പ്രഭാത വാർത്തകൾ

 

🔳സംസ്ഥാനത്തിന്റെ തെക്കന്‍ മലയോര മേഖലയില്‍ ഇന്നലെ രാത്രി വൈകിയും ശക്തമായ മഴ തുടരുന്നു. പമ്പാനദി, മണിമലയാര്‍, അച്ചന്‍കോവിലാര്‍ എന്നീ മൂന്ന് നദികളും അപകട നിലയ്ക്ക് മുകളിലൂടെയാണ് ഒഴുകുന്നത്. ഓമല്ലൂരിലും നരിയാപുരത്തും റോഡില്‍ വെള്ളം കയറി. അച്ചന്‍കോവിലാറ്റില്‍ ജലനിരപ്പ് ഉയര്‍ന്നതോടെയാണ് താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയത്. പമ്പാ നദിയില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ നദിക്ക് സമീപം താമസിക്കുന്നവര്‍ക്ക് ജാഗ്രാതാ നിര്‍ദ്ദേശം നല്‍കി. അതേസമയം ഇടുക്കി ജലാശയത്തില്‍ ജലനിരപ്പ് ഇന്നലെ രാത്രി 10 മണിയോടെ 2396.38 അടിയിലെത്തി. 2396.86 അടിയിലെത്തുമ്പോള്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കും.

🔳കിഴക്കന്‍ കാറ്റിന്റെ സ്വാധീനം കേരളം ഉള്‍പ്പെടയുള്ള തെക്കന്‍ സംസ്ഥാനങ്ങളില്‍ സജീവമാകുന്നതിന്റെ ഭാഗമായി ബുധനാഴ്ചയോടെ വീണ്ടും മഴ ശക്തമാകുമെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. മൂന്ന്-നാല് ദിവസം വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

🔳സംസ്ഥാനത്ത് തുലാവര്‍ഷ കാലയളവില്‍ ലഭിക്കേണ്ട ആകെ മഴയുടെ 84 ശതമാനം മഴയും ആദ്യ 17 ദിവസത്തിനകം പെയ്തതായി കാലാവസ്ഥാ നിരീക്ഷണവകുപ്പ് അറിയിച്ചു. തുലാവര്‍ഷക്കാലമായ ഒക്ടോബര്‍ ഒന്നുമുതല്‍ ഡിസംബര്‍ 31 വരെയുള്ള മൂന്നുമാസംകൊണ്ട് പെയ്യേണ്ട മഴയുടെ പകുതിയലധികവും സംസ്ഥാനത്ത് ഇതിനകം പെയ്തു കഴിഞ്ഞു. തുലാവര്‍ഷക്കാലത്ത് 492 മില്ലിമീറ്ററാണ് ശരാശരി ലഭിക്കേണ്ട മഴ. എന്നാല്‍ ഒക്ടോബര്‍ 17 വരെ ലഭിച്ചത് 412.2 മില്ലിമീറ്റര്‍ മഴയാണ്.

🔳കേരളത്തില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ പ്രളയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തിലെ നിലവിലെ സാഹചര്യം വിലയിരുത്തിയെന്നും എല്ലാവരുടെയും സുരക്ഷയ്ക്കും ക്ഷേമത്തിനും വേണ്ടി പ്രാര്‍ത്ഥിക്കുന്നുവെന്നും അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബത്തെ അനുശോചനം അറിയിക്കുന്നുവെന്നും മോദി ട്വീറ്റ് ചെയ്തു.

🔳കനത്ത മഴയും ഉരുള്‍പൊട്ടലും നാശം വിതച്ച കോട്ടയത്തിന് അടിയന്തര ധന സഹായം. എട്ടു കോടി അറുപത് ലക്ഷം രൂപ സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്നും ജില്ലാ കളക്ടര്‍ക്ക് അനുവദിച്ചു. അടിയന്തര ദുരിതാശ്വസ പ്രവര്‍ത്തനങ്ങള്‍ക്കാണ് പണം അനുവദിച്ചത്. മഴയിലും ഉരുപൊട്ടലിലും കോട്ടയം, മീനച്ചല്‍, കാഞ്ഞിരപ്പള്ളി താലൂക്കുകളില്‍ കനത്ത നാശനഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. 1706 പേരെ മൂന്നു താലൂക്കുകളില്‍ നിന്നും വിവിധ ക്യാമ്പുകളിലേക്ക് മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. സംസ്ഥാനത്ത് കഴിഞ്ഞ ചൊവ്വാഴ്ച മുതല്‍ കാലവര്‍ഷ കെടുതിയില്‍ 35 പേര്‍ മരിച്ചുവെന്ന് സര്‍ക്കാര്‍ അറിയിച്ചു.

