സ്പെയിനില്‍ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസിന് നിര്‍ണായകമായ പൊതുതിരഞ്ഞെടുപ്പ് ഇന്ന്. കോണ്‍ഗ്രസ് ഓഫ് ഡെപ്യൂട്ടീസിലെ 350 സീറ്റുകളിലേക്കും സെനറ്റിലെ 209 സീറ്റുകളിലേക്കുമാണ് വോട്ടെടുപ്പ്. വലതുപക്ഷ പാര്‍ട്ടിയായ പീപ്പിള്‍സ് പാര്‍ട്ടിക്ക് വിജയസാധ്യതയെന്ന് അഭിപ്രായസര്‍വേകള്‍. (Spanish right eyes end of Sanchez era in key vote)
2027-ല്‍ നടക്കേണ്ടിയിരുന്ന തിരഞ്ഞെടുപ്പ്, രാജ്യത്തെ രാഷ്ട്രീയ-ഭരണ പ്രതിസന്ധികളെത്തുടര്‍ന്ന് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് നേരത്തെയാക്കുകയായിരുന്നു. 3.87 കോടി വോട്ടര്‍മാരാണ് ഇന്ന് സമ്മതിദാനാവകാശം വിനിയോഗിക്കുന്നത്. രാജ്യത്ത് രൂക്ഷമായ ഭവനപ്രതിസന്ധി പരിഹരിക്കുന്നതിനായി സര്‍ക്കാര്‍ കൊണ്ടുവന്ന അടിയന്തര ഭവന നിര്‍മാണ ഉത്തരവുകള്‍ ഒക്ടോബറില്‍ പ്രതിപക്ഷ കക്ഷികള്‍ പാര്‍ലമെന്റില്‍ പരാജയപ്പെടുത്തിയിരുന്നു. ഇതേത്തുടര്‍ന്ന് പാര്‍ലമെന്റ് പിരിച്ചുവിട്ട് ഇടക്കാല തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ സാഞ്ചസ് നിര്‍ബന്ധിതനാവുകയായിരുന്നു. അനധികൃത കുടിയേറ്റം, പണപ്പെരുപ്പം, രാജ്യത്തുണ്ടായ ട്രെയിന്‍ അപകടങ്ങള്‍, സാഞ്ചസിന്റെ അടുത്ത അനുയായികള്‍ക്കും ഭാര്യ ബെഗോണ ഗോമസിനുമെതിരായ അഴിമതി ആരോപണങ്ങള്‍ എന്നിവയെല്ലാം പ്രതിപക്ഷം ആയുധമാക്കുന്നുണ്ട്. പ്രധാനമന്ത്രി പെഡ്രോ സാഞ്ചസിന്റെ നേതൃത്വത്തിലുള്ള സോഷ്യലിസ്റ്റ് വര്‍ക്കേഴ്സ് പാര്‍ട്ടി, വലതുപക്ഷ കക്ഷിയായ പീപ്പിള്‍സ് പാര്‍ട്ടി, തീവ്ര-വലതുപക്ഷ പാര്‍ട്ടിയായ വോക്സ് എന്നിവരാണ് പോരാട്ടത്തിലുള്ളത്.
അഭിപ്രായ സര്‍വേകളില്‍ പീപ്പിള്‍സ് പാര്‍ട്ടിയാണ് മുന്നില്‍ നില്‍ക്കുന്നത്. പീപ്പിള്‍സ് പാര്‍ട്ടിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷമായ 176 നേടാനാകാതെ വന്നാല്‍ വോക്സിന്റെ പിന്തുണയോടെ സഖ്യസര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധ്യതയുണ്ട്. അങ്ങനെയെങ്കില്‍, ജനറല്‍ ഫ്രാന്‍സിസ്കോ ഫ്രാങ്കോയുടെ ഏകാധിപത്യ ഭരണത്തിന് ശേഷം സ്പെയിനില്‍ ആദ്യമായി ഒരു തീവ്ര-വലതുപക്ഷ പാര്‍ട്ടി അധികാരത്തില്‍ പങ്കാളിയാകും.







