Headlines

‘INSവിക്രാന്ത് എന്നുകേട്ടാല്‍ പാകിസ്താന് ഉറക്കം നഷ്ടപ്പെടുമായിരുന്നു’;നാവിക സേനാ ഉദ്യോഗസ്ഥര്‍ക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ഐഎന്‍എസ് വിക്രാന്തില്‍ നാവികര്‍ക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സൈനിക വേഷത്തില്‍ ആയിരുന്നു പ്രധാനമന്ത്രി ആഘോഷങ്ങളുടെ ഭാഗമായത്.ഓപ്പറേഷന്‍ സിന്ദൂര്‍ സമയത്ത് ഐഎന്‍എസ് വിക്രാന്ത് എന്ന പേരുകേട്ടാല്‍ പാകിസ്താന് ഉറക്കം നഷ്ടമാകുമായിരുന്നു എന്ന് പ്രധാനമന്ത്രി നാവികസേനാ ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു.

നൂറുകണക്കിന് ധീരരായ നാവികസേനാ ഉദ്യോഗസ്ഥര്‍ക്കൊപ്പം ദീപാവലി ആഘോഷിക്കാന്‍ കഴിഞ്ഞത് ഭാഗ്യമായി കാണുന്നുവെന്നായിരുന്നു ആഘോഷങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത്. ആത്മനിര്‍ഭര്‍ഭാരതത്തിന്റെ പ്രതീകമാണ് ഐഎന്‍എസ് വിക്രാന്ത് എന്നും പ്രധാനമന്ത്രി പറഞ്ഞു. മൂന്ന് സേനകളുടെയും ഏകോപനത്തോടെയുള്ള അസാമാന്യ പ്രകടനമാണ് പാകിസ്താനെ മുട്ടുകുത്തിച്ചത്. ബ്രഹ്‌മോസ് മിസൈലുകള്‍ പാകിസ്താന്റെ ആയുധങ്ങള്‍ തകര്‍ത്തുവെന്നും മോദി പറഞ്ഞു.

മാവോയിസ്റ്റ് മുക്ത ഇന്ത്യ ഉടന്‍ യാഥാര്‍ത്ഥ്യം ആകുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ദീപാവലി ആഘോഷത്തില്‍ പങ്കെടുത്ത പ്രധാനമന്ത്രി സൈനികര്‍ക്ക് മധുരം നല്‍കി.വര്‍ഷങ്ങളായി പ്രധാനമന്ത്രിയുടെ ദീപാവലി ആഘോഷം ഇന്ത്യന്‍ സേനാംഗങ്ങള്‍ക്കൊപ്പമാണ്.