🔳ബന്ധുവീട്ടിലെ വിവാഹത്തിന് എത്തിയ കുരുന്നുകളുടെ സന്തോഷത്തിനിടയ്ക്കാണ് കൊക്കയാറില്‍ മരണം ഉരുള്‍പൊട്ടലായി ഇരച്ചെത്തിയത്. കൊക്കയാര്‍ ഉരുള്‍പൊട്ടലില്‍ മരിച്ച ഒരു കുടുംബത്തിലെ അഞ്ചുപേരടക്കം ആറുപേരുടെ മൃതദേഹം കണ്ടെത്തിയപ്പോഴത്തെ കാഴ്ച കണ്ടുനിന്നവര്‍ക്ക് താങ്ങാനാവുന്നതിനും അപ്പുറമായിരുന്നു. തൊട്ടിലില്‍ ഉറങ്ങുന്ന നിലയിലും കെട്ടിപ്പിടിച്ചും കിടക്കുന്ന നിലയിലായിരുന്നു കുട്ടികളുടെ മൃതദേഹം ലഭിച്ചത്. ഭാര്യയും രണ്ട് മക്കളുമടക്കം അടക്കം ഉറ്റവരായ 5 പേരെ നഷ്ടമായ സിയാദ് ദുരന്ത ഭൂമിയിലെ നീറുന്ന കാഴ്ചയായി.

*അമല ബിഎംടി യൂണിറ്റ്*
അമല ഇന്‍സ്റ്റിറ്റിയൂറ്റ് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ബോണ്‍മാരോ ട്രാന്‍സ്‌പ്ലേന്റേഷന്‍ യൂണിറ്റിന് തുടക്കമായി. രക്താര്‍ബുദത്തിനും രക്തസംബന്ധമായ രോഗങ്ങള്‍ക്കും ശാശ്വത പരിഹാരം കാണുന്നതിനായി ആരംഭിച്ച ബോണ്‍മാരോ ട്രാന്‍സ്‌പ്ലേന്റേഷന്‍ യൂണിറ്റിന് ഒക്ടോബര്‍ 14-ാം തിയ്യതി അഭിവന്ദ്യ തൃശൂര്‍ അതിരൂപതാ മെത്രാപൊലീത്താ മാര്‍ ആന്‍ഡ്രൂസ് താഴത്ത് ആശിര്‍വാദ കര്‍മ്മം നിര്‍വഹിച്ചു. ഒക്ടോബര്‍ 15-ാം തിയ്യതി ബഹുമാനപ്പെട്ട റവന്യൂ മന്ത്രി അഡ്വ.കെ.രാജന്‍ ബിഎംടി യൂണിറ്റ് സമുച്ചയം ഉദ്ഘാടനം നിര്‍വഹിച്ചു.
➖➖➖➖➖➖➖➖

🔳സംസ്ഥാനത്ത് വിവിധ ഭാഗങ്ങളില്‍ ഉണ്ടായ ഉരുള്‍പൊട്ടലിനെയും മഴക്കെടുതിയെയും തുടര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനത്തില്‍ വീഴ്ച ഉണ്ടായിട്ടില്ലെന്ന് റവന്യൂമന്ത്രി കെ രാജന്‍. ദുരന്തം അറിഞ്ഞയുടന്‍ രക്ഷാപ്രവര്‍ത്തനം തുടങ്ങി. എന്തെങ്കിലും പാളിച്ചയുണ്ടായോ എന്ന് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് കഴിഞ്ഞ ആറ് ദിവസത്തിനുള്ളില്‍ മഴക്കെടുതിയില്‍ 35 പേര്‍ മരിച്ചെന്നാണ് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നത്. കോട്ടയത്ത് 13 പേരും ഇടുക്കിയില്‍ ഒന്‍പതും മലപ്പുറത്ത് മൂന്ന് പേരും ആലപ്പുഴയിലും കണ്ണൂരും രണ്ടുപേര്‍ വീതവും കൊല്ലം, പത്തനംതിട്ട, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ ഓരോരുത്തരുമാണ് മരിച്ചത്.

