ന്യൂഡല്‍ഹി: കര്‍ഷകരുടെയും പ്രതിപക്ഷ പാര്‍ട്ടികളുടെയും എതിര്‍പ്പിനിടയിലും പാര്‍ലമെന്റില്‍ മൂന്ന് കാര്‍ഷിക ബില്ലുകള്‍ പാസ്സാക്കിയെടുത്തതിനെതിരേ കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ ദേശീയ ബന്ദ്. സപ്റ്റംബര്‍ 25നാണ് പണിമുടക്കും ബന്ദും ആചരിക്കുന്നത്. 200 ഓളം കര്‍ഷക സംഘടനകളുടെ കൂട്ടായ്മയായ ഓള്‍ ഇന്ത്യ കിസാന്‍ സംഘര്‍ഷ് കോര്‍ഡിനേഷന്‍ കമ്മിറ്റി (എ.ഐ.കെ.എസ്.സി)യാണ് ബന്ദിന് ആഹ്വാനം ചെയ്തിട്ടുള്ളത്.
കാര്‍ഷിക വിപണികളെ പരിഷ്‌കരിക്കാനും കര്‍ഷകര്‍ക്ക് കൂടുതല്‍ വിലനിര്‍ണ്ണയ സ്വാതന്ത്ര്യം നല്‍കാനുമുള്ള ശ്രമമായാണ് സര്‍ക്കാര്‍ ബില്ലുകളെ വിശേഷിപ്പിക്കുന്നതെങ്കിലും കേന്ദ്രസര്‍ക്കാരിന്റെ കോര്‍പ്പറേറ്റ് അനുകൂല, കര്‍ഷക വിരുദ്ധ നടപടികളായാണ് എ.ഐ.കെ.എസ്.സി.സി ഇതിനെ കാണുന്നത്.
ഫാര്‍മേഴ്‌സ് ട്രേഡ് ആന്റ് കോമേഴ്‌സ്(പ്രമോഷന്‍ ആന്റ് ഫെസിലിറ്റേഷന്‍) ബില്ല്, 2020. ഫാര്‍മേഴ്‌സ് (എന്‍പവര്‍മെന്റ് ആന്റ് പ്രൊട്ടക്ഷന്‍) അഗ്രിമെന്റ് ഓണ്‍ െ്രെപസ് അഷ്വറന്‍സ് ആന്റ് ഫാം സര്‍വീസ് ബില്ല്, 2020. അവശ്യ സാധന വില നിയന്ത്രണ ഭേദഗതി നിയമം, 2020 തുടങ്ങിയ മൂന്ന് ബില്ലുകളാണ് കേന്ദ്ര സര്‍ക്കാര്‍ പാസ്സാക്കിയെടുത്തത്. പുതിയ നിയമങ്ങള്‍ നിലവിലുള്ള സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള വിപണികളില്‍ നിന്നും വിപണി വിലകളില്‍ നിന്നും കര്‍ഷകരെ മോചിപ്പിക്കുമെന്നും അവരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ആവശ്യമായ വിലകിട്ടുമെന്നും സര്‍ക്കാര്‍ വാദിക്കുന്നു. കര്‍ഷകര്‍ക്ക് സ്വകാര്യ കക്ഷികളുമായി കരാറുകളില്‍ ഏര്‍പ്പെടാമെന്നും സര്‍ക്കാര്‍ പറയുന്നു. ബില്ല് കര്‍ഷകരുടെ അവസ്ഥ കൂടുതല്‍ പരിതാപകരമാക്കുമെന്ന് കര്‍ഷകരും വാദിക്കുന്നു.
ബില്ലിനെതിരേ പഞ്ചാബിലും ഹരിയാനയിലും തെലങ്കാനയിലും രാജസ്ഥാനിലും കനത്ത പ്രതിഷേങ്ങളാണ് അരങ്ങേറുന്നത്.