്‍ സെന്ററിലേക്ക് കൊണ്ടുപോയി.
ഫുഡ് ടെക്നോളജി വിഭാഗത്തില്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയ നിതിന ഉച്ചയ്ക്ക് സപ്ലിമെന്ററി പരീക്ഷയ്‌ക്കെത്തിയപ്പോഴായിരുന്നു കൊലപാതകം. കോളജ് വളപ്പില്‍ കാത്തുനിന്ന യുവാവ് ഹാക്‌സോ ബ്ലേഡ് ഉപയോഗിച്ച് കഴുത്തിലെ ഞരമ്പറുത്ത് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. മറ്റ് വിദ്യാര്‍ത്ഥികള്‍ നോക്കിനില്‍ക്കെയായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥിനിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.