ഇരട്ട ഗോളുകളുമായി ലുക്കാക്കു; റഷ്യയെ എതിരില്ലാത്ത മൂന്ന് ഗോളിന് തകർത്ത് ബെൽജിയം

 

യൂറോ കപ്പ് ഗ്രൂപ്പ് ബിയിലെ മത്സരത്തിൽ റഷ്യയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്ത് ലോക ഒന്നാം നമ്പർ ടീമായ ബെൽജിയം. സൂപ്പർ താരം റൊമേലു ലുക്കാക്കുവിന്റെ ഇരട്ട ഗോളുകളുടെ മികവിലാണ് ബെൽജിയം റഷ്യയെ തകർത്തത്. തോമസ് മ്യൂനിയറാണ് മറ്റൊരു ഗോൾ സ്വന്തമാക്കിയത്

മത്സരം തുടങ്ങി പത്താം മിനിറ്റിൽ തന്നെ ലുക്കാക്കു റഷ്യൻ വല കുലുക്കി. ഗോൾ വീണതോടെ റഷ്യ പ്രതിരോധത്തിൽ നിന്നും ആക്രമണത്തിലേക്ക് തിരിഞ്ഞു. എന്നാൽ ബെൽജിയത്തിന്റെ മുന്നേറ്റ നിര നിരന്തരമായി റഷ്യൻ ബോക്‌സിൽ ഭീതി വിതച്ചു കൊണ്ടിരുന്നു.

34ാം മനിറ്റിൽ മ്യൂനിയർ ബെൽജിയത്തിന്റെ രണ്ടാം ഗോൾ സ്വന്തമാക്കി. ആദ്യ പകുതിയിൽ ബെൽജിയം 2-0ന് മുന്നിലായിരുന്നു. രണ്ടാം പകുതിയിൽ ആക്രമണം കുറച്ച് പ്രതിരോധം ശക്തമാക്കിയായിരുന്നു ബെൽജിയത്തിന്റെ നീക്കം. രണ്ടാം പകുതിയിൽ ഹസാർഡിനെയും കോച്ച് റോബർട്ടോ മാർട്ടിനെസ് രംഗത്തിറക്കി. അതേസമയം ഗോൾ നേടാനായി റഷ്യ കിണഞ്ഞു പരിശ്രമിച്ചെങ്കിലും ബെൽജിയം പ്രതിരോധത്തെ തകർക്കാനായില്ല. 88ാം മിനിറ്റിൽ ലുക്കാക്കു തന്റെ രണ്ടാം ഗോളും നേടിയതോടെ ബെൽജിയം 3-0ന് മുന്നിലെത്തി.