നരേന്ദ്ര മോദി ഫ്രാൻസിസ് മാർപാപ്പയുമായി ഇന്ന് കൂടിക്കാഴ്ച നടത്തും

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫ്രാൻസിസ് മാർപാപ്പയുമായി ഇന്ന് വത്തിക്കാനിൽ കൂടിക്കാഴ്‌ച നടത്തും. ഇന്ത്യൻ സമയം ഉച്ചക്ക് പന്ത്രണ്ട് മണിയോടെയാകും കൂടിക്കാഴ്ച. അര മണിക്കൂർ നേരം കൂടിക്കാഴ്ച നീളും. വത്തിക്കാൻ വിദേശകാര്യ സെക്രട്ടറിയുമായും കൂടിക്കാഴ്ച നടത്തുമെന്ന് യാത്രക്ക് മുമ്പ് പ്രധാനമന്ത്രി അറിയിച്ചിരുന്നു.

ജി20 ഉച്ചകോടിയുടെ ഭാഗമായി ഒക്ടോബർ 29 നാണ് മോദി ഇറ്റലിയിലെത്തിയത്. ഒക്ടോബർ 31 വരെ അദ്ദേഹം ഇറ്റലിയിലുണ്ടാവും. മാർപാപ്പയെ മോദി ഇന്ത്യയിലേക്ക് ക്ഷണിച്ചേക്കുമെന്ന് സൂചനയുണ്ട്. വത്തിക്കാനിൽ മാർപാപ്പയെ സന്ദർശിക്കുന്ന അഞ്ചാമത്തെ ഇന്ത്യൻ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി.

ജവഹർ ലാൽ നെഹ്‌റു, ഇന്ദിരാഗാന്ധി, ഐകെ ഗുജ്‌റാൾ, എബി വാജ്‌പേയ് എന്നിവരാണ് മുമ്പ് മാർപാപ്പയെ സന്ദർശിച്ച ഇന്ത്യൻ പ്രധാനമന്ത്രിമാർ.ജോൺ പോൾ രണ്ടാമൻ മാർപാപ്പയാണ് ഒടുവിലായി ഇന്ത്യ സന്ദർശിച്ചത്. 1999 ലായിരുന്നു ഈ കൂടിക്കാഴ്ച. അന്ന് എബി വാജ്‌പേയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ വലിയ സ്വീകരണമായിരുന്നു അദ്ദേഹത്തിന് നൽകിയത്.