ചാമ്പ്യൻസ് ലീഗിലെ സൂപ്പർ പോരാട്ടത്തിൽ യുവന്റസിനെ തകർത്ത് ബാഴ്‌സലോണ

ചാമ്പ്യൻസ് ലീഗിൽ ഇറ്റാലിയൻ വമ്പൻമാരായ യുവന്റസിനെ ബാഴ്‌സലോണ തകർത്തു. എതിരില്ലാത്ത രണ്ട് ഗോളിനാണ് സ്പാനിഷ് ചാമ്പ്യൻമാരുടെ വിജയം. ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ലാതെ ഇറങ്ങിയ യുവന്റസിന് ബാഴ്‌സക്ക് വെല്ലുവിളി ഉയർത്താൻ സാധിച്ചതേയില്ല

 

ഒരു ഗോളും ഒരു അസിസ്റ്റുമായി മെസ്സി ബാഴ്‌സയുടെ വിജയത്തിനായി മുന്നിൽ നിന്നു. പതിനാലാം മിനിറ്റിൽ മെസ്സിയുടെ പാസിൽ നിന്ന് ഡെംബാലയാണ് ബാഴ്‌സയുടെ ആദ്യ ഗോൾ നേടിയത്. ആദ്യ പകുതിയിൽ രണ്ട് തവണ മൊറാട്ട ബാഴ്‌സയുടെ വല കുലുക്കിയെങ്കിലും രണ്ടും ഓഫ് സൈഡായി പരിണമിച്ചു

രണ്ടാം പകുതിയിലും മൊറാട്ട ഗോൾ നേടിയെങ്കിലും ഇതും ഓഫ് സൈഡായി മാറി. 85ാം മിനിറ്റിൽ ഡെമിറാൽ ചുവപ്പ് കാർഡ് കൊണ്ട് പുറത്തുപോയതോടെ യുവന്റസിന് പ്രതിരോധിക്കാൻ പോലും സാധിക്കാതെ വന്നു. അവസാന മിനിറ്റിൽ ലഭിച്ച പെനാൽറ്റിയിലൂടെ മെസ്സി യുവന്റസിന്റെ പതനം പൂർത്തിയാക്കി