Headlines

‘പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട സിപിഐ നിലപാടില്‍ തെറ്റില്ല, അര്‍ഹതപ്പെട്ട ഫണ്ട് വാങ്ങിയെടുക്കണമെന്നാണ് പൊതുനിലപാട്’; ടി പി രാമകൃഷ്ണന്‍

പിഎം ശ്രീ പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് മുന്നണിയ്ക്കുള്ളില്‍ നിന്ന് എതിര്‍പ്പുയരുന്ന ഘട്ടത്തില്‍ വിശദീകരണവുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍. സിപിഐ നിലപാടില്‍ തെറ്റില്ലെന്നും പിഎം ശ്രീയുമായി ബന്ധപ്പെട്ട കേന്ദ്രത്തിന്റെ നയസമീപനത്തോട് യോജിക്കാനാകില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ കേരളത്തിന് അര്‍ഹതപ്പെട്ടത് വാങ്ങിയെടുക്കണമെന്നാണ് തങ്ങള്‍ക്കിടയിലുള്ള പൊതുനിലപാട്. ഈ പൊതുനയത്തില്‍ നിന്നുകൊണ്ട് വകുപ്പുകള്‍ തീരുമാനമെടുക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എസ്എസ്‌കെ നടപ്പിലാക്കാന്‍ സാമ്പത്തിക സഹായം ആവശ്യമുള്ളതിനാല്‍ മറ്റ് മാര്‍ഗങ്ങളില്ലെന്നാണ് ടി പി രാമകൃഷ്ണന്‍ വിശദീകരിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ നിബന്ധന വെക്കുന്നതിനാലാകാം വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഫണ്ടുപയോഗിക്കുന്നതിനുള്ള നിലപാടെടുത്തത്. തമിഴ്‌നാട്ടിലെ അവസ്ഥയല്ല ഇവിടെ. പിഎം ശ്രീയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എല്‍ഡിഎഫ് വിശദമായി പരിശോധിക്കുമെന്നും സമരം ചെയ്യണമെന്ന് പറയുന്നത് പോലെ എളുപ്പമല്ല എസ്എസ്‌കെ ജീവനക്കാര്‍ക്ക് ശമ്പളം ഉള്‍പ്പെടെ നല്‍കാനെന്നും അദ്ദേഹം വ്യക്തമാക്കി.

പേരാമ്പ്ര സംഘര്‍ഷവുമായി ബന്ധപ്പെട്ടും ഇപി ജയരാജന്റെ ഭീഷണിയെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. ഇപി ജയരാജന്‍ പ്രസംഗിച്ചത് കോണ്‍ഗ്രസിന്റെ ഭീഷണി വിലപ്പോകില്ലെന്നാണ്. അവരുടെ ഭീഷണിയെക്കുറിച്ചായിരുന്നു ആ പ്രസംഗമെന്ന് ടിപി രാമകൃഷ്ണന്‍ പറഞ്ഞു. വടകരയില്‍ മുന്‍പും പല ജനപ്രതിനിധികളും ഉണ്ടായിട്ടുണ്ട്. പല സമരങ്ങളും നടന്നിട്ടുണ്ട്. ഒരു എംപി സംഘര്‍ഷ സ്ഥലത്തെത്തിയാല്‍ സമാധാനത്തിനാണ് ശ്രമിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.