120 പടക്കപ്പലുകളും 30 യുദ്ധ വിമാനങ്ങളും സജ്ജം; റഷ്യയെ ഭീഷണിപ്പെടുത്തി നാറ്റോ

 

യുക്രൈനിലെ സൈനിക നടപടി റഷ്യ ഉടൻ അവസാനിപ്പിക്കണമെന്ന് നാറ്റോ. യുക്രൈനിൽ നിന്ന് മുഴുവൻ സൈന്യത്തെയും പിൻവലിക്കണമെന്നാണ് ആവശ്യം. റഷ്യ യൂറോപ്പിന്റെ സമാധാനം തകർത്തിരിക്കുകയാണെന്നും ഭാവിയിൽ വലിയ വില നൽകേണ്ടി വരുമെന്നും നാറ്റോ മുന്നറിയിപ്പ് നൽകി

120 പടക്കപ്പലുകളും 30 യുദ്ധ വിമാനങ്ങളും സജ്ജമാണെന്നും നാറ്റോ സെക്രട്ടറി ജനറൽ സ്‌റ്റോൾട്ടൻ ബർഗ് പറഞ്ഞു. അടിയന്തര സാഹചര്യമുണ്ടായാൽ ഇടപെടുമെന്നും കിഴക്കൻ യൂറോപ്പിലേക്ക് കൂടുതൽ സൈന്യത്തെ അയക്കുമെന്നുമാണ് നാറ്റോയുടെ മുന്നറിയിപ്പ്.

കീവിൽ അതിരൂക്ഷമായ യുദ്ധം മൂന്നാം ദിവസം തുടരുകയാണ്. കീവ് വൈദ്യുതി നിലയത്തിന് സമീപം സ്‌ഫോടനങ്ങൾ സംഭവിച്ചതായി മേയർ അറിയിച്ചു. മൂന്ന് മിനിറ്റിനുള്ളിൽ അഞ്ച് സ്‌ഫോടനശബ്ദം കേട്ടതായാണ് മേയർ അറിയിച്ചത്.

അതേസമയം യുക്രൈനിൽ നിന്നുള്ള പിൻമാറ്റം ആവശ്യപ്പെട്ട് യു എൻ രക്ഷാസമിതിയിൽ അവതരിപ്പിച്ച പ്രമേയം റഷ്യ വീറ്റോ ചെയ്തിരുന്നു. 11 രാജ്യങ്ങൾ അനുകൂലമായി വോട്ട് ചെയ്തു. ഇന്ത്യ, ചൈന, യുഎഇ രാജ്യങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. പ്രമേയം യുഎൻ പൊതുസഭയിൽ അവതരിപ്പിക്കുമെന്ന് അമേരിക്ക അറിയിച്ചു.