യൂറോ കപ്പിൽ ഇറ്റലിക്ക് വിജയത്തുടക്കം. ടൂർണമെന്റിലെ അരങ്ങേറ്റ മത്സരത്തിൽ തുർക്കിയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ഇറ്റലി തകർത്തത്. ഇമ്മൊബിൽ, ലൊറൻസോ ഇൻസിഗ്നെ എന്നിവർ ഇറ്റലിക്കായി ഗോളുകൾ നേടി. ഒരെണ്ണം തുർക്കിയുടെ സെൽഫ് ഗോളായിരുന്നു.
ആദ്യപകുതി ഗോൾ രഹിതമായിരുന്നു. തുടക്കം മുതലെ തുർക്കി പ്രതിരോധത്തിലൂന്നിയാണ് കളിച്ചത്. ഇറ്റാലിയൻ താരങ്ങൾ തുർക്കി ബോക്‌സിന് സമീപത്ത് വട്ടമിട്ടു കളിച്ചെങ്കിലും ആദ്യ പകുതി വല ഭേദിക്കാനായില്ല
53ാം മിനിറ്റിൽ പക്ഷേ തുർക്കിക്ക് പിഴച്ചു. സെൽഫ് ഗോൾ വഴങ്ങേണ്ടി വന്നതോടെ ഇറ്റലി മുന്നിലെത്തി. 66ാം മിനിറ്റിൽ ഇമ്മൊബിലും 79ാം മിനിറ്റിൽ ഇൻസിഗ്നെയും ഗോളുകൾ നേടിയതോടെ ഇറ്റലി 3-0ന് മുന്നിലായി.