Headlines

ശബരിമലയുമായി ബന്ധപ്പെട്ട ഐതിഹ്യത്തിൽ വാവർക്കും സ്ഥാനമുണ്ട്, ഇത് ആർഎസ്എസ് അംഗീകരിക്കുന്നില്ല: മുഖ്യമന്ത്രി

കണ്ണൂർ: ശബരിമലയെ വലിയ വിവാദമാക്കാൻ സംഘപരിവാർ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശബരിമലയുമായി ബന്ധപ്പെട്ട ഐതിഹ്യത്തിൽ വാവർക്കും പ്രധാന സ്ഥാനമുണ്ട്. ഇത് ആർഎസ്എസ് അംഗീകരിക്കുന്നില്ല. ഒരു മുസ്ലീമിന് എങ്ങനെ അയ്യപ്പന്റെ കഥയിൽ സ്വാധീനം കിട്ടുമെന്ന് സംഘപരിവാർ ചിന്തിക്കുന്നു. അമിത് ഷാ പറയുന്നത് പോലെ ബിജെപിക്ക് നൽകുന്ന ഓരോ വോട്ടും കേരളത്തിന്റെ തനിമയെ തകർക്കാനാണ് ഉപകരിക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു. സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കൊച്ചിയിൽ നടന്ന മലയാള മനോരമയുടെ പരിപാടിയിൽ അമിത് ഷാ ചിലകാര്യങ്ങൾ പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിൽ 25% വോട്ട് നേടുമെന്നും നിയമസഭയിൽ ഭൂരിപക്ഷം നേടുമെന്നും ആയിരുന്നു അത്. അമിത് ഷായുടെ പ്രസ്താവന കേരളം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. നമ്മുടെ സമൂഹത്തിന് നമ്മുടേതായ പ്രത്യേകതകളുണ്ട്. ആർഎസ്എസിന്റെ തത്വശാസ്ത്രം മേധാവിത്വം വഹിച്ചാൽ നമ്മുടെ സമൂഹത്തിന് ഇങ്ങനെ നിൽക്കാനാവില്ല. ആർഎസ്എസിന് മേധാവിത്തം കിട്ടിയാൽ ഓണത്തിന് മഹാബലിയെ നഷ്ടമാകും. വാമനനെ ആണവർക്ക് വേണ്ടതെന്നും പിണറായി പറഞ്ഞു.