എന്‍എസ്എസിന്റെ ചുവടുമാറ്റത്തില്‍ കോണ്‍ഗ്രസിന് ആശങ്കയുണ്ടോ? സമുദൂര സിദ്ധാന്തത്തില്‍ നിന്നും മാറി, പതിവിന് വിപരീതമായി ഇടത് സര്‍ക്കാരിന് എന്‍എസ്എസ് പിന്തുണ പ്രഖ്യാപിച്ചത് കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കള്‍ക്കിടയില്‍ കനത്ത ആശങ്കയുണ്ടാക്കിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയുമായുള്ള അകല്‍ച്ചയാണ് ചില കോണ്‍ഗ്രസ് നേതാക്കളുമായുള്ള ശത്രുത വര്‍ധിപ്പിക്കുന്നതിനിടയാക്കിയതെന്നാണ് നേതാക്കള്‍ കരുതുന്നത്. തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ കാണിക്കേണ്ടിയിരുന്ന ജാഗ്രത നേതൃത്വത്തിന് ഉണ്ടായില്ലെന്നും ഈ നേതാക്കള്‍ വിലയിരുത്തുന്നുണ്ട്. എന്‍എസ്എസുമായുള്ള ഭിന്നതയില്‍ അടിയന്തിരമായി തീര്‍പ്പുണ്ടായില്ലെങ്കില്‍ സ്ഥിതിഗതികള്‍ മോശമാകുമെന്ന് കരുതുന്ന നേതാക്കളാണ് മഞ്ഞുരുകലിനായി ശ്രമിക്കുന്നത്.
കോണ്‍ഗ്രസിന് രാഷ്ട്രീയമായ തിരിച്ചടിക്ക് വിവാദങ്ങള്‍ വഴിവെക്കുമെന്നാണ് നേതാക്കളുടെ വിലയിരുത്തല്‍. ജി സുകുമാരന്‍ നായരുമായുള്ള അഭിപ്രായഭിന്നത ഉടന്‍ പരിഹരിക്കുന്നതിനുള്ള നീക്കം കോണ്‍ഗ്രസിലെ ചില നേതാക്കള്‍ ആരംഭിച്ചിട്ടുണ്ട്. ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ടുള്ള എന്‍എസ്എസിന്റെ നിലപാട് സിപിഐഎമ്മിനോടുള്ള രാഷ്ട്രീയ ഐക്യത്തിന്റെ ഭാഗമായി കാണേണ്ടതില്ലെന്നാണ് രമേശ് ചെന്നിത്തലയടക്കമുള്ളവരുടെ നിലപാട്. ബിജെപിയേയും കോണ്‍ഗ്രസിനേയും സുകുമാരന്‍ നായര്‍ ശക്തമായി വിമര്‍ശിച്ചിരുന്നു. ഇത് വിവാദമായതോടെ സമദൂരത്തില്‍ മാറ്റമൊന്നും ഉണ്ടായിട്ടില്ലെന്ന വിശദീകരണവുമായി രംഗത്തെത്തിയ സുകുമാരന്‍ നായര്‍ എന്‍എസ്എസ് നിലപാട് കടുപ്പിക്കുകയായിരുന്നു. ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ടുള്ള വിയോജിപ്പല്ല എന്‍എസ്എസ് നിലപാടുമാറ്റത്തിന് പിന്നിലെന്നാണ് വ്യക്തമാവുന്നത്. കോണ്‍ഗ്രസില്‍ വിഡി സതീശന്‍ നേടിയിരിക്കുന്ന മേല്‍ക്കൈയാണ് എന്‍എസ്എസിനെ ചൊടിപ്പിച്ചത്. ഇക്കാര്യം സുകുമാരന്‍ നായര്‍ ചില കോണ്‍ഗ്രസ് നേതാക്കളെ അറിയിച്ചിട്ടുണ്ട്. ഇതോടെയാണ് അനുരഞ്ജനത്തിന് നീക്കം തുടങ്ങിയത്.
പ്രതിപക്ഷ നേതാവിന് താത്പര്യമില്ലാതെ എന്തിനാണ് അനുരഞ്ജനമെന്നായിരുന്നു സുകുമാരന്‍ നായരുടെ ചോദ്യം. വിശ്വാസ വിഷയങ്ങളില്‍ അഭിപ്രായം ആരായുന്നതിലും മറ്റും വിമുഖത പ്രകടിപ്പിക്കുന്നതാണ് വിയോജിപ്പിനുള്ള കാരണമായി പറയുന്നെങ്കിലും അഭിപ്രായ ഭിന്നതയ്ക്ക് അടിസ്ഥാനം ന്യൂനപക്ഷ പ്രീണനമാണെന്നാണ് വ്യക്തമാക്കുന്നത്. വീണ്ടും നായര്‍ വിഭാഗത്തിന് താക്കോല്‍ സ്ഥാനമെന്ന ആവശ്യം ഉയര്‍ത്താനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.
