സൗദി അറേബ്യയിൽ ഈ വർഷത്തെ ഹജ്ജിനുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു

സൗദി അറേബ്യയിൽ ഈ വർഷത്തെ ഹജ്ജിനുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു.സൌദിയിലുള്ള താമസക്കാര്‍ക്കും വിദേശികള്‍ക്കുമാണ് അപേക്ഷിക്കാനുള്ള അവസരം. ഹജ്ജ് ഉംറ മന്ത്രാലയത്തിന്റെ വെബ്സൈറ്റിലെ https://localhaj.haj.gov.sa/LHB/pages/home.xhtml?dswid=7764 എന്ന ലിങ്ക് വഴിയാണ് ഹജ്ജിന് അപേക്ഷിക്കേണ്ടത്. കോവിഡ് ലക്ഷണമില്ലാത്തവര്‍ക്കെല്ലാം അപേക്ഷ നല്‍കാം. ഇക്കാര്യം ഓണ്‍ലൈന്‍ അപേക്ഷയുടെ തുടക്കത്തില്‍ തന്നെ ചോദിക്കുന്നുണ്ട്. ഇരുപതിനും 65നും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് അപേക്ഷിക്കാനാവുക.

ഹജ്ജിന് മുന്നോടിയായി 14 ദിവസവും ഹജ്ജിന് ശേഷം 14 ദിവസവും ക്വാറന്റൈനില്‍ തുടരണം. മുന്പ് ഹജ്ജ് ചെയ്തവര്‍ക്ക് വീണ്ടും ഹജ്ജ് ചെയ്യാനാകില്ല. കോവിഡ് പ്രശ്നങ്ങള്‍ നില നില്‍ക്കുന്നതില്‍ ഹൃദയ സംബന്ധമായ അസുഖങ്ങള്‍, ഉയര്‍ന്ന ബ്ലഡ് പ്രഷര്‍, ശ്വാസ പ്രശ്നങ്ങള്‍, പ്രമേഹ രോഗികള്‍ എന്നിവര്‍ക്ക് അവസരമുണ്ടാകില്ല. മെഡിക്കല്‍ പരിശോധന പൂര്‍‌ത്തിയാക്കിയാകും പതിനായിരം ഹാജിമാര്‍ക്ക് ഇത്തവണ ഹജ്ജിന് അവസരം. സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഇഖാമ നമ്പറും മൊബൈല്‍ നമ്പറും നല്‍കി ആദ്യ ഘട്ട രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കാം. അന്തിമ പട്ടിക പിന്നീട് തയ്യാറാക്കും. ഓരോ രാജ്യങ്ങളുടേയും എംബസിയുമായി ചേര്‍ന്നാകും പട്ടിക തയ്യാറാക്കുക.

ഇത്തവണത്തെ ഹജ്ജിനുള്ള പ്രോട്ടോകോളും മന്ത്രാലയം ഇന്ന് പുറത്തിറക്കിയിരുന്നു. അവ ഇതാണ്. എട്ട് അനുച്ഛേദങ്ങളുള്ളതാണ് പ്രത്യേക പ്രോട്ടോകോൾ. ഇതനുസരിച്ച് ജൂലൈ 19 മുതൽ മിന, മുസ്‌ദലിഫ, അറഫാത് തുടങ്ങിയ പുണ്യ നഗരങ്ങളിലേക്കുള്ള പ്രവേശനം പെര്മിറ്റുള്ളവർക്ക് മാത്രമായിരിക്കും. രോഗ ലക്ഷണങ്ങൾ ഉള്ളവർക്ക് തീർത്ഥാടനത്തിന് അനുവാദം ലഭിക്കില്ല. എന്നാൽ ഹജ്ജ് നിർവഹിക്കുന്നതിനിടയിൽ രോഗ ലക്ഷണങ്ങൾ കണ്ടാൽ ഡോക്ടർമാരുടെ നിർദേശപ്രകാരം അനുഷ്ടാനങ്ങൾ പൂർത്തീകരിക്കാൻ അനുവദിക്കും.

ഹാജിമാരും തീർത്ഥാടകർക്ക് സേവനം ചെയ്യുന്നവരും മുഴുസമയവും മാസ്‌ക് ധരിച്ചിരിക്കണം. തീർത്ഥാടകർ അനുഷ്ട്രങ്ങൾ നിർവഹിക്കുന്നിടത്തും സമയം ചെലവഴിക്കുന്നിടത്തും അകലം പാലിച്ചിരിക്കണം. തീർത്ഥാടകരെ സ്വീകരിക്കുന്ന സ്ഥലം, താമസ സ്ഥലം, ലഗേജുകൾ കൈമാറുന്ന സമയം, ഭക്ഷണ ശാല, എലിവേറ്റർ, ഇലക്ട്രോണിക് കോണി തുടങ്ങിയ സേവന വേളയിലും കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിരിക്കണം.

ഉപയോഗിക്കുന്ന സാധനങ്ങൾ പങ്കുവെക്കുന്ന രീതിയിൽ ആവരുത്. ബാർബർ ഷാപ്പുകളിൽ ആവശ്യമായ ആരോഗ്യ മുൻകരുതൽ സ്വീകരിച്ചിരിക്കണം. പൊതു സ്ഥലങ്ങൾ, ടോയ്‍ലെറ്റുകൾ, വിശ്രമ സ്ഥലങ്ങൾ എന്നിവ കോവിഡ് നിർദേശമനുസരിച്ച് കണിശമായി ശുദ്ധി വരുത്തണം. കല്ലേറിനുള്ള അണുമുക്ത കല്ലുകളുടെ കിറ്റ് ഹാജിമാർക്ക് നൽകുമെന്നും പ്രോട്ടോകോളിൽ പറയുന്നു.