തൂത്തുക്കുടിയിൽ അച്ഛന്റെയും മകന്റെയും കസ്റ്റഡി കൊലപാതകം നടന്ന സാത്താൻകുളം പോലീസ് സ്റ്റേഷന്റെ നിയന്ത്രണം ഏറ്റെടുക്കാൻ റവന്യു വകുപ്പ് ഉദ്യോഗസ്ഥർ നിർദേശം നൽകി മദ്രാസ് ഹൈക്കോടതി. തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി നടപടി.
കേസ് സിബിഐക്ക് കൈമാറുന്ന കാര്യത്തിൽ ഇടപെടാനില്ല. സംസ്ഥാന സർക്കാരിന് വേണമെങ്കിൽ ഉത്തരവിറക്കാം. അതേസമയം പോലീസ് ഉദ്യോഗസ്ഥർ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് ജുഡീഷ്യൽ അന്വേഷണ കമ്മീഷൻ കോടതിയെ അറിയിച്ചു
രണ്ടാഴ്ച മുമ്പും സാത്താൻകുളം പോലീസ് സ്റ്റേഷനിൽ ഉരുട്ടിക്കൊല നടന്നതായി കമ്മീഷൻ കണ്ടെത്തി. തൂത്തുക്കുടി സ്വദേശിയായ മഹേന്ദ്രനെയാണ് കൊലപ്പെടുത്തിയത്. ഇയാളുടെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യാതെ സംസ്കരിച്ചു. ലോക്കപ്പ് മർദനത്തിനായി സ്റ്റേഷനിൽ പ്രത്യേക സംഘം തന്നെ പ്രവർത്തിക്കുന്നുണ്ട്. സ്റ്റേഷനിൽ രണ്ട് വർഷത്തിലേറെയായി സിസിടിവി പ്രവർത്തിക്കുന്നില്ലെന്നും കമ്മീഷൻ കണ്ടെത്തി.