🔳മഴക്കെടുതിയില്‍ കെഎസ്ഇബിക്ക് പന്ത്രണ്ടര കോടിയുടെ നഷ്ടമുണ്ടായെന്ന് വിലയിരുത്തല്‍. മഴക്കെടുതിയില്‍ 11 കെവി ലൈനുകളും ട്രാന്‍സ്ഫോര്‍മറുകളും ഉള്‍പ്പെടെ നശിച്ചാണ് വലിയ നാശനഷ്ടമുണ്ടായത്. ഇത് യുദ്ധകാലാടിസ്ഥാനത്തില്‍ പരിഹരിക്കും. മൂന്നരലക്ഷം കണക്ഷനുകളാണ് തടസ്സപ്പെട്ടത്. ഇതില്‍ രണ്ടരലക്ഷത്തോളം കണക്ഷനുകള്‍ പുനസ്ഥാപിച്ചു. മഴ ഏറെ നാശം വിതച്ച മേഖലകളില്‍ ഉള്‍പ്പെടെ ഒരു ലക്ഷത്തോളം കണക്ഷനുകള്‍ പുനസ്ഥാപിക്കാനുണ്ട്. രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാകുന്ന മുറയ്ക്ക് ഈ കണക്ഷനുകള്‍ പുനസ്ഥാപിക്കും.

🔳ഇടുക്കി, ഇടമലയാര്‍, കക്കി ഡാമുകള്‍ ഉടന്‍ തുറക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ വിലയിരുത്തല്‍. വൈദ്യുതി മന്ത്രി കൃഷ്ണന്‍കുട്ടിയുടെ നേതൃത്വത്തില്‍ വൈദ്യുതി ബോര്‍ഡ് സിഎംഡി വിളിച്ച യോഗത്തിലാണ് തീരുമാനം. വൃഷ്ടിപ്രദേശത്ത് മഴ കുറഞ്ഞതിനാല്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നാണ് യോഗം വിലയിരുത്തിയത്.

🔳കാലവര്‍ഷക്കെടുതികള്‍ കണക്കിലെടുത്ത് സംസ്ഥാനത്ത് ഇന്നും നാളെയും കോളേജുകള്‍ക്ക് അവധി. കോളേജുകള്‍ പൂര്‍ണ്ണമായി തുറന്ന് പ്രവര്‍ത്തിക്കുന്നത് ഈ മാസം 20 ലേക്ക് മാറ്റി. പ്ലസ് വണ്‍ പരീക്ഷകള്‍ക്കൊപ്പം വിവിധ സര്‍വകലാശാലകള്‍ ഇന്ന് നടത്താനിരുന്ന പരീക്ഷകളും മാറ്റി. പ്ലസ് വണ്‍ പരീക്ഷയുടെ പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ശബരിമല തീര്‍ത്ഥാടനം ഈ മാസം 19 വരെ അനുവദിക്കില്ല.

🔳കോട്ടയത്തും പാലായിലും കനത്ത മഴയേത്തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങളേക്കുറിച്ച് വര്‍ഗീയ പരാമര്‍ശത്തോട് കൂടിയുള്ള പോസ്റ്റിനെതിരെ നിയമനടപടിക്കൊരുങ്ങി കെ ടി ജലീല്‍ എംഎല്‍എ. കെ ടി ജലീലിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിന്റെ പേരില്‍ നടക്കുന്ന പ്രചാരണത്തേക്കുറിച്ച് ജലീല്‍ തന്നെയാണ് പ്രതികരിച്ചത്. ഒരു സമുദായത്തെ അപകീര്‍ത്തിപ്പെടുത്തിയതിന് ലഭിച്ച ശിക്ഷയാണ് പാലായില്‍ പെയ്തിറങ്ങിയ ദുരിതം എന്ന ഉള്ളടക്കത്തോടെ തന്റെ ഫേസ്ബുക്ക് പേജിന്റെ പേരില്‍ നടക്കുന്ന പ്രചാരണത്തിന്റെ ചിത്രവും ജലീല്‍ ഫേസ്ബുക്കില്‍ പങ്കുവച്ചു.

🔳രാജ്യത്ത് ഇന്നലെ സ്ഥിരീകരിച്ച 14,284 കോവിഡ് രോഗികളില്‍ 7,555 രോഗികള്‍ കേരളത്തില്‍. ഇന്നലെ രേഖപ്പെടുത്തിയ 165 മരണങ്ങളില്‍ 74 മരണങ്ങളാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്തെ 1,83,885 സജീവരോഗികളില്‍ 87,657 രോഗികള്‍ കേരളത്തിലാണുള്ളത്.

