സംസ്ഥാനത്തെ ആദ്യ പ്ലാസ്മാ ബാങ്ക് പ്രവർത്തനം ആരംഭിച്ചു. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലാണ് പ്ലാസ്മ ബാങ്ക് ആരംഭിച്ചത്. കൊവിഡിനെ ചെറുക്കുന്ന ആന്റിബോഡി, രോഗം ഭേദമായവരുടെ രക്തത്തിൽ നിന്ന് വേർതിരിച്ചെടുത്ത് കൊവിഡ് രോഗികളെ ചികിത്സിക്കാൻ ഉപയോഗിക്കുമെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
കൊവിഡ് ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലായിരുന്ന രണ്ട് പേർ കൂടി പ്ലാസ്മ ചികിത്സയിലൂടെ രോഗമുക്തി നേടി. ഇവർക്ക് പ്ലാസ്മ നൽകാൻ കൊവിഡ് മുക്തി നേടിയ 22 പേരാണ് ഇന്നലെ മഞ്ചേരി മെഡിക്കൽ കോളജിൽ എത്തിയത്. ഇനിയും ഇരുന്നൂറോളം പേർ പ്ലാസ്മ നൽകാൻ തയ്യാറാണ്. ആലപ്പുഴ മെഡിക്കൽ കോളേജിൽ ഗുരുതരാവസ്ഥയിലുള്ള രോഗിക്ക് കഴിഞ്ഞ ദിവസം മഞ്ചേരിയിൽ നിന്ന് പ്ലാസ്മ എത്തിച്ച് നൽകിയെന്നും മുഖ്യമന്ത്രി അറിയിച്ചു.