യൂറോയിൽ വമ്പൻ അട്ടിമറി: ഷൂട്ടൗട്ടിൽ ഫ്രാൻസിനെ തകർത്ത് സ്വിറ്റ്‌സർലാൻഡ് ക്വാർട്ടറിൽ

 

യൂറോ കപ്പിൽ ഫ്രാൻസിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ തകർത്ത് സ്വിറ്റ്‌സർലാൻഡ് ക്വാർട്ടറിൽ പ്രവേശിച്ചു. നിശ്ചിത സമയവും അധിക സമയവും കടന്ന മത്സരം ഷൂട്ടൗട്ടിലേക്ക് പ്രവേശിക്കുകയും ഫ്രാൻസിന്റെ സൂപ്പർ താരം കെയ്‌ലിൻ എംബാപെ തന്റെ ഷോട്ട് പാഴാക്കുകയുമായിരുന്നു.

ആദ്യ 90 മിനിറ്റ് കഴിഞ്ഞപ്പോൾ ഇരു ടീമുകളും 3-3 എന്ന നിലയിലായിരുന്നു. എക്‌സ്ട്രാ ടൈമിലും ഇതേ സ്‌കോർ തുടർന്നതോടെയാണ് പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് മത്സരം നീങ്ങിയത്. ഫ്രാൻസിന്റെ അവസാന കിക്കാണ് എംബാപെ എടുത്തത്. എന്നാൽ എംബാപ്പെയുടെ കിക്ക് സ്വിസ് കീപ്പർ യാൻ സോമ്മർ തടഞ്ഞിടുകയായിരുന്നു. ഇതോടെ ലോക ചാമ്പ്യൻമാർ യൂറോ കപ്പിൽ നിന്ന് പുറത്തായി.

വമ്പൻ പോരാട്ടമാണ് ഇരു ടീമുകളും കാഴ്ച വെച്ചത്. മത്സരത്തിന്റെ 15ാം മിനിറ്റിൽ തന്നെ സഫെറോവിച്ചിലൂടെ സ്വിറ്റ്‌സർലാൻഡ് ഫ്രാൻസിനെ വിറപ്പിച്ചു. ആദ്യ പകുതിയിൽ സ്വിറ്റ്‌സർലാൻഡ് ഒരു ഗോളിന് മുന്നിലായിരുന്നു. രണ്ടാം പകുതിയിൽ പക്ഷേ കളി മാറി. ബെൻസേമയുടെ ഇരട്ട ഗോളുകൾ ഫ്രാൻസിനെ മുന്നിലെത്തിച്ചു. 57, 59 മിനിറ്റിലായിരുന്നു ബെൻസേമയുടെ ഗോളുകൾ.

2-1ന് മുന്നിലെത്തിയതോടെ ഫ്രാൻസിന്റെ ആത്മവിശ്വാസം വർധിച്ചു. 75ാം മിനിറ്റിൽ പോൾ പോഗ്ബയുടെ ഗോൾ കൂടി ആയതോടെ ഫ്രാൻസിന്റെ ലീഡ് 3-1 ആയി ഉയർന്നു. ഇതിനിടെ 55ാം മിനിറ്റിൽ സ്വിസ്സ് താരം റോഡിഗസ് എടുത്ത പെനാൽറ്റി ഫ്രഞ്ച് ഗോളി രക്ഷപ്പെടുത്തിയിരുന്നു

മത്സരം 81ാം മിനിറ്റിലെത്തിയതോടെ സഫെറോവിച്ച് തന്റെ രണ്ടാം ഗോൾ നേടിയതോടെ സ്വിസ്സ് കളിയിലേക്ക് തിരികെ എത്തി. നിശ്ചിത സമയത്തിന്റെ അവസാന നിമിഷത്തിലാണ് മരിയോ ഗാവ്രോണിക് സ്വിറ്റ്‌സർലാൻഡിന്റെ സമനില ഗോൾ സ്വന്തമാക്കിയത്. പിന്നാലെ കളി അധിക സമയത്തേക്കും പെനാൽറ്റി ഷൂട്ടൗട്ടിലേക്കും നീങ്ങി. ഇതാകട്ടെ ലോക ചാമ്പ്യൻമാർക്ക് ദുരന്തമായി മാറുകയും ചെയ്തു.