Headlines

ഇറാനെ പേടി, ഡോണൾഡ് ട്രംപ് ഇറങ്ങി; പറ്റിക്കാനുള്ള വിമാനത്തിൽ റൂബിയോ തുടർന്നു

വാഷിങ്ടൻ ∙ ഇറാനെ പേടിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അതീവരഹസ്യമായി വിമാനം മാറിക്കയറിയിട്ടും അദ്ദേഹം ഉണ്ടെന്നു തോന്നിച്ച വിമാനത്തിൽത്തന്നെ മാർക്കോ റൂബിയോ ഉൾപ്പെടെ മന്ത്രിസഭയിലെ പ്രമുഖർ യാത്ര തുടർന്നെന്ന് റിപ്പോർട്ട്. ട്രംപ് അതേ വിമാനത്തിലുണ്ടെന്നു വരുത്തിത്തീർക്കാനും ഇറാന്റെ ചാരക്കണ്ണുകൾക്ക് സംശയത്തിന് ഇടകൊടുക്കാതിരിക്കാനുമാണ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോയും ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റും കഴിഞ്ഞ മാസം തുർക്കിയി‍ൽ നടന്ന ‘നാടക’ത്തിന്റെ ഭാഗമായത്. യുദ്ധം മൂലം ഇറാന്റെ വധഭീഷണി നിലനിൽക്കുന്നതിനിടെ നാറ്റോ ഉച്ചകോടിക്കായി തുർക്കിയിലെത്തിയ ട്രംപ് മടങ്ങാൻ നേരം ഔദ്യോഗിക വിമാനമായ എയർ ഫോഴ്സ് വണ്ണിൽ എല്ലാവരും കാൺകെ കയറിയെങ്കിലും പിൻവാതിൽവഴി രഹസ്യമായി പുറത്തിറങ്ങുകയായിരുന്നു. തുടർന്ന് ഒരു കേറ്ററിങ് ട്രക്കിലൊളിച്ചു സഞ്ചരിച്ച് മറ്റൊരു ചെറിയ വിമാനത്തിന്റെ അരികിലെത്തി അതിൽക്കയറി പറന്നു. ഈ സമയം, ഇറാനെ പറ്റിക്കാനുള്ള വിമാനത്തിൽ അപകടകരമായ യാത്ര നടത്തുകയായിരുന്നു റൂബിയോയും ബെസന്റും. യുഎസ് പ്രസിഡന്റിന് എന്തെങ്കിലും സംഭവിച്ചാലുളള അടിയന്തര പിന്തുടർച്ചയ്ക്കുള്ള അധികാരശ്രേണിയിൽ വൈസ് പ്രസിഡന്റും ജനപ്രതിനിധി സഭ സ്പീക്കറും സെനറ്റ് പ്രോടെം അധ്യക്ഷനും കഴിഞ്ഞാൽ നാലാം സ്ഥാനമാണ് സ്റ്റേറ്റ് സെക്രട്ടറി റൂബിയോയ്ക്ക്.