ശ്രീനിവാസന്റെ സംസ്‌കാര ചടങ്ങില്‍ കുടുംബം ക്ഷണിക്കാതെയെത്തി മുഖ്യകര്‍മിയായി ‘സുനില്‍ സ്വാമിയുടെ പ്രകടനം’; ഇയാള്‍ നിരവധി തട്ടിപ്പുകേസില്‍ ജയിലില്‍ കിടന്നയാള്‍

മലയാളികളുടെ പ്രിയപ്പെട്ട ശ്രീനിവാസന്റെ സംസ്‌കാര ചടങ്ങിലെ സുനില്‍ദാസ് എന്ന സുനില്‍ സ്വാമിയുടെ സാന്നിധ്യത്തെ ചൊല്ലി വിവാദം. കുടുംബത്തിന്റെ അനുമതിയില്ലാതെയാണ് ശ്രീനിവാസന്റെ സംസ്‌കാര ചടങ്ങിന് സുനില്‍ ദാസ് നേതൃത്വം നല്‍കിയത്.

ആരാണീ കര്‍മിയെന്ന് അന്തരിച്ച ശ്രീനിവാസന്റെ കുടുംബത്തിന് ഇയാളെ അറിയില്ല. കുടുംബം വേര്‍പാടിന്റെ വേദനയില്‍ നീറുമ്പോള്‍ അവരുടെ അനുമതിയില്ലാതെ സംസ്‌കാര ചടങ്ങിന്റെ കാര്‍മികത്വം സ്വയം ഏറ്റെടുത്തതാണ് സുനില്‍ദാസ്. കുടുംബം തീരുമാനിച്ച കര്‍മികളെ മറികടന്ന് സുനില്‍ദാസ് എന്ന സുനില്‍ സ്വാമിയുടെ പ്രകടനമായിരുന്നു അവിടെ. പാലക്കാട് മുതലമട സ്‌നേഹം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ മറവില്‍ പലവിധ തട്ടിപ്പുകള്‍ നടത്തിയയാളാണ് ഈ സുനില്‍ ദാസ്’ നിരവധി കേസുകള്‍ സുനില്‍ ദാസിനെതിരെയുണ്ട്. കേരള പൊലീസും തമിഴ്‌നാട് പൊലീസുമൊക്കെ ഇയാള്‍ക്കെതിരെ തട്ടിപ്പിന് കേസെടുത്തിട്ടുണ്ട്. നിരവധി തട്ടിപ്പു കേസുകളില്‍ ജയിലിലും കിടന്നിട്ടുണ്ട് സുനില്‍ ദാസ്.

കോയമ്പത്തൂരിലെ വ്യവസായിയില്‍ നിന്ന് മൂന്നര കോടി രൂപ തട്ടിയെടുത്തത് റിസര്‍വ് ബാങ്കിന്റെ പേരില്‍ വ്യാജ കത്ത് തയ്യാറാക്കിയായിരുന്നു. 3000 കോടി റിസര്‍വ് ബാങ്കില്‍ നിന്ന് കിട്ടാനുണ്ടെന്നാണ് വ്യാജ കത്തില്‍ ഇയാള്‍ പറഞ്ഞിരുന്നത്. ഈ കേസില്‍ കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലില്‍ കിടന്നിട്ടുണ്ട് സുനില്‍ ദാസ്. വാരിയര്‍ ഫൗണ്ടേഷന്‍ സ്ഥാപകന്‍ തിരുന്നാവായ സ്വദേശി മാധവ വാരിയരോട് അഞ്ചരക്കോടി വാങ്ങി തിരിച്ചു കൊടുത്തിരുന്നില്ല. അതില്‍ മുംബൈ കോടതിയില്‍ നിന്നാണ് സുനില്‍ ദാസ് ജാമ്യമെടുത്തത്. കേരളത്തിലെ പ്രളയ സമയത്ത് വാരിയര്‍ ഫൗണ്ടേഷന്‍ നടത്തിയ സേവന പ്രവര്‍ത്തന ങ്ങള്‍ക്ക് 25 കോടിയുടെ അവാര്‍ഡു നല്‍കാന്‍ തീരുമാനിച്ചെന്നായിരുന്നു മാധവ വാരിയരോട് സുനില്‍ ദാസ് പറഞ്ഞത്. തീയതി രേഖപ്പെടുത്താത്ത ചെക്ക് നല്‍കിയെങ്കിലും ഉടന്‍ ബാങ്കില്‍ ഹാജരാക്കരുതെന്ന് ആവശ്യപ്പെട്ടു. പുരസ്‌കാരത്തുകക്ക് വായ്പയെടുക്കാന്‍ തടസങ്ങളുണ്ടെന്നും അത് നീക്കാന്‍ അഞ്ചരക്കോടി വേണമെന്നും മാധവ വാരിയരോട് സുനില്‍ ദാസ് പറഞ്ഞു.

സുനില്‍ ദാസിന് പണം നല്‍കിയെങ്കിലും ചെക്ക് പാസായില്ല. ഈ തട്ടിപ്പിലാണ് മുംബൈയിലെ കേസ്. മൈസൂര്‍ കൊട്ടാരത്തിലെ രാജഗുരുവെന്ന് അവകാശപ്പെട്ട് 157 കോടി രൂപയുടെ തട്ടിപ്പ് സുനില്‍ ദാസ് നടത്തിയെന്നും ആരോപണമുണ്ട്. പല്ലശനയിലെ സഹകരണ ബാങ്ക് ജീവനക്കാരനായിരുന്ന സുനില്‍ ദാസാണ് പിന്നീട് സുനില്‍ സ്വാമിയായി മാറിയത്. സത്യസായി സേവാസമിതിയിലായിരുന്നു തുടക്കം. വൈകാതെ സ്വന്തം വീട് ആസ്ഥാനമാക്കി സ്‌നേഹം ചാരിറ്റബിള്‍ ട്രസ്റ്റുണ്ടാക്കി തട്ടിപ്പിന് തുടക്കമിട്ടു. നടി ശ്രീവിദ്യയെ തട്ടിച്ച് ലക്ഷങ്ങള്‍ കൈക്കലാക്കി എന്ന ആരോപണം ഇയാള്‍ക്കെതിരെ ഉണ്ടായിരുന്നു. പ്രമുഖരെ മുതലമടയില്‍ എത്തിച്ചാണ് സുനില്‍ ദാസ് ആളുകളുടെ വിശ്വാസം മുതലെടുത്തത്. ഇത്തരം തട്ടിപ്പുകാര്‍ക്കെതിരെ നിലപാടെടുത്ത ശ്രീനിവാസന്റെ അന്ത്യകര്‍മങ്ങള്‍ക്ക് അനുമതിയില്ലാതെ നേതൃത്വം നല്‍കിയതില്‍ കുടുംബാംഗങ്ങള്‍ അസംതൃപ്തരാണ്. പ്രമുഖരുടെ സംസ്‌കാര ചടങ്ങുകള്‍ പോലും തട്ടിപ്പിന് മറയാക്കാന്‍ ഉപയോഗിക്കുന്ന ഇത്തരം അവതാരങ്ങള്‍ക്കെതിരെ സമൂഹം ജാഗ്രത പുലര്‍ത്തേണ്ടിയിരിക്കുന്നു.