പൂരം കലക്കലുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങളെല്ലാം വെറുതേയായി, പൊലീസിനും ജില്ലാ ഭരണകൂടത്തിനും തെറ്റുപറ്റിയിട്ടില്ല, സംഭവത്തിന് പിന്നില്‍ ഒരു ഗൂഢാലോചനയും നടന്നിട്ടില്ല – എന്നൊക്കെയാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. തൃശൂരില്‍ ബിജെപി സ്ഥാനാര്‍ഥിയായിരുന്ന സുരേഷ് ഗോപിയെ വിജയിപ്പിക്കുന്നതിനായാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ ഗൂഢാലോചന നടന്നതെന്നായിരുന്നു ഉയര്‍ന്ന ആരോപണം. സംസ്ഥാനത്തെ ക്രമസമാധാന ചുമതല വഹിച്ചിരുന്ന എഡിജിപി എംആര്‍ അജിത് കുമാറിന്റെ നേതൃത്വത്തില്‍ നടന്ന ഗൂഢാലോനയുടെ ഭാഗമായാണ് പൂരം കലക്കാന്‍ പൊലീസ് കൂട്ടുനിന്നതെന്നായിരുന്നു സിപിഐ നേതാവും മുന്‍ മന്ത്രിയുമായ വിഎസ് സുനില്‍ കുമാറിന്റെ ആരോപണം. സംഭവത്തില്‍ നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്നും, കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും സുനില്‍ കുമാര്‍ ആവശ്യമുന്നയിച്ചതോടെയാണ് പൂരം കലക്കല്‍ വിവാദം പ്രധാന രാഷ്ട്രീയ വിഷയമാവുന്നത്. (VS Sunil Kumar toughens his stance on the Pooram controversy)സുനില്‍ കുമാറിന് പിന്നാലെ റവന്യൂ മന്ത്രി കെ രാജനും എഡിജിപി എംആര്‍ അജിത്ത് കുമാറിനെതിരെ ആഞ്ഞടിച്ച് രംഗത്തെത്തിയതോടെ സര്‍ക്കാരും പ്രതിസന്ധിയിലായി. ഇതോടെയാണ് ക്രൈബ്രാഞ്ചിനെ അന്വേഷണ ചുമതല ഏല്‍പ്പിക്കുന്നത്. 2024ലെ തൃശൂര്‍ പൂരാഘോഷം അലങ്കോലമായതുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍ കൃഷ്ണ തേജ, സിറ്റി പൊലീസ് കമ്മീഷണര്‍ അങ്കിത് അശോക് തുടങ്ങിവയവരായിരുന്നു സംശയനിഴലില്‍. എഡിജിപി എംആര്‍ അജിത് കുമാര്‍ സ്ഥലത്തുണ്ടായിട്ടും വിഷയത്തില്‍ ഇടപെട്ടില്ലെന്നായിരുന്നു ഉയര്‍ന്ന ആരോപണം.
സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം സുരേഷ് ഗോപിയില്‍ നിന്നും മൊഴിയെടുത്തിരുന്നു. ഉന്നതര്‍ അന്വേഷണം നടത്തിയെങ്കിലും പൊലീസിന് ക്ലീന്‍ ചിറ്റ് നല്‍കുകയായിരുന്നു അന്വേഷണം സംഘമെന്നാണ് ഉയരുന്ന ആരോപണം. വീണ്ടും ഒരു തിരഞ്ഞെടുപ്പ് വേളയില്‍ പൂരം കലക്കല്‍ വിവാദം ഉയരുമോ എന്ന ആശങ്കയും സിപിഐഎം കേന്ദ്രങ്ങള്‍ക്കുണ്ട്. സിപിഐ നേതൃത്വം വീണ്ടും വിഷയം ഉയര്‍ത്തിക്കൊണ്ടുവന്നാല്‍ അത് തിരിച്ചടിയാകുമെന്ന ആശങ്കയാണ് ഇടത് കേന്ദ്രങ്ങളില്‍.സംസ്ഥാനത്തെ പ്രമുഖ ആര്‍എസ്എസ് നേതാക്കള്‍ക്കും പൂരം കലക്കലില്‍ പങ്കുണ്ടെന്നായിരുന്നു ആരോപണം. എന്നാല്‍ പൊലീസിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ സംസ്ഥാന സര്‍ക്കാരിനേയും പൊലീസിനേയും സംശയത്തിന്റെ നിഴലില്‍ നിര്‍ത്തിയിരുന്നു. പൂരം കലങ്ങാന്‍ കാരണം ദേവസ്വം ഭാരവാഹികളുടെ തെറ്റായ നിലപാടാണെന്നും, ഒരു ഗൂഢാലോചനയും ഉണ്ടായിട്ടില്ലെന്നുമാണ് അന്വേഷണ സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍, ഈ റിപ്പോര്‍ട്ട് അംഗീകരിക്കില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് വി എസ് സുനില്‍കുമാര്‍.
