മുംബൈ: മണ്ഡല പുനർനിർണയ ബില്ലിനെ പിന്തുണയ്ക്കാൻ , തനിക്കും ഓഫറുകൾ ലഭിച്ചെന്ന് ശിവസേന നേതാവ് ഉദ്ധവ് താക്കറെയുടെ വെളിപ്പെടുത്തൽ. എന്നാൽ മഹാരാഷ്ട്രയുടെ താൽപര്യങ്ങളാണ് പരിഗണിച്ചത്. ശരദ് പവാറും മഹാരാഷ്ട്രയുടെ താല്പര്യങ്ങൾക്ക് പരിഗണന നൽകണമെന്നാണ് അഭ്യർത്ഥനയെന്നും ഉദ്ധവ് താക്കറെ പറഞ്ഞു.
ബില്ലിനുള്ള പിന്തുണ പുനഃപരിശോധിക്കണമെന്ന് ഡിഎംകെ അധ്യക്ഷൻ എം.കെ. സ്റ്റാലിനോട് ഉദ്ധവ് താക്കറെ ആവശ്യപ്പെട്ടു. തമിഴ്നാട്ടിലെ ജനങ്ങൾക്ക് വഞ്ചിക്കപ്പെട്ടതായി തോന്നാൻ ഇടയാക്കരുതെന്ന് അദ്ദേഹം പറഞ്ഞു. ‘ഇന്ത്യ’ (INDIA) സഖ്യത്തിൽ ആരൊക്കെ തുടരണമെന്ന് സഖ്യകക്ഷികൾ ചേർന്ന് തീരുമാനിക്കുമെന്നും താക്കറെ വ്യക്തമാക്കി. “രണ്ടു പക്ഷത്തും ഒരേസമയം നിൽക്കാൻ കഴിയില്ല,” അദ്ദേഹം പറഞ്ഞു.
അതേസമയം, മണ്ഡലപുനർനിർണയ ബില്ലിൽ എം കെ സ്റ്റാലിനെ അനുനയിപ്പിക്കാൻ ഇന്ത്യാസഖ്യം നേതാക്കൾ ഒന്നിച്ചെത്തിയതോടെ ചെന്നൈയിലേക്ക് ഉറ്റുനോക്കുകയാണ് ദേശീയരാഷ്ട്രീയം. സോണിയാ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രതിപക്ഷസഖ്യനേതാക്കൾ എം കെ സ്റ്റാലിന്റെ വസതിയിലേക്ക് എത്തി. ഇന്ത്യ സഖ്യ നേതാക്കളെ കാണുന്നതിനു മുന്നോടിയായി ഡിഎംകെ നേതാക്കൾ പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിന്റെ വസതിയിൽ യോഗം ചേർന്നിരുന്നു. ബില്ലിനെ പിന്തുണയ്ക്കാനുള്ള DMKയുടെ തീരുമാനം അനുനയനീക്കത്തിലൂടെ പിൻവലിക്കുമോ എന്നതാണ് വലിയ പൊളിറ്റിക്കൽ സസ്പെൻസ്. അന്തിമ തീരുമാനം എം കെ സ്റ്റാലിൻ തീരുമാനിക്കുമെന്നാണ് DMK നേതാവ് കനിമൊഴി കരുണാനിധിയുടെ പ്രതികരണം.









