ബാങ്ക് വായ്പകൾക്ക് നൽകിയിരുന്ന മൊറട്ടോറിയത്തിന്റെ കാലാവധി ഓഗസ്റ്റ് 31-ന് തീരും. മൊറട്ടോറിയം നീട്ടി നൽകേണ്ടെന്നാണ് റിസർവ് ബാങ്ക് തീരുമാനം. നിലവിലുള്ള വായ്പകൾ പുനഃക്രമീകരിച്ച് രണ്ടുവർഷംവരെ നീട്ടാനും ബാങ്കുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
കോവിഡ് പശ്ചാത്തലത്തിലാണ് വായ്പകൾക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചത്. മാർച്ച് ഒന്നുമുതൽ ഓഗസ്റ്റുവരെ രണ്ടുഘട്ടങ്ങളിലായി ആറ് മാസം മൊറട്ടോറിയം കിട്ടി. വായ്പ തിരിച്ചടവ് നിർത്തിവെയ്ക്കുന്നത് പരിഹാരമല്ലെന്നാണ് വിലയിരുത്തൽ. സെപ്റ്റംബർമുതൽ വായ്പകളുടെ തവണകൾ തിരിച്ചടയ്ക്കേണ്ടിവരും. നിലവിലെ വായ്പകളുടെ കാലാവധി രണ്ടുവർഷംവരെ നീട്ടി പുതുക്കാനാണ് അവസരം കൊടുക്കുക.
അതിനുശേഷം ആറുമാസംകൂടി മൊറട്ടോറിയം കാലത്തെ കുടിശ്ശിക അടയ്ക്കാൻ സാവകാശം കിട്ടും. മൊറട്ടോറിയം കാലത്തെ പലിശ വരുന്ന മാർച്ചിനുള്ളിൽ അടച്ചുതീർത്താൽ മതി.
പൊതുമേഖല, പബ്ലിക് ലിമിറ്റഡ്, സഹകരണ മേഖലയിലുള്ള ബാങ്കുൾക്കെല്ലാം ഈ തീരുമാനം ബാധകമാണ്. ബാങ്കുകളിൽനിന്ന് എടുത്തിട്ടുള്ള എല്ലാ വായ്പകളും പുതുക്കാം. പുതുക്കി നീട്ടുന്ന കാലാവധിക്ക് പലിശ ഉണ്ട്. തിരിച്ചടവിന് ഇന്നുള്ള തവണത്തുകയിൽ കുറവ് ലഭിക്കാനും സാദ്ധ്യത ഉണ്ട്. കഴിഞ്ഞ ഫെബ്രുവരിവരെ വായ്പത്തുക കൃത്യമായി അടച്ചവർക്കാണ് പുതിയ ആനുകൂല്യം കിട്ടുക. കുടിശ്ശിക ഉള്ള വായ്പക്കാർ അത് ക്രമപ്പെടുത്തുന്ന മുറയ്ക്ക് പുതിയ അവസരത്തിന് അർഹരാകും.