തിരുവമ്പാടി ദേവസ്വത്തിന്റെ നിരുത്തരവാദപരമായ നടപടിയാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നും, ഉദ്യോഗസ്ഥതലത്തില്‍ ഗൂഢാലോചനയില്ലെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, പൂരം കലങ്ങിയതിന് പൂര്‍ണ ഉത്തരവാദി ജില്ലാ ഭരണകൂടമാണെന്നും, ജില്ലാ കളക്ടര്‍ക്കെതിരെ നടപടി വേണമെന്നുമാണ് സുനില്‍കുമാറിന്റെ പ്രതികരണം. ഇതോടെ പൂരം കലക്കലില്‍ സര്‍ക്കാര്‍ നിലപാടിനെതിരെ ഉറച്ച നിലപാട് തുടരുകയാണ് സിപിഐ എന്ന് വ്യക്തമാകുകയാണ്.
പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥിയായിരുന്നു വി എസ് സുനില്‍കുമാര്‍. എഡിജിപിയും ആര്‍എസ്എസ് നേതാവ് ജയകുമാറും തൃശൂരിലുണ്ടായിരുന്ന ആര്‍എസ്എസ് ദേശീയ നേതാവ് ഹൊസബാളെയെ രഹസ്യമായി സന്ദര്‍ശിച്ചുവെന്നും, തൃശൂര്‍ പൂരം കലക്കി ഭരണവിരുദ്ധവികാരം ഇളക്കിവിട്ട് അനുകൂലമായ രാഷ്ട്രീയ കാലാവസ്ഥയുണ്ടാക്കിയെടുക്കാന്‍ പൊലീസിനെ ഉപയോഗിച്ചു എന്നുമായിരുന്നു ആരോപണം. ബിജെപി സ്ഥാനാര്‍ഥിയായ സുരേഷ് ഗോപിയെ പൂരനഗരിയില്‍ എത്തിച്ചതും, ഒത്തുതീര്‍പ്പുണ്ടാക്കാനായി സുരേഷ് ഗോപിയെ നിയോഗിച്ചതും മറ്റും നേരത്തെ പ്ലാന്‍ ചെയ്ത പദ്ധതിയാണെന്നായിരുന്നു ആരോപണം.
ദേവസ്വം ഭാരവാഹികളേയും വളണ്ടിയര്‍മാരേയും ഒഴിവാക്കിയതും, ആനകള്‍ക്ക് ആഹാരം കൊടുക്കാന്‍പോലും പൊലീസ് ഉദ്യോഗസ്ഥര്‍ അനുവദിക്കാത്തതുമടക്കം നിരവധി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതാണ് പൂരം അലങ്കോലപ്പെടാന്‍ കാരണമായതെന്നായിരുന്നു ആരോപണം. പൂരത്തിന്റെ ഏറ്റവും പ്രധാന ചടങ്ങായ വെടിക്കെട്ട് നടത്താന്‍ വൈകിയതും പ്രതിഷേധത്തിന് കാരണമായി. രാത്രിയില്‍ നടക്കേണ്ടിയിരുന്ന വെടിക്കെട്ട് രാവിലെയാണ് നടത്താന്‍ അനുമതി ലഭിച്ചിരുന്നത്. പൊലീസ് മനഃപൂര്‍വം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെയാണ് പൂരം അലങ്കോലപ്പെട്ടതെന്നായിരുന്നു ആരോപണം. എന്നാല്‍, പൂരം കലങ്ങിയിട്ടില്ലെന്നും സമയത്തിന് വെടിക്കെട്ട് നടത്താന്‍ കഴിഞ്ഞില്ലെന്നത് മാത്രമാണ് ആരോപണത്തിന് പിന്നിലെന്നായിരുന്നു മറുവാദം. പൂരം കലക്കല്‍ വിവാദങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യത്തില്‍ സിപിഐ നേതൃത്വം ഉറച്ചുനിന്നതോടെയാണ് അന്വേഷത്തിന് ആഭ്യന്തരവകുപ്പ് തയ്യാറായത്. മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചെങ്കിലും മൂന്നുമാസത്തോളം കേസില്‍ അന്വേഷണമൊന്നും നടന്നിരുന്നില്ല. പിന്നീട് പി വി അന്‍വര്‍ പൂരംകലക്കലിനു പിന്നില്‍ എഡിജിപി എംആര്‍ അജിത് കുമാറിന് പങ്കുണ്ടെന്ന് പത്രസമ്മേളനത്തില്‍ ആരോപിച്ചതോടെയാണ് വീണ്ടും പൂരവിവാദം കത്തിപ്പിപ്പിടിച്ചത്.









