കൊച്ചി: മണ്ഡല പുനർനിർണയ ബില്ലിനെ എതിർക്കാൻ ആഹ്വാനമുമായി NCP SP വർക്കിംഗ് പ്രസിഡന്റ്പി. സി. ചാക്കോ. എൻസിപി ഇന്ത്യാ സഖ്യത്തിന് ഒപ്പം നിൽക്കണമെന്ന് PC ചാക്കോ വ്യകത്മാക്കി. മണ്ഡല പുനർനിർണയത്തെ എൻസി പിന്തുണയ്ക്കരുത്. വനിതാ സംവരണ ലക്ഷ്യത്തെ പൂർണ്ണമായും പിന്തുണയ്ക്കുന്നു.
കൂടിയാലോചനകൾ, സമവായം, സുരക്ഷാ സംവിധാനങ്ങൾ എന്നിവയില്ലാതെ മണ്ഡല പുനർനിർണയം നടപ്പാക്കരുത്. രാഷ്ട്രീയ സൗകര്യത്തിനല്ല, രാഷ്ട്രീയ ബോധ്യത്തിനുള്ള നിമിഷമാണിത്. നിർദ്ദിഷ്ട നിയമനിർമ്മാണത്തെ എതിർക്കാൻ ശക്തമായി അഭ്യർത്ഥിക്കുന്നു. എൻസിപി ഭരണഘടനാ തത്വങ്ങളുടെയും ജനാധിപത്യ മൂല്യങ്ങളുടെയും ഇന്ത്യയിലെ ജനങ്ങളുടെയും പക്ഷത്ത് നിൽക്കണമെന്നും പി സി ചാക്കോ ആഹ്വാനം ചെയ്തു.
പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന്റെ തുടര്‍ച്ചയായി പ്രത്യേക സമ്മേളനം ഈ മാസം 30 മുതല്‍ ചേരാന്‍ തീരുമാനിച്ചിരിക്കെ, നിര്‍ണായക കേന്ദ്രമന്ത്രിസഭാ യോഗം നാളെ ചേരും. മണ്ഡല പുനര്‍ നിര്‍ണയ ബില്‍ മന്ത്രിസഭായോഗം അംഗീകരിച്ചേക്കും.
നിലവില്‍ 543 ലോക്സഭ സീറ്റുകളുള്ളത്, മണ്ഡല പുനര്‍ നിര്‍ണയത്തിലൂടെ 850 ആക്കി വര്‍ധിപ്പിക്കുക, വര്‍ധിക്കുന്ന സീറ്റുകളില്‍ 33 ശതമാനം വനിതകള്‍ക്ക് സംവരണം ചെയ്യുക എന്നതാണ് കേന്ദ്രസര്‍ക്കാര്‍ വിഭാവനം ചെയ്തിട്ടുള്ളത്. അതില്‍ മാറ്റം വേണമോയെന്നതില്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനിക്കും. പ്രതിപക്ഷത്തെ ഭിന്നത മുതലെടുക്കാനാണ് ബിജെപിയുടെ ശ്രമം.
കോണ്‍ഗ്രസുമായി ഇടഞ്ഞു നില്ക്കുന്ന തമിഴ്നാട്ടിലെ ഡിഎംകെ, എന്‍സിപി ശരദ് പവാര്‍ വിഭാഗം, വൈഎസ്ആര്‍ കോണ്‍ഗ്രസ് തുടങ്ങിയ പാര്‍ട്ടികളുമായി ബിജെപി നേതൃത്വം ഇതിനോടകം കൂടിയാലോചനകള്‍ നടത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. എന്‍സിപി ശരദ് പവാര്‍ വിഭാഗം നേതാവ് സുപ്രിയ സുലെ മണ്ഡല പുനര്‍ നിര്‍ണയ ബില്ലിനെ അനുകൂലിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
നിലവില്‍ ഭരണപക്ഷമായ എന്‍ഡിഎയ്ക്ക് (NDA) ലോക്സഭയില്‍ 320 അംഗങ്ങളാണുള്ളത്. അതിനാല്‍ ഭരണഘടനാ ഭേദഗതി പാസാക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണ കൂടി ആവശ്യമായി വരും. ഏപ്രില്‍ 17-ന് ലോക്സഭയില്‍ ബില്‍ പരാജയപ്പെട്ടതിന് ശേഷം രാഷ്ട്രീയ സാഹചര്യങ്ങളില്‍ മാറ്റം വന്നിട്ടുണ്ട്. പ്രതിപക്ഷ നിരയില്‍ നിന്ന് 26 എംപിമാര്‍ മാറിയ സാഹചര്യമാണ്.
എല്ലാ കേന്ദ്രമന്ത്രിമാരും ഡല്‍ഹിയില്‍ ഉണ്ടാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞദിവസം നിര്‍ദേശം നല്‍കിയിരുന്നു. വിദേശയാത്രകള്‍ ഒഴിവാക്കാനും, ഡല്‍ഹിക്ക് പുറത്തുള്ള കേന്ദ്രമന്ത്രിമാര്‍ നാളത്തെ പരിപാടികളെല്ലാം റദ്ദാക്കി തലസ്ഥാനത്തെത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. എസ്ആആറുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങള്‍ തണുത്തതായും കേന്ദ്രസര്‍ക്കാര്‍ വിലയിരുത്തുന്നു.