🔳വി ഡി സവര്‍ക്കര്‍ മാപ്പ് അപേക്ഷ എഴുതിയത് മഹാത്മാ ഗാന്ധി ആവശ്യപ്പെട്ടത് പ്രകാരമെന്ന പ്രസ്താവനകളെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ചരിത്രം നിഷേധിക്കുന്നവര്‍ക്കും ചരിത്രം സ്വയം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നവര്‍ക്കും നുണകള്‍ പടച്ചുവിടാന്‍ ഒരു മടിയുമില്ല. ജയിലില്‍ കിടക്കാന്‍ പ്രയാസമുള്ളത് കൊണ്ടാണ് മാപ്പ് എഴുതിക്കൊടുക്കാന്‍ സവര്‍ക്കര്‍ തയ്യാറായതെന്നും കേരളത്തില്‍ പൗരത്വ നിയമം നടപ്പിലാക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

🔳കേരളത്തില്‍ ബിജെപിയും കോണ്‍ഗ്രസും വോട്ടുകച്ചവടം നടത്തിയെന്ന് ബിജെപിയുടെ മുതിര്‍ന്ന നേതാവും മുന്‍ എംഎല്‍എയുമായ ഒ രാജഗോപാല്‍. രാജഗോപാലിന്റെ ആത്മകഥയായ ജീവിതാമൃതത്തിലാണ് വിവാദ വെളിപ്പെടുത്തല്‍.

🔳പേരാവൂര്‍ ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ സിപിഎം ലോക്കല്‍ സെക്രട്ടറി എ. പ്രിയനെ മാറ്റി. ഞായറാഴ്ച ചേര്‍ന്ന നെടുമ്പോയില്‍ ലോക്കല്‍ സമ്മേളനത്തിലാണ് തീരുമാനം. പി പ്രഹ്‌ളാദനെ പുതിയ സെക്രട്ടറിയായി തെരഞ്ഞെടുത്തു. ആരോപണത്തിന്റെ അടിസ്ഥാനത്തിലല്ല മാറ്റമെന്ന് സിപിഎം വിശദീകരിച്ചു. ചിട്ടി തട്ടിപ്പ് നടന്ന സമയത്തെ ഭരണസമിതി പ്രസിഡന്റ് ആയിരുന്നു പ്രിയന്‍.

🔳ഉത്തര്‍പ്രദേശില്‍ അപ്രതീക്ഷിത രാഷ്ട്രീയ നീക്കങ്ങള്‍. പ്രധാനപ്രതിപക്ഷമായ സമാജ് വാദി പാര്‍ട്ടി എംഎല്‍എയെ ബിജെപി പിന്തുണയോടെ ഡെപ്യൂട്ടി സ്പീക്കറായി തെരഞ്ഞെടുക്കും. എസ്പി എംഎല്‍എ നിതിന്‍ അഗര്‍വാളിനെയാണ് ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തേക്ക് ബിജെപി പിന്തുണച്ചത്. നരേന്ദ്ര വെര്‍മ എംഎല്‍എയെയാണ് എസ്പി ഔദ്യോഗികമായി സ്ഥാനാര്‍ത്ഥിയായി നിര്‍ത്തിയത്. എന്നാല്‍ നിതിന്‍ അഗര്‍വാളിനെ മുന്നില്‍ നിര്‍ത്തി ബിജെപി പിന്തുണ നല്‍കുകയായിരുന്നു. യുപിയില്‍ പരമ്പാരഗതമായി പ്രധാന പ്രതിപക്ഷ പാര്‍ട്ടിക്കാണ് ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം ലഭിക്കുക. ഉത്തര്‍പ്രദേശില്‍ ജനാധിപത്യത്തെ അട്ടിമറിക്കാന്‍ ബിജെപി ശ്രമിക്കുകയാണെന്ന് എസ്പി ആരോപിച്ചു.

🔳ഗുജറാത്തില്‍ നിന്ന് അയോധ്യ സന്ദര്‍ശിക്കുന്ന ആദിവാസികള്‍ക്ക് 5000 രൂപ പ്രഖ്യാപിച്ച് സംസ്ഥാന മന്ത്രി. വിനോദ സഞ്ചാരം, തീര്‍ത്ഥാടന വകുപ്പ് മന്ത്രി പൂര്‍ണേഷ് മോദിയാണ് പ്രഖ്യാപനം നടത്തിയത്. ആദിവാസി ഭൂരിപക്ഷ ജില്ലയായ ദാങ്‌സ് ജില്ലയിലെ ശബരിധാമില്‍ ദസറയോടനുബന്ധിച്ച് നടന്ന പരിപാടിയിലാണ് മന്ത്രിയുടെ പ്രഖ്യാപനം. ദ വീക്ക് ഓണ്‍ലൈനാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