രമേശ് ചെന്നിത്തലയുമായി സുകുമാരന്‍ നായര്‍ക്കുണ്ടായിരുന്ന അഭിപ്രായ ഭിന്നത പറഞ്ഞവസാനിപ്പിച്ചത് മാസങ്ങള്‍ക്ക് മുന്‍പായിരുന്നു. ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ ചെന്നിത്തലയെ ഉള്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി നടത്തിയ അഭിപ്രായപ്രകടനമാണ് പിന്നീട് വന്‍ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയത്. ചെന്നിത്തലയുടെ മന്ത്രിസ്ഥാന തര്‍ക്കത്തില്‍ എന്‍എസ്എസ് ഇടപെട്ടതും വിഷയം സാമുദായികമായി ഏറ്റെടുത്തതും, ചെന്നിത്തലയ്ക്കായി പരസ്യമായി രംഗത്തെത്തിയതും യുഡിഎഫിനെ പ്രതിരോധത്തിലാക്കി. ഇതോടെ ചെന്നിത്തല ജി സുകുമാരന്‍ നായരെ വിമര്‍ശിച്ച് രംഗത്തെത്തുകയായിരുന്നു. ഇതാണ് ദീര്‍ഘകാലം ചെന്നിത്തലയെ എന്‍ എസ് എസ് പരിപാടികളില്‍ നിന്നും മാറ്റി നിര്‍ത്താനുണ്ടയ കാരണം.
ആഗോള അയ്യപ്പ സംഗമത്തിന് അനുകൂല നിലപാട് പ്രഖ്യാപിക്കുന്നതുവരെ കോണ്‍ഗ്രസ് നേതാക്കളില്‍ വിഡി സതീശന്‍ ഒഴികെ മറ്റാരുമായും ജി സുകുമാരന്‍ നായര്‍ക്ക് അകല്‍ച്ചയുണ്ടായിരുന്നില്ല. തര്‍ക്കം കൂടുതല്‍ വഷളാക്കാതെ എന്‍എസ്എസ് നേതൃത്വവുമായി സംസാരിച്ച് പരിഹരിക്കാനുള്ള നീക്കത്തിലാണ് കോണ്‍ഗ്രസ്. ഇതിനിടയില്‍, സുകുമാരന്‍ നായര്‍ക്കെതിരെ ചിലയിടങ്ങളില്‍ നടക്കുന്ന പോസ്റ്റര്‍ പ്രതിഷേധത്തിന് പിന്നില്‍ ചില രാഷ്ട്രീയപാര്‍ട്ടികളുണ്ടെന്ന ആരോപണം പുതിയ പോര്‍മുഖം തുറക്കുകയാണ്.
എന്‍എസ്എസിനേയും എസ്എന്‍ഡിപിയേയും ഒരേസമയം ശത്രുപക്ഷത്ത് നിര്‍ത്തുന്നത് രാഷ്ട്രീയമായി തിരിച്ചടിയുണ്ടാക്കുമെന്നാണ് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നത്. എന്‍എസ്എസുമായുള്ള അനുരഞ്ജനത്തിനായി ആരേയും ചുമതലപ്പെടുത്തിയിട്ടില്ലെന്നുള്ള വിഡി സതീശന്റെ പ്രസ്താവനയോടെ ഇരുപക്ഷവും കൂടുതല്‍ അകല്‍ച്ചയിലേക്ക് പോകുമോ എന്ന ആശങ്കയും കോണ്‍ഗ്രസ് നേതൃത്വത്തിനുണ്ട്. താന്‍ ഉന്നയിക്കുന്ന വിഷയങ്ങളില്‍ ചര്‍ച്ച നടക്കണമെന്നാണ് സുകുമാരന്‍ നായര്‍ കോണ്‍ഗ്രസിന് നല്‍കുന്ന വ്യക്തമായ സൂചനകള്‍. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ജി സുകുമാരന്‍ നായരെ തള്ളിപ്പറഞ്ഞതിലുള്ള നീരസം അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.
കോണ്‍ഗ്രസില്‍ നടക്കുന്ന മൂപ്പളിമ പ്രശ്നത്തില്‍ രമേശ് ചെന്നിത്തലയെ പിന്തുണയ്ക്കുന്ന എന്‍എസ്എസ് നേതൃത്വം ശബരിമല വിഷയം ഉയര്‍ത്തി വിഡി സതീശനെതിരെ നീക്കം നടത്തുകയാണെന്നാണ് ഉയരുന്ന ആരോപണം. സര്‍ക്കാരിനെ അനുകൂലിക്കുന്ന സുകുമാരന്‍ നായരുടെ നിലപാടിനെതിരെ വിഡി സതീശന്‍ പരസ്യമായി രംഗത്തുവന്നിരുന്നു.
