Headlines

യൂത്ത് കോൺ​ഗ്രസ് അധ്യക്ഷ സ്ഥാനം; ‘അബിനെ കൂടുതൽ പരിഗണിക്കണമായിരുന്നു, അർഹതയുള്ള വ്യക്തി’; ചാണ്ടി ഉമ്മൻ

അബിൻ വർക്കിയെ പിന്തുണച്ച് ചാണ്ടി ഉമ്മൻ. യൂത്ത് കോൺ​ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് അബിൻ വർക്കിയെ പരി​ഗണിക്കാമായിരുന്നുവെന്ന് ചാണ്ടി ഉമ്മൻ‌ പറഞ്ഞു. അബിൻ അർഹത ഉള്ള വ്യക്തിയാണെന്നും ‌അബിന്റെ വേദന സ്വാഭാവികമാണെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. അബിന്റെ അഭിപ്രായം പരിഗണിച്ചു വേണമായിരുന്നു തീരുമാനം എടുക്കാനെന്ന് അദേഹം പറഞ്ഞു.

എന്താണ് തീരുമാനത്തിന് കാരണം എന്ന് എല്ലാവർക്കും അറിയാമെന്നും ഇപ്പോൾ ഒന്നും പറയാൻ ഇല്ലെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. തിരഞ്ഞെടുപ്പിന് ശേഷം കൂടുതൽ കാര്യങ്ങൾ പറയാമെന്ന് ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു. തന്നോടും സമാനമായ പെരുമാറ്റം ഉണ്ടായി. പിതാവിന്റെ ഓർമ ദിവസം തന്നെ പുറത്ത് ആക്കി. ദേശിയ ഔട്ട്‌ റീച്ച് സെൽ ചുമതലയിൽ നിന്ന് നീക്കിയത് അറിയിക്കാതെയാണെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു.

ദേശിയ ഔട്ട്‌ റീച്ച് സെൽ ചുമതലയിൽ നിന്ന് നീക്കിയത് മാനസികമായി വളരെ വിഷമം ഉണ്ടാക്കി. ഒരു ചോദ്യം പോലും തന്നോട് ചോദിച്ചിട്ടില്ല. തന്നോട് പറഞ്ഞിരുന്നെങ്കിൽ രാജിവച്ച് ഒഴിഞ്ഞേനെ. അപമാനിക്കുന്ന രീതിയിലാണ് പുറത്താക്കിയത്. തന്നെ പുറത്താക്കിയത് ആരാണെന്നും എന്താണ് കാരണമെന്നും എല്ലാവർക്കും അറിയാം. അതാരാണെന്ന് ഇപ്പോൾ പറയുന്നില്ലെന്നും ഒരു ദിവസം ഞാൻ പറയുമെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കി.