🔳പഞ്ചാബില്‍ അടുത്തവര്‍ഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രചാരണത്തിനായി 13 വിഷയങ്ങള്‍ സൂചിപ്പിച്ച് പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നവജ്യോത് സിങ് സിദ്ദു കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്ക് കത്തയച്ചു. പഞ്ചാബ് സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട മുന്‍ഗണനാമേഖലകള്‍ വ്യക്തമാക്കിക്കൊണ്ടാണ് കത്ത്. തെറ്റുതിരുത്താനും ഉയിര്‍ത്തെഴുന്നേല്‍പ്പിനുമുള്ള അവസാന അവസരമാണിതെന്നും സിദ്ദു ചൂണ്ടിക്കാട്ടുന്നു.

🔳അഫ്ഗാന്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ വേണ്ടി വിവിധ രാജ്യങ്ങളുടെ ഉന്നതതല സുരക്ഷാ ഉദ്യോഗസ്ഥരുടെ യോഗം വിളിക്കാനൊരുങ്ങി ഇന്ത്യ. റഷ്യ, ചൈന, യുഎസ് അടക്കമുള്ള രാജ്യങ്ങള്‍ യോഗത്തില്‍ പങ്കെടുത്തേക്കുമെന്നാണ് വിവരം. നവംബര്‍ രണ്ടാം വാരത്തിലായിരിക്കും യോഗം നടക്കുക എന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

🔳കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഇന്ധനം വാങ്ങാന്‍ ശ്രീലങ്ക ഇന്ത്യയോട് പണം കടം ചോദിച്ചെന്ന് റിപ്പോര്‍ട്ട്. വിദേശ വിനിമയ പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്നാണ് ശ്രീലങ്ക സഹായത്തിനായി ഇന്ത്യയെ സമീപിച്ചത്. അടുത്ത ജനുവരി വരേക്കുള്ള ഇന്ധനം മാത്രമേയുള്ളൂവെന്ന് ഊര്‍ജമന്ത്രി ഉദയ ഗമ്മന്‍പില മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് റിപ്പോര്‍ട്ട് പുറത്തുവന്നത്. ശ്രീലങ്കന്‍ സര്‍ക്കാറിന്റെ ഉടമസ്ഥതിയിലുള്ള സിലോണ്‍ പെട്രോളിയം കോര്‍പറേഷന്‍ രാജ്യത്തെ രണ്ട് പ്രധാന ബാങ്കുകള്‍ക്ക് 3.3 ബില്ല്യണ്‍ ഡോളര്‍ കടമായി നല്‍കാനുണ്ട്.

🔳സൗദി അറേബ്യയില്‍ കൊവിഡിനെ തുടര്‍ന്ന് റദ്ദാക്കിയ വിമാന സര്‍വീസുകളുടെ ടിക്കറ്റ് തുക തിരിച്ചു നല്‍കാന്‍ നിര്‍ദ്ദേശം. ആഭ്യന്തര വിമാന സര്‍വീസുകളിലെ ടിക്കറ്റു തുകയാണ് തിരിച്ചു നല്‍കുക. ഇത് സംബന്ധിച്ച് സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റി രാജ്യത്തെ ആഭ്യന്തര വിമാന കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ടിക്കറ്റ് റദ്ദാക്കേണ്ടി വന്നവര്‍ക്ക് വ്യവസ്ഥകള്‍ പ്രകാരം തുക മടക്കി നല്‍കാനാണ് തീരുമാനം.

🔳സിനിമാ ചിത്രീകരണത്തിനായി ബഹിരാകാശത്തേക്ക് പോയ റഷ്യന്‍ സംഘം തിരിച്ചെത്തി. 12 ദിവസം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ തങ്ങിയ സംഘം ഇന്ത്യന്‍ സമയം ഞായറാഴ്ച രാവിലെ പത്ത് മണിയോടെയാണ് കസാഖ്‌സ്താനില്‍ തിരിച്ചിറങ്ങിയത്. ചലഞ്ച് എന്ന് പേരിട്ട സിനിമയുടെ ചിത്രീകരണത്തിനായി റഷ്യന്‍ നടി യൂലിയ പെരെസില്‍ഡും നിര്‍മാതാവും സംവിധായകനുമായ ക്ലിം ഷിപെന്‍കോയുമാണ് ബഹിരാകാശ യാത്ര നടത്തിയത്. ബഹിരാകാശത്ത് നടന്ന ആദ്യ സിനിമാ ചിത്രീകരണമായിരുന്നു ഇത്.

