കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സുൽത്താൻ ബത്തേരി ടൗണിൽ നിയന്ത്രണങ്ങൾ ആരംഭിച്ചു

സുൽത്താൻ ബത്തേരി: കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സുൽത്താൻ ബത്തേരി ടൗണിൽ കർശന നിയന്ത്രണങ്ങൾ ആരംഭിച്ചു. ഒരുമാസത്തേക്കാണ് നിയന്ത്രണങ്ങൾ. വാഹനങ്ങൾക്കും കച്ചവടസ്ഥാപനങ്ങൾക്കും ചരക്ക് വാഹനങ്ങൾക്കും നിയന്ത്രണങ്ങൾ ബാധകമാണ്. നിയന്ത്രണത്തിന്റെ ഭാഗമായി ഇന്നലെ ടൗണിൽ ഒറ്റയക്ക ഓട്ടോ ടാക്‌സികളാണ് സർവ്വീസ് നടത്തിയത്. ഇന്ന് ഇരട്ടയക്ക ടാക്‌സി വാഹനങ്ങൾ സർവീസ് നടത്തും. സ്വകാര്യ വാഹനങ്ങൾക്ക് കർശന നിയന്ത്രണമാണ് ടൗണിൽ ഏർപ്പെടുത്തിയിരിക്കുന്നത്. മൂന്നുമണിക്കൂറിൽ കൂടുതൽ ടൗണിൽ സ്വകാര്യ വാഹനങ്ങൾ പാർക്ക് ചെയ്യരുത്. കച്ചവടസ്ഥാപനങ്ങൾ രാവിലെ 9 മണിമുതൽ അഞ്ച് മണിവരെയെ പ്രവർത്തിക്കാൻ പാടുള്ളു. ഹോട്ടലുകളിൽ ഇരുത്തി ഭക്ഷണം നൽകുന്നത് ഒഴിവാക്കി പകരം പാർസലാക്കി. വഴിയോര കച്ചവടം, ഗുമ്മട്ടി, ഉന്തുവണ്ടി, ഷെഡുകളിലെ ചായക്കച്ചവടം എന്നിവ പൂർണ്ണമായും പൂർണ്ണമായും നിരോധിച്ചു. ടൗണിൽ പ്രവർത്തിക്കുന്ന ചെറുതും വലുതുമായ എല്ലാ കച്ചവടസ്ഥാപനങ്ങൾ, ഓഫീസുകൾ, ബാങ്കുകൾ എന്നിവ കർശനമായി പ്രോട്ടോക്കോൾ പാലിച്ചാണ് പ്രവർത്തിക്കുന്നതെന്ന് ഉറപ്പുവരുത്തുന്നുണ്ട്. നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും നഗരസഭ അറിയിച്ചു.