ഈ വർഷത്തെ ഹജ്ജിന് അപേക്ഷിക്കുവാനുള്ള സമയപരിധി ഇന്ന് അവസാനിക്കും

ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മം നിര്‍വ്വഹിക്കുന്നതിന് അപേക്ഷിക്കുവാനുള്ള സമയപരിധി ഇന്ന് (വെള്ളിയാഴ്ച) അവസാനിക്കും. കഴിഞ്ഞ തിങ്കളാഴ്ച മുതലാണ് ഹജ്ജ് മന്ത്രാലയം അപേക്ഷ ക്ഷണിച്ചത്. സൗദിക്കകത്തുള്ളവര്‍ക്ക് മാത്രമേ ഈ വര്‍ഷം ഹജ്ജ് ചെയ്യാനാകൂ. ആകെ പതിനായിരം തീര്‍ത്ഥാടകര്‍ക്കാണ് ഈ വര്‍ഷം അവസരം. അതില്‍ എഴുപത് ശതമാനവും രാജ്യത്തെ വിദേശികള്‍ക്കാണ് നീക്കിവെച്ചിരിക്കുന്നത്. 30 ശതമാനം മാത്രമായിരിക്കും സ്വദേശികള്‍ക്ക് ലഭിക്കുക. കോവിഡ് പശ്ചാതലത്തില്‍ ആരോഗ്യ കാര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കികൊണ്ടുള്ള കര്‍ശനമായ പെരുമാറ്റച്ചട്ടങ്ങള്‍ നിശ്ചയിച്ചിട്ടുണ്ട്. വിട്ടുമാറാത്ത രോഗങ്ങളില്ലാത്തവരെ മാത്രമേ ഹജ്ജിന് പരിഗണിക്കൂ. കൂടാതെ കോവിഡ് ഇല്ലെന്ന് തെളിയിക്കുന്ന പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റും ഹാജരക്കണം. 20 വയസ്സിന് താഴെയുള്ളവര്‍ക്കും, അമ്പത് വയസ്സിന് മുകളിലുള്ളവര്‍ക്കും ഹജ്ജിന് അനുമതി ലഭിക്കില്ല. localhaj.haj.gov.sa എന്ന ലിങ്ക് വഴിയാണ് ഹജ്ജിന് അപേക്ഷിക്കേണ്ടത്.