തിരുവനന്തപുരം വട്ടിയൂർക്കാവിൽ തൊഴിലാളിയെ ക്രൂരമായി മർദ്ദിച്ച മില്ലുടമ അറസ്റ്റിൽ. തുഷാന്ത് എന്നയാളാണ് പിടിയിലായത്. തന്നെ മൺവെട്ടി കൊണ്ട് വെട്ടുകയും മില്ലിൽ ഉപയോഗിക്കുന്ന ബെൽറ്റ് കൊണ്ട് അടിച്ചെന്നും തമിഴ്നാട് സ്വദേശി ബാലകൃഷ്ണൻ തുറന്നുപറഞ്ഞിരുന്നു.
ശമ്പളം നൽകാതെ രണ്ടുവർഷമായി സ്ഥാപനത്തിൽ നിന്ന് പുറത്തു വിടാതെ ക്രൂരമായി പീഡിപ്പിച്ചു. അക്രമത്തിൽ ഗുരുതരമായി പരുക്കേറ്റ ബാലകൃഷ്ണനെ നാട്ടുകാർ ഇടപെട്ട് മോചിപ്പിച്ച് ആശുപത്രിയിൽ എത്തിച്ചു. രണ്ടുവർഷം മുൻപാണ് തെങ്കാശി സ്വദേശിയായ ബാലകൃഷ്ണൻ വട്ടിയൂർക്കാവിലെ ഫ്ലോർമില്ലിൽ ജോലിക്ക് കയറുന്നത്. അന്നുമുതൽ തുടങ്ങിയ പീഡനമാണ്. ശമ്പളം നൽകാതെ ജോലി ചെയ്യിപ്പിച്ചു. കഴിഞ്ഞ ദിവസം ഭക്ഷണം ചോദിച്ചതിന് ക്രൂരമായി മർദിക്കുകയും ചെയ്തു.
സംഭവമറിഞ്ഞ സ്ഥലത്ത് എത്തിയ നാട്ടുകാർ ബാലകൃഷ്ണൻ്റെ അവസ്ഥ കണ്ടു ഞെട്ടി. ശരീരമാസകലം മുറിവുകൾ. പലതും പഴുത്ത് പൊട്ടിയൊലിച്ച അവസ്ഥയിലാണ്. കൈവിരലുകൾ ഒടിഞ്ഞ് എല്ല് പുറത്തുവന്ന അവസ്ഥയിലായിരുന്നു. ഒടുവിൽ നാട്ടുകാരുടെ ഇടപെട്ട് ബാലകൃഷ്ണനെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ജാമ്യം ലഭിക്കാത്ത വകുപ്പുകൾ ചേർത്താണ് മില്ലുടമ തുഷാന്തിനെ അറസ്റ്റ് ചെയ്തത്.