🔳ഇതിഹാസ താരം രാഹുല്‍ ദ്രാവിഡ് മുഖ്യ കോച്ചാകും എന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലും ഇന്ത്യന്‍ സീനിയര്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകര്‍ക്കായി അപേക്ഷ ക്ഷണിച്ച് ബിസിസിഐ. മുഖ്യ പരിശീലകന്‍, ബാറ്റിംഗ് കോച്ച്, ബൗളിംഗ് കോച്ച്, ഫീല്‍ഡിംഗ് കോച്ച് എന്നിവയ്ക്ക് പുറമെ ബെംഗലൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ സ്‌പോര്‍ട്‌സ് സയന്‍സ്/മെഡിസിന്‍ തലവന്‍ സ്ഥാനത്തേക്കും അപേക്ഷകള്‍ ക്ഷണിച്ചതായാണ് ബിസിസിഐയുടെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്.

🔳ടി20 ലോകകപ്പിലെ ആദ്യ യോഗ്യതാ മത്സരത്തില്‍ പാപുവ ന്യൂ ഗിനിയയെ 10 വിക്കറ്റിന് തകര്‍ത്ത് ഒമാന്‍. പാപുവ ന്യൂ ഗിനിയ മുന്നോട്ടുവെച്ച 130 റണ്‍സ് വിജയലക്ഷ്യം 13.4 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ ഒമാന്‍ അടിച്ചെടുത്തു. ഓപ്പണര്‍മാരായ ജതീന്ദര്‍ സിംഗ് 42 പന്തില്‍ 73 റണ്‍സും അഖിബ് ഇല്യാസ് 43 പന്തില്‍ 50 റണ്‍സുമായി പുറത്താകാതെ നിന്നു. നാല് വിക്കറ്റെടുത്ത് പാപുവ ന്യൂ ഗിനിയയെ ചുരുട്ടിക്കെട്ടിയ ഒമാന്‍ നായകന്‍ സീഷാന്‍ മഖ്‌സൂദാണ് കളിയിലെ താരം.

🔳ടി20 ലോകകപ്പിലെ മറ്റൊരു യോഗ്യതാ മത്സരത്തില്‍ ബംഗ്ലാദേശിനെ ആറ് റണ്‍സിന് തകര്‍ത്ത് സ്‌കോട്‌ലന്‍ഡ്. 141 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാ കടുവകള്‍ക്ക് 20 ഓവറില്‍ ഏഴ് വിക്കറ്റിന് 134 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. മൂന്ന് വിക്കറ്റുമായി ബ്രാഡ്‌ലി വീല്‍സും രണ്ട് വിക്കറ്റുമായി ക്രിസ് ഗ്രീവ്‌സും ഓരോരുത്തരെ പുറത്താക്കി ജോഷ് ഡേവിയും മാര്‍ക് വാട്ടുമാണ് ബംഗ്ലാദേശിനെ ഞെട്ടിച്ചത്.

🔳കേരളത്തില്‍ ഇന്നലെ 73,157 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 7555 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ പത്തിന് മുകളിലുള്ള 158 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 211 വാര്‍ഡുകളാണുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 74 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 26,865 ആയി.ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 44 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 7162 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 278 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 71 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 10,773 പേര്‍ രോഗമുക്തി നേടി. ഇതോടെ 87,593 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. വാക്‌സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 93.8 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്‌സിനും, 45.5 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും നല്‍കി.

🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ : തൃശൂര്‍ 998, എറണാകുളം 975, തിരുവനന്തപുരം 953, കോഴിക്കോട് 746, കോട്ടയം 627, കൊല്ലം 604, കണ്ണൂര്‍ 446, മലപ്പുറം 414, പത്തനംതിട്ട 377, ഇടുക്കി 365, പാലക്കാട് 345, ആലപ്പുഴ 303, വയനാട് 271, കാസര്‍ഗോഡ് 131.

🔳രാജ്യത്ത് ഇന്നലെ 14,284 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 19,577 പേര്‍ രോഗമുക്തി നേടി. മരണം 165. ഇതോടെ ആകെ മരണം 4,52,321 ആയി. ഇതുവരെ 3,40,81,049 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 1.83 ലക്ഷം കോവിഡ് രോഗികള്‍.