എന്‍എസ്എസ്, എസ്എന്‍ഡിപി തുടങ്ങിയ സാമുദായിക സംഘടനകള്‍ ഒരേപോലെ ലക്ഷ്യമിടുന്നത് വിഡി സതീശനെയാണ്. കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്റെ മൗനാനുവാദത്തോടെ നടക്കുന്ന ആരോപണമാണ് ഇതെന്നാണ് ചിലരുടെ അഭിപ്രായം. സുകുമാരന്‍ നായരെ നേരില്‍ കണ്ട് കാര്യങ്ങള്‍ ബോധ്യപ്പെടാനായി മുതിര്‍ന്ന നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പെരുന്നയില്‍ എത്തിയതോടെയാണ് വിഷയം വീണ്ടും ചൂടേറിയ ചര്‍ച്ചയായി മാറുന്നത്. ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് ഉടലെടുത്ത തര്‍ക്കമാണ് കോണ്‍ഗ്രസ് – എന്‍എസ്എസ് ബന്ധം വഷളാക്കിയത്. വിഷയത്തില്‍ എന്‍എസ്എസ് സര്‍ക്കാര്‍ അനുകൂല നിലപാടിന് പിന്തുണ പ്രഖ്യാപിച്ചതോടെ പ്രബല വിഭാഗമായ നായര്‍ സര്‍വീസ് സൊസൈറ്റിയും യുഡിഎഫ് വിരുദ്ധ ചേരിയില്‍ എത്തുകയായിരുന്നു. ജി സുകുമാരന്‍ നായരെ നേരില്‍ കണ്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്തുമെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കിയതിനു പിന്നാലെയാണ് തിരുവഞ്ചൂരിന്റെ സന്ദര്‍ശനം എന്നതും ശ്രദ്ധേയമാണ്. സുകുമാരന്‍ നായരുമായി അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്ന മുതിര്‍ന്ന നേതാവ് പിജെ കുര്യനും കഴിഞ്ഞ ദിവസം പെരുന്നയിലെ എന്‍എസ്എസ് ആസ്ഥാനത്ത് എത്തിയിരുന്നു.
രാഷ്ട്രീയം സംസാരിക്കാനായി ആരും തന്നെ കാണാന്‍ വരേണ്ടതില്ലെന്ന് സുകുമാരന്‍ നായര്‍ കഴിഞ്ഞ ദിവസം പരസ്യപ്രസ്താവന നടത്തിയതിന് ശേഷമാണ് ഈ രണ്ട് നേതാക്കളും പെരുന്നയില്‍ എത്തിയത്. ജി സുകുമാരന്‍ നായരെ കാണാന്‍ തിരുവഞ്ചൂര്‍ വന്നത് വ്യക്തിപരമായ ബന്ധത്തിന്റെ പേരിലാണെന്നും, കോണ്‍ഗ്രസിനോടുള്ള എന്‍എസ്എസ് നിലപാടില്‍ മാറ്റമില്ലെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു. തിരുവഞ്ചൂര്‍ അല്ലല്ലോ താനുമായി വിഷയം സംസാരിക്കേണ്ടതെന്നായിരുന്നു സുകുമാരന്‍ നായരുടെ പ്രതികരണം. കോണ്‍ഗ്രസിന്റെ ഉന്നത നേതാക്കള്‍ നേരില്‍ വന്ന് ചര്‍ച്ച ചെയ്യേണ്ട വിഷയമാണിതെന്നുള്ള സൂചനയാണ് സുകുമാരന്‍ നായര്‍ നല്‍കുന്നത്. തന്നെ അംഗീകരിക്കാത്ത വിഡി സതീശനെ താനും അംഗീകരിക്കില്ലെന്നാണ് എസ്എസ്എസ് ജനറല്‍ സെക്രട്ടറി വ്യക്തമാക്കുന്നത്. സിപിഐഎമ്മിനോടുള്ള അടുപ്പമല്ല, മറിച്ച് പ്രതിപക്ഷനേതാവ് വിഡി സതീശനെ രാഷ്ട്രീയമായി ക്ഷീണിപ്പിക്കാനുള്ള ശ്രമമാണ് സുകുമാരന്‍ നായരുടേത് എന്ന് വ്യക്തം.
നേരത്തെ, കോണ്‍ഗ്രസ് നേതൃത്വവുമായി പിണങ്ങിയ എന്‍എസ്എസിനെ അനുനയിപ്പിക്കാനായി നരസിംഹറാവു നേരിട്ട് എന്‍എസ്എസ് ആസ്ഥാനത്ത് എത്തിയ സന്ദര്‍ഭമുണ്ടായിരുന്നു. അത്തരത്തിലൊരു നീക്കം കോണ്‍ഗ്രസ് ഹൈക്കമാന്റിന്റെ ഭാഗത്തുനിന്നും ചിലപ്പോള്‍ ഉണ്ടായേക്കാം.