Headlines

അറസ്റ്റ് ഉടനില്ല; അനന്തസുബ്രഹ്മണ്യത്തെ വിട്ടയക്കാൻ എസ്ഐടി, കൂടുതൽ ഇടനിലക്കാരെ ചോദ്യം ചെയ്യും

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയുടെ സുഹൃത്ത് അനന്തസുബ്രഹ്മണ്യത്തെ പ്രത്യേകസംഘം ചോദ്യം ചെയ്ത് വിട്ടയക്കും. അറസ്റ്റ് നിലവില്‍ ഉണ്ടാവില്ല എന്നാണ വിവരം. നിലവില്‍ അനന്തസുബ്രഹ്മണ്യത്തെ കൂടാതെ ചില ഇടനിലക്കാരെയും ചോദ്യം നല്‍കി എന്നാണ് വിവരം. അനന്തസുബ്രഹ്മണ്യത്തെ ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പം ഇരുത്തിയാണ് ചോദ്യം ചെയ്തത്. ക്രൈംബ്രാഞ്ച് ആസ്ഥാനത്താണ് ചോദ്യം ചെയ്യൽ. ശബരിമലയിൽ നിന്ന് ദ്വാരപാലക പാളികൾ കൊണ്ടുപോയത് അനന്തസുബ്രഹ്മണ്യമാണെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. അനന്ത സുബ്രഹ്മണ്യം പിന്നീട് പാളികൾ നാഗേഷിന് കൈമാറുകയായിരുന്നു.

അനന്തസുബ്രഹ്മണ്യത്തിന്റെ പങ്കിനെ കുറിച്ച് വിജിലൻസ് റിപ്പോർട്ടിൽ പറയുന്നത് ഇങ്ങനെയാണ് – മഹസർ പ്രകാരം ഇളക്കിയെടുത്ത ലോഹപാളികൾ ഉണ്ണികൃഷ്ണൻ പോറ്റിയെ ഏൽപ്പിച്ചിരിക്കുന്നു എന്ന് മഹസറിൽ കാണിച്ചിട്ടുണ്ടെങ്കിലും, 19/07/2019 ലെ മഹസർ പ്രകാരം യഥാർത്ഥത്തിൽ ഏറ്റുവാങ്ങിയത് ഉണ്ണികൃഷ്ണൻ പോറ്റിയുടെ സുഹൃത്ത് അനന്തസുബ്രഹ്മണ്യം ആണ്. ഉണ്ണികൃഷ്ണൻ പോറ്റിയുടെ പേരിനുനേരെ ഒപ്പിട്ടിരിക്കുന്നത് അനന്തസുബ്രഹ്മണ്യം ആണ്. അതുപോലെ 20/07/2019 ലെ മഹസ്സർ പ്രകാരം ഏറ്റുവാങ്ങിയ ലോഹപാളികളും യഥാർത്ഥത്തിൽ ഏറ്റുവാങ്ങിയത് ഉണ്ണികൃഷ്ണൻ പോറ്റിയുടെ സുഹൃത്ത് കന്നഡ സ്വദേശി ആർ രമേശ് ആണ്. ഉണ്ണികൃഷ്ണൻ പോറ്റി എന്ന പേരിന് നേരെ ഒപ്പിട്ടിരിക്കുന്നത് ആർ രമേശ് ആണ്. ഈ രണ്ടു ദിവസങ്ങളിലും ഉണ്ണികൃഷ്ണൻ പോറ്റി ശബരിമലയിൽ ഇല്ലായിരുന്നു എന്ന് വെളിവായിട്ടുണ്ട്.