🔳മഹാരാഷ്ട്രയില്‍ ഇന്നലെ 1,715 പേര്‍ക്കും തമിഴ്നാട്ടില്‍ 1,218 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. മറ്റെല്ലാ സംസ്ഥാനങ്ങളിലും ആയിരത്തില്‍ താഴെ മാത്രം കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ ഇന്നലെ 2,92,704 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ 16,883 പേര്‍ക്കും ഇംഗ്ലണ്ടില്‍ 45,140 പേര്‍ക്കും റഷ്യയില്‍ 34,303 പേര്‍ക്കും തുര്‍ക്കിയില്‍ 24,114 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില്‍ 24.14 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 1.78 കോടി കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ 4,016 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 156 പേരും റഷ്യയില്‍ 997 പേരും മെക്സിക്കോയില്‍ 313 പേരും ഇന്നലെ മരിച്ചു. ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 49.13 ലക്ഷം.

🔳യുപിഐ വിപണിയില്‍ സ്വാധീനം മെച്ചപ്പെടുത്താന്‍ അമ്പരപ്പിക്കുന്ന ഓഫര്‍ വാഗ്ദാനം ചെയ്ത് ഫിന്‍ടെക് കമ്പനികളിലെ പ്രമുഖരായ പേടിഎം. ഒക്ടോബര്‍ 14 ന് തുടങ്ങിയ ഓഫര്‍ വഴി ദിവസവും ഉപഭോക്താക്കള്‍ക്ക് ഒരു ലക്ഷം രൂപ ക്യാഷ്ബാക്ക് കിട്ടുന്ന പദ്ധതിക്കാണ് തുടക്കമിട്ടിരിക്കുന്നത്. പേടിഎം ആപ്പിലൂടെ പണം അയക്കല്‍, ഓണ്‍ലൈന്‍ / ഓഫ്‌ലൈന്‍ പേയ്‌മെന്റുകള്‍, റീചാര്‍ജുകള്‍ തുടങ്ങിയവയിലൂടെ കാഷ്ബാക്ക് നേടാനാവും. പേടിഎം യുപിഐ, പേടിഎം വാലറ്റ്, പേടിഎം പോസ്റ്റ്‌പെയ്ഡ് തുടങ്ങിയവ വഴി ഉത്സവ കാലത്ത് ഓഫറിനും മറ്റുമായി 100 കോടി രൂപയാണ് കമ്പനി നീക്കിവെച്ചിരിക്കുന്നത്. ഇത് പ്രകാരം നവംബര്‍ 14 വരെ ദിവസവും 10 ഭാഗ്യവാന്മാര്‍ക്ക് ഒരു ലക്ഷം രൂപ വീതം നേടാന്‍ അവസരമുണ്ട്. പുറമെ 10000 പേര്‍ക്ക് 100 രൂപ വീതം കാഷ്ബാക്ക് ലഭിക്കും.

🔳ധനുഷ് നായകനാകുന്ന പുതിയ ചിത്രമാണ് നാനെ വരുവേന്‍. നാനെ വരുവേന്‍ എന്ന ചിത്രം സംവിധാനം ചെയ്യുന്നത് ധനുഷിന്റെ സഹോദരന്‍ സെല്‍വരാഘവനാണ്. മേയാത മാന്‍ എന്ന ചിത്രത്തിലൂടെ തമിഴകത്ത് എത്തിയ ഇന്ദുജയാണ് ധനുഷിന്റെ നായികയാകുക. ബിഗില്‍ എന്ന തമിഴ് ചിത്രത്തിലും മികച്ച കഥാപാത്രമായിരുന്നു ഇന്ദുജയ്ക്ക്. യുവാന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. ചിത്രം 2022 വേനലവധിക്കാലത്ത് തിയറ്ററുകളിലെത്തും.

🔳’ബാറ്റ്മാന്‍’ ഫ്രാഞ്ചൈസിയിലെ ഏറ്റവും പുതിയ ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്തെത്തി. മാറ്റ് റീവ്സ് സഹരചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തില്‍ ടൈറ്റില്‍ റോളിലെത്തുന്നത് റോബര്‍ട്ട് പാറ്റിന്‍സണ്‍ ആണ്. വിതരണക്കാരായ വാര്‍ണര്‍ ബ്രദേഴ്സ് തങ്ങളുടെ യുട്യൂബ് ചാനലിലൂടെ പുറത്തിറക്കിയ ട്രെയ്ലറിന് ഇതിനകം ലഭിച്ചിരിക്കുന്ന കാഴ്ചകള്‍ 1.1 കോടിയിലേറെയാണ്. ഗോഥം നഗരത്തിലെ അഴിമതികള്‍ വെളിച്ചത്തുകൊണ്ടുവരുന്നതിനൊപ്പം ‘റിഡ്ലര്‍’ എന്ന പേരില്‍ അറിയപ്പെടുന്ന പരമ്പര കൊലപാതകിക്ക് എതിരാളിയാവേണ്ട മിഷനുമുണ്ട് പുതിയ ചിത്രത്തില്‍ ബാറ്റ്മാന്. 2022 മാര്‍ച്ച് 4 ആണ് പുതിയ റിലീസ് തീയതി.

