രക്തസാക്ഷിഫണ്ട് വെട്ടിച്ച എം എല്‍ എയ്‌ക്കെതിരെ സി പി ഐ എമ്മില്‍ പ്രതിഷേധം ശക്തമാവുന്നു. പയ്യന്നൂര്‍ എം എല്‍ എ ടി ഐ മധുസൂദനനെതിരെയാണ് ആരോപണം ശക്തമായിരിക്കുന്നത്. ആര്‍ എസ് എസുക്കാരാല്‍ കൊല്ലപ്പെട്ട ധനരാജിന്റെ കുടുംബ സഹായ ഫണ്ട് വെട്ടിച്ചെന്ന ആരോപണമാണ് പാര്‍ട്ടിയെ വെട്ടിലാക്കിയിരിക്കുന്നത്. പാര്‍ട്ടിക്ക് ഏറ്റവും സ്വാധീനമുള്ള പയ്യന്നൂര്‍ മണ്ഡലത്തില്‍ ഫണ്ട് വെട്ടിപ്പ് വിവാദം തിരിച്ചടിയുണ്ടാക്കുമെന്ന ആശങ്കയിലാണ് പാര്‍ട്ടിയിലെ ഒരുവിഭാഗം. ടി ഐ മധുസൂദനന്‍ രണ്ടാം വട്ടവും പയ്യന്നൂരില്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയാവാനുള്ള തയ്യാറെടുപ്പുകള്‍ നടക്കവേയാണ് മുന്‍ ഏരിയാ സെക്രട്ടറിയും കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗവുമായ വി കുഞ്ഞികൃഷ്ണന്‍ ഗുരുതരമായ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.ആരോപണ വിധേയനായ ടി ഐ മധുസൂദനന്‍ വീണ്ടും മത്സരിക്കാന്‍ തുനിഞ്ഞാല്‍ അതിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ച് രംഗത്തിറങ്ങുമെന്നാണ് വി കുഞ്ഞികൃഷ്ണന്‍ വ്യക്തമാക്കുന്നത്. പാര്‍ട്ടി വിടില്ലെന്ന് വ്യക്തമാക്കുമ്പോഴും തിരുത്തല്‍ ശക്തിയായി മാറുമെന്നാണ് കുഞ്ഞികൃഷ്ണന്‍ പറയുന്നത്. മറ്റൊരു പാര്‍ട്ടിയിലേക്കും പോവില്ലെന്ന് പറയുമ്പോഴും, ടി ഐ മധുസൂദനനെതിരെ വിമത സ്ഥാനാര്‍ഥിയായി രംഗത്തിറങ്ങാനുള്ള സാധ്യതയും പാര്‍ട്ടി നേതൃത്വം മുന്നില്‍ കാണുന്നുണ്ട്. യു ഡി എഫിന് തീരെ ശക്തിയില്ലാത്ത മണ്ഡലമാണ് പയ്യന്നൂര്‍. എന്നാല്‍ വി കുഞ്ഞികൃഷ്ണനെ യു ഡി എഫ് പിന്തുണച്ചാല്‍ സ്ഥിതി മറിച്ചാവും. ഇത് ഒഴിവാക്കാനുള്ള നീക്കത്തിലാണ് പാര്‍ട്ടി.
വി കുഞ്ഞികൃഷ്ണന്‍ എഴുതിയ പുസ്തകം ഈ മാസം റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. അണികള്‍ നേതൃത്വത്തെ തിരുത്തണം എന്നാണ് പുസ്തകത്തിന് നല്‍കിയിരിക്കുന്ന പേര്. കുഞ്ഞികൃഷ്ണന്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞതിലും കൂടുതല്‍ വിവരങ്ങള്‍ പുസ്തകത്തില്‍ ഉണ്ടെന്നാണ് ലഭിക്കുന്ന വിവരം. സി പി ഐ എമ്മിലെ മറ്റു ചില നേതാക്കള്‍ക്കെതിരെയും പുസ്തകത്തില്‍ ആരോപണമുണ്ടെന്നാണ് ലഭ്യമായത്. ഭൂമാഫിയയുമായുള്ള ബന്ധം, ബിനാമി ഇടപാടുകള്‍, തുടങ്ങിയ നിരവധി ആരോപണങ്ങളാണ് പുസ്തകത്തിലെ ഉള്ളടക്കം.
