ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ കാർഷിക ബില്ലുകൾ പാസാക്കുന്നതിനെതിരെ പഞ്ചാബിലെ കർഷകർ പ്രക്ഷോഭം വരുംദിവസങ്ങളിൽ ശക്തമാക്കും. നൂറുകണക്കിന് കർഷകർ കഴിഞ്ഞ നാല് ദിവസമായി പ്രതിഷേധത്തിൻ്റെ പാതയിലാണ്. നിയമനിർമ്മാണം റദ്ദാക്കുന്നതിന് കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തുന്നതിനുള്ള പ്രക്ഷോഭങ്ങൾക്ക് രൂപം നൽകി. സെപ്തംബർ 25 ന് കാർഷിക ബില്ലുകൾ പാസാക്കുന്നതിൽ പ്രതിഷേധിച്ച് കർഷക സംഘടനകൾ സംസ്ഥാനവ്യാപകമായി ബന്ദ് ആചരിക്കും. ഓള്‍ ഇന്ത്യ കിസാന്‍ സംഘര്‍ഷ് കോര്‍ഡിനേഷന്‍ കമ്മിറ്റിയാണ് ബന്ദിന് ആഹ്വാനം നല്‍കിയത്.
സെപ്തംബർ 19ന് ഇടതുപക്ഷ സംഘടനകൾ, ഭാരതീയ കിസാൻ യൂണിയന്റെ (ബികെയു) കുൽ ഹിന്ദ് കിസാൻ സഭ എന്നിവയുൾപ്പെടെ 10 കർഷക സംഘങ്ങൾ ലുധിയാനയിൽ യോഗം ചേരും. പ്രതിഷേധ കർമ്മ പരിപാടികൾ ആവിഷ്കരിക്കുന്നതിനായാണ് യോഗം. പഞ്ചാബിലെ മജാ മേഖലയിലെ ബിയാസ്, സത്‌ലജ് നദികളിലെ മൂന്ന് പാലങ്ങൾ കിസാൻ സംഘർഷ് കമ്മിറ്റി (കെഎസ് സി ) ടെ നേതൃത്വത്തിൽ കഴിഞ്ഞ മൂന്ന് ദിവസമായി ഉപരോധിക്കുകയാണ്. മാൽവയിൽ കർഷക സംഘടനകൾ ധർണ നടത്തുന്നു. ഗതാഗതം തടയുന്നു. വിവിധ സ്ഥലങ്ങളിൽ പ്രതിഷേധ മാർച്ചുകൾ നടത്തുന്നു.
കെഎസ്‌സിയുടെ ശക്തികേന്ദ്രങ്ങളാൾ അമൃത് സർ, തൻ താരൻ ജില്ലകളിൽ സെപ്തം ബർ 24 ന് റെയിൽ ഉപരോധിക്കും.അതേദിവസം തന്നെ അമൃത് സർ, ഫിറോസ്പൂർ ജില്ലകളിൽ പ്രക്ഷോഭം ആരംഭിക്കും. ചന്തകളിലെ തൊഴിലാളികളും കമ്മീഷൻ ഏജന്റുമാരും പഞ്ചാബ് ബന്ദിന് പിന്തുണ നൽകും. കർഷക പ്രക്ഷോഭത്തിൽ പങ്കാളികളാകും.