🔳ഇറ്റാലിയന്‍ ഇരുചക്ര വാഹന ബ്രാന്‍ഡായ ഡ്യുക്കാറ്റിയുടെ പുതിയ സ്‌ക്രാംബ്ലര്‍ 1100 ട്രിബ്യൂട്ട് പ്രോ, സ്‌ക്രാംബ്ലര്‍ 800 അര്‍ബന്‍ മോട്ടോര്‍ഡ് എന്നീ മോഡലുകളെ അവതരിപ്പിച്ചു. പുതിയ ഡ്യുക്കാട്ടി സ്‌ക്രാംബ്ലര്‍ 1100 ട്രിബ്യൂട്ട് പ്രോയും സ്‌ക്രാംബ്ലര്‍ 800 അര്‍ബന്‍ മോട്ടോര്‍ഡും നവംബറില്‍ യൂറോപ്പില്‍ വില്‍പ്പനയ്ക്കെത്തും. ഇന്ത്യയില്‍ അടുത്ത വര്‍ഷം തുടക്കത്തോടെ ഇരു ബൈക്കുകളും അവതരിപ്പിക്കാനാണ് സാധ്യത. ഈ പ്രത്യേക മോഡലുകള്‍ക്ക് സാധാരണ മോഡലുകളേക്കാള്‍ വില കൂടുതലായിരിക്കും.

🔳നാമോരോരുത്തരുടേയും ജീവിതത്തോടു കടപ്പെട്ടപുസ്തകം. ജീവിതക്കാഴ്ച്ചകളെയും അതിന്റെ പ്രതിസന്ധികളെയും സാന്ദര്യപരമായി മറികടക്കുന്ന രചന.
നാമനുഭവിക്കാത്ത ജീവിതങ്ങളെ അത്രമേല്‍ അനുഭവവേദ്യമാക്കിയ ബെന്യാമിന്റെ ചെറുകുറിപ്പുകള്‍. ‘ഇരുണ്ട വനസ്ഥലികള്‍’. ഒലീവ് പബ്ളിക്കേഷന്‍സ്. വില 130 രൂപ.

🔳അമിത രക്തസമ്മര്‍ദം ഉള്ളവരുടെ മസ്തിഷ്‌കം വേഗത്തില്‍ പ്രായമേറുന്നതായി പുതിയ പഠനം. ഓസ്‌ട്രേലിയന്‍ നാഷണല്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് പഠനം നടത്തിയത്. മിതമായ അളവില്‍ രക്തസമ്മര്‍ദമുള്ളവരുടെ തലച്ചോറിന് യഥാര്‍ത്ഥ പ്രായത്തേക്കാള്‍ കുറഞ്ഞത് ആറുമാസത്തെ പ്രായക്കുറവ് അനുഭവപ്പെടുമെന്നും പഠനത്തില്‍ പറയുന്നു. ഫ്രണ്ടിയേഴ്‌സ് ഇന്‍ ഏജിങ് ന്യൂറോസയന്‍സ് എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്. 44-നും 76-നും ഇടയില്‍ പ്രായമുള്ള 686 പേരിലാണ് പഠനം നടത്തിയത്. പഠനത്തില്‍ പങ്കെടുത്ത അമിത രക്തസമ്മര്‍ദം അനുഭവിക്കുന്നവരില്‍ താരതമ്യേന ആരോഗ്യം കുറഞ്ഞ മസ്തിഷകമാണെന്ന് ഗവേഷകര്‍ സൂചിപ്പിക്കുന്നു. ഇത് ഹൃദ്രോഗം, സ്‌ട്രോക്ക്, മറവിരോഗം എന്നിവ പിടിപെടാനുള്ള സാധ്യത കൂട്ടുമെന്നും ഗവേഷകര്‍ പറയുന്നു. എല്ലാവരും തങ്ങളുടെ രക്തസമ്മര്‍ദം നിലനിര്‍ത്താന്‍ ശ്രമിച്ചാല്‍ അവരുടെ മസ്തിഷ്‌കം കൂടുതല്‍ ചെറുപ്പമായി തോന്നുമെന്നും പഠനം പറയുന്നു.