മാധ്യമങ്ങള്‍ക്കുമുന്നില്‍ കുഞ്ഞികൃഷ്ണന്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് തള്ളിക്കളയുകയാണ്. എന്നാല്‍ വി കുഞ്ഞികൃഷ്ണന്റെ വെളിപ്പെടുത്തലുകള്‍ അന്വേഷിക്കണമെന്നും, ടി ഐ മധുസൂദനനെ പാര്‍ട്ടി നേതൃത്വത്തില്‍ നിന്നും മാറ്റി നിര്‍ത്തണമെന്നും ആവശ്യം പാര്‍ട്ടിയിലും ശക്തമാവുകയാണ്. ആരോപണ വിധേയനായ ടി ഐ മധുസൂദനനെ ഇത്തവണ പയ്യന്നൂരില്‍ മത്സരിപ്പിക്കരുതെന്ന ആവശ്യവും പാര്‍ട്ടിയില്‍ ഉയരുന്നുണ്ട്. പരാതിയില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പുതിയ കമ്മീഷനെ വെക്കണമെന്ന ആവശ്യവും പാര്‍ട്ടിയില്‍ ശക്തമാണ്. എന്നാല്‍ പുതിയ അന്വേഷണ കമ്മീഷന്‍ എന്ന നിര്‍ദേശത്തെ വി കുഞ്ഞികൃഷണ്ന്‍ തള്ളിയ സാഹചര്യത്തില്‍ പാര്‍ട്ടി എന്തു നിലപാട് സ്വീകരിക്കുമെന്ന് വ്യക്തമല്ല. സി പി ഐ എം കണ്ണൂര്‍ ജില്ലാ കമ്മിറ്റി ടി ഐ മധുസൂദനന് പിന്തുണ പ്രഖ്യാപിച്ച സാഹചര്യത്തില്‍ വി കുഞ്ഞികൃഷ്ണനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാനുള്ള സാധ്യത വര്‍ധിച്ചിരിക്കയാണ്.നാളെ തിരുവനന്തപുരത്ത് നടക്കുന്ന പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയോഗത്തില്‍ ഇതുസംബന്ധിച്ചുള്ള തീരുനമാനം ഉണ്ടാവും. വി കുഞ്ഞികൃഷ്ണന്‍ എതിരാളികളുടെ കോടാലിക്കൈ ആയെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ ആദ്യപ്രതികരണം. പാര്‍ട്ടി അന്വേഷിച്ച് തള്ളിക്കളഞ്ഞ ഒരു പരാതിയില്‍ തെളിവുകളൊന്നുമില്ലാതെ വീണ്ടും ഉന്നയിക്കുന്നത് സംശയാസ്പദമാണെന്നാണ് പാര്‍ട്ടി നേതൃത്വം നല്‍കുന്ന വിശദീകരണം. എന്നാല്‍ പയ്യന്നൂരിലെ സി പി ഐ എം അണികളില്‍ വ്യാപകമായ പ്രതിഷേധമാണ് ഉടലെടുത്തിരിക്കുന്നത്. മധുസൂദനനെ വീണ്ടും മത്സരിപ്പിച്ചാല്‍ തിരിച്ചടിയുണ്ടാവുമെന്ന ആശങ്ക പാര്‍ട്ടി കേന്ദ്രങ്ങളില്‍ ശക്തമാണ്.
തദ്ദേശ തിരഞ്ഞെടുപ്പില്‍ പയ്യന്നൂരിലെ കാര വാര്‍ഡില്‍ ഒരു സി പി ഐ എം വിമതന്‍ വിജയിക്കാനുണ്ടായ സാഹചര്യം പാര്‍ട്ടിക്ക് തലവേദനയായി മാറിയിരുന്നു. വിമതന്‍ വിജയിച്ചതിനെ തുടര്‍ന്ന് ചില നേതാക്കള്‍ക്കെതിരെ പാര്‍ട്ടി നടപടികള്‍ തുടരുന്നതിനിടയിലാണ് വി കുഞ്ഞികൃഷ്ണന്റെ വെളിപ്പെടുത്തല്‍. പാര്‍ട്ടി ശക്തികേന്ദ്രങ്ങളില്‍പോലും വിള്ളലുണ്ടാക്കുന്നതാണ് കുഞ്ഞികൃഷ്ണന്റെ വെളിപ്പെടുത്തല്‍.
ടി ഐ മധുസൂദനനെ മാറ്റി നിര്‍ത്തി, മറ്റൊരു പ്രമുഖനെ കളത്തിലിറക്കാനുള്ള ചര്‍ച്ചയും പാര്‍ട്ടി ആരംഭിച്ചതായാണ് പുറത്തുവരുന്ന വിവരം. വി കുഞ്ഞികൃഷ്ണന്‍ പയ്യന്നൂരില്‍ ഏറെ സ്വീകാര്യനാണ്. ഏരിയാ സെക്രട്ടറിയെന്ന നിലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച വി കുഞ്ഞികൃഷ്ണന്‍ കണക്കുകള്‍ പരിശോധിക്കവെയാണ് രക്തസാക്ഷി ഫണ്ടിലടക്കം ലക്ഷങ്ങളുടെ തിരിമറി ശ്രദ്ധയില്‍ പെട്ടതും, പാര്‍ട്ടി ജില്ലാ കേന്ദ്രത്തെ വിവരം അറിയിക്കുകയും ചെയ്തത്. പരാതി നല്‍കിയ വി കുഞ്ഞികൃഷ്ണനെ ഏരിയാ സെക്രട്ടറി സ്ഥാനത്തുനിന്നും മാറ്റുകയായിരുന്നു അന്ന്. ജില്ലാ സെക്രട്ടറിയേറ്റ് അംഗമായിരുന്ന ടി ഐ മധുസൂദനെ പാര്‍ട്ടി നടപടിയുടെ ഭാഗമായി തരം താഴ്ത്തിയിരുന്നു. മാസങ്ങളോളം പാര്‍ട്ടി വേദിയില്‍ നിന്നും വിട്ടുനിന്ന വി കുഞ്ഞികൃഷ്ണനെ പാര്‍ട്ടി സംസ്ഥാന നേതൃത്വം നേരിട്ട് കണ്ട് നേതൃത്വത്തിലേക്ക് തിരിച്ചുവരാനാന്‍ ആവശ്യപ്പെടുകയായിരുന്നു. പിന്നീട് ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് വി കുഞ്ഞികൃഷ്ണന്‍ പാര്‍ട്ടിയില്‍ വീണ്ടും സജീവമായത്.







