മുപ്പത്തിനാല് വര്‍ഷത്തെ സേവനത്തിനുശേഷം ക്ഷീരവികസന വകുപ്പ് ജോയിന്റ് ഡയറക്ടര്‍(പ്ലാനിംഗ്) പദവിയില്‍നിന്നു പടിയിറങ്ങുകയാണ് വയനാട്ടുകാരന്‍ എം. പ്രകാശ്

 

കല്‍പ്പറ്റ: മുപ്പത്തിനാല് വര്‍ഷത്തെ സേവനത്തിനുശേഷം ക്ഷീരവികസന വകുപ്പ് ജോയിന്റ് ഡയറക്ടര്‍(പ്ലാനിംഗ്) പദവിയില്‍നിന്നു പടിയിറങ്ങുകയാണ് വയനാട്ടുകാരന്‍ എം. പ്രകാശ്.

2009-10ല്‍ ഉദ്പാദന മേഖലയിലെ മികച്ച ഉദ്യോഗസ്ഥനുള്ള സംസ്ഥാന അവാര്‍ഡായ കര്‍ഷകമിത്ര പ്രകാശിനു ലഭിച്ചിട്ടുണ്ട്.

കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള ഹൈദരാബാദ് എക്സ്റ്റന്‍ഷന്‍ എഡ്യുക്കേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ 2012ലെ ബെസ്റ്റ് ഫീല്‍ഡ് എക്സ്റ്റന്‍ഷന്‍ പ്രൊഫഷനല്‍ അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്.

ദേശീയതലത്തില്‍ ശ്രദ്ധയാകര്‍ഷിച്ച ബ്രഹ്മഗിരി പ്രൊജക്ടിന്റെ ഉപജ്ഞാതാവ് എം. പ്രകാശാണ്. ഇന്ത്യയില്‍ത്തന്നെ ആദ്യമായി പങ്കാളിത്ത പഠന പരിപാടിയിലുടെ തയാറാക്കി യശ:ശ്ശരീരനായ മുന്‍ എംഎല്‍എ പി.വി. വര്‍ഗീസ് വൈദ്യരുടെ നേതൃത്വത്തിലാണ് ബ്രഹ്മഗിരി പ്രൊജക്ട് നടപ്പിലാക്കിയത്.

പതിമൂന്നര കോടി രൂപ അടങ്കലില്‍ ബ്രഹ്മഗിരിയുടെ കീഴില്‍ മലബാര്‍ മാംസ ഫാക്ടറി സ്ഥാപിക്കുമ്പോഴും നിര്‍വഹണ ഉദ്യോഗസ്ഥനായി സര്‍ക്കാര്‍ നിയോഗിച്ചതു പ്രകാശിനെയാണ്.

വയനാട്ടിലെ മറ്റൊരു കര്‍ഷക കൂട്ടായ്മയായ വാസുകി ഫാര്‍മേഴ്‌സ് സൊസൈറ്റിയുടേയും രൂപീകരണഘട്ടം മുതല്‍ക്കുള്ള സാങ്കേതിക സഹായം പ്രകാശിന്റേതാണ്.

വയനാടിനെ ഹൈടെക് ഡയറി ജില്ലയാക്കുന്നതിനു മുന്‍കൈയെടുത്തു പ്രവര്‍ത്തിച്ചയാളാണ് പ്രകാശ്.

ജനകീയാസൂത്രണ പദ്ധതിയില്‍ റിസോഴ്‌സ് പേഴ്‌സണായി മൂന്നൂ പതിറ്റാണ്ട് കാലം പ്രയത്‌നിച്ചു. സംസ്ഥാനതലംവരെയുള്ള സാങ്കേതിക സമിതികളില്‍ പ്രവര്‍ത്തിച്ചു. കേരള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അഡ്മിനിസ്‌ട്രേഷനില്‍ ഫാക്കല്‍റ്റിയായും പ്രവര്‍ത്തിച്ചു.

കര്‍ഷകര്‍ എത്ര പാല്‍ ഉത്പാദിപ്പിച്ചാലും ക്ഷീരസംഘങ്ങള്‍ വില നല്‍കി വാങ്ങുമെന്ന സ്ഥിതിവിശേഷം ജില്ലയില്‍ സംജാതമായത് പ്രകാശിന്റെ ഇടപെടലുകളിലൂടെയാണ്.

ചെറുകിട സഹകരണ പാല്‍ സൊസൈറ്റികളില്‍ 31 പാല്‍ ശീതീകരണ ശാലകള്‍ സ്ഥാപിച്ചു.
15,000 മുതല്‍ 50,000 വരെ ലിറ്റര്‍ പാല്‍ ശീതീകരിച്ചു സൂക്ഷിക്കാവുന്നവയാണിവ. നാലു ചെറുകിട ഡയറി പ്ലാന്റുകള്‍ സുല്‍ത്താന്‍ ബത്തേരി, മീനങ്ങാടി, വരദൂര്‍, മാനന്തവാടി എന്നിവിടങ്ങളിലായി സ്ഥാപിച്ചു. 46 ക്ഷീരസംഘങ്ങള്‍ക്കു ഭൂമി വാങ്ങി സ്വന്തമായി കെട്ടിടങ്ങള്‍ നിര്‍മിച്ചു. 55 ക്ഷീരസംഘങ്ങളിലും പാല്‍ പരിശോധന ലാബോറട്ടറികള്‍ സ്ഥാപിച്ചു. 23 ക്ഷീരസംഘങ്ങളില്‍ ഫാര്‍മേഴ്‌സ് ഫെസിലിറ്റേഷന്‍ സെന്ററുകള്‍ തുടങ്ങി.

കേരളത്തില്‍ ക്ഷീരമേഖലയില്‍ കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകളില്‍ നടപ്പിലാക്കിയ നിരവധി നൂതന പദ്ധതികളുടെ സൂത്രധാരന്‍ പ്രകാശാണ്.

കേരളത്തില്‍ നിലവിലുള്ള ക്ഷീരകര്‍ഷക ക്ഷേമനിധിയും പെന്‍ഷന്‍ പദ്ധതിയും പ്രകാശിന്റെ ആശയത്തില്‍നിന്നുണ്ടായതാണ്.

സംസ്ഥാനത്തെ ഇതര ജില്ലകളിലെ സേവനകാലത്തു ആറു ഡയറി പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിനു പ്രകാശ് നേതൃത്വവും സാങ്കേതിക സഹായവും നല്‍കിയിട്ടുണ്ട്. കണ്ണൂര്‍ ജില്ലയിലെ ചെറുതാഴം ക്ഷീരസംഘത്തിലാണ് ഏറ്റവും ഒടുവിൽ ഡയറി പ്ലാന്റ് സ്ഥാപിച്ചത്.

കോട്ടയം ജില്ലയിലെ കോതനല്ലൂര്‍ സ്വദേശിയായിരുന്ന പ്രകാശ് പഠനകാലത്തു കൂലിപ്പണിക്കു പോയിരുന്ന ആളാണ്.

ഫാര്‍മസിസ്റ്റായ അനിതയാണ് പ്രകാശിന്റെ ഭാര്യ. നിയമത്തില്‍ ഗവേഷണം നടത്തുന്ന അതുല്യ, വെറ്ററിനറി സയന്‍സ് ബിരുദ വിദ്യാര്‍ഥിനി പ്രഭിത എന്നിവര്‍ മക്കളാണ്.