മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതരുടെ പുനരധിവാസത്തിന് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച 260. 56 കോടി വയനാടിനുള്ള പ്രത്യേക സഹായമാണോ എന്ന് വ്യക്തമല്ലെന്ന് മന്ത്രി എംബി രാജേഷ്. കേരളത്തിനുള്ള അധിക സഹായമാണോ എന്നതില്‍ സംശയമുണ്ട്. സമാനതകളില്ലാത്ത ദുരന്തത്തില്‍ കേരളത്തിന്റെ ആവശ്യം പ്രത്യേക സഹായമെന്നും മന്ത്രി പറഞ്ഞു.
ഇത് കേരളത്തിനുള്ള അധിക സഹായമാണോ എന്ന കാര്യത്തില്‍ സംശയം തോന്നുന്നുണ്ട്. ദുരന്ത ലഘൂകരണ നിധിയില്‍ നിന്നുള്ള സഹായം എന്ന് പറയുമ്പോള്‍ സാധാരണ ഗതിയില്‍ തന്നെ കേരളത്തിന് അവകാശപ്പെട്ടതാണോ, അതോ വയനാടിനുള്ള പ്രത്യേകമായ അധിക സഹായമാണോ എന്നത് വ്യക്തമല്ല. സമാനതകളില്ലാത്ത ഒരു ദുരന്തമുണ്ടായപ്പോള്‍ അതിന് പ്രത്യേകമായിട്ടുള്ള സഹായമാണ് വേണ്ടത്. അതാണോ എന്നുള്ളത് എനിക്ക് വ്യക്തമായിട്ടില്ല. വിവരങ്ങള്‍ പൂര്‍ണമല്ല – അദ്ദേഹം പറഞ്ഞു.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അധ്യക്ഷതയിലുള്ള ഉന്നതതല സമിതിയുടെ ഇന്നു ചേര്‍ന്ന യോഗമാണ് പണം അനുവദിച്ചത്. കേരളവും അസമും അടക്കമുള്ള ഒന്‍പത് സംസ്ഥാനങ്ങള്‍ക്കായി നാലായിരത്തിലധികം കോടിരൂപയാണ് സമിതി ദുരന്തനിവാരണത്തിനായി അനുവദിച്ചിട്ടുള്ളത്.