കോഴിക്കോട് കെ.എസ്.ആര്‍.ടി.സി കെട്ടിട സമുച്ചയത്തിലെ കടമുറികള്‍ ഒഴിയണമെന്നാവശ്യപ്പെട്ട് ഉടമകള്‍ക്ക് നോട്ടീസ്. അറ്റകുറ്റപ്പണികള്‍ തുടങ്ങുന്നതിനാല്‍ ഈ മാസം 31നകം കടയൊഴിയണമെന്നാണ് കെ.ടി. ഡി.എഫ്.സി നല്‍കിയ നോട്ടീസില്‍ പറയുന്നത്. കെ.എസ്.ആര്‍.ടി.സി കെട്ടിട സമുച്ചയത്തിന് ബലക്ഷയമുണ്ടെന്ന മദ്രാസ് ഐ.ഐ.ടി റിപ്പോര്‍ട്ടിന്‍റെ പശ്ചാത്തലത്തിലാണ് നടപടി.
കഴിഞ്ഞ ഒരു വര്‍ഷമായി കച്ചവടം നടത്തി വരുന്ന കടയുടമകള്‍ക്കാണ് ഒഴിയാനുള്ള നോട്ടീസ് ലഭിച്ചിരിക്കുന്നത്. നിലവിലുള്ള കരാര്‍ റദ്ദാക്കുന്നുവെന്നും ഈ മാസം 31നകം കടയൊഴിയണമെന്നും നോട്ടീസില്‍ പറയുന്നു. എന്നാല്‍ അറ്റകുറ്റപ്പണി കഴിഞ്ഞാലും ഇവര്‍ക്ക് ഇതേ സ്ഥലത്ത് കച്ചവടം നടത്താന്‍ സാധിക്കുമോയെന്ന കാര്യത്തെക്കുറിച്ച് നോട്ടീസില്‍ പരാമര്‍ശമില്ല.
കരാറടിസ്ഥാനത്തില്‍ ഏറ്റെടുത്ത ഈ കടമുറികള്‍ക്ക് 6,000 രൂപ ദിവസ വാടക മാത്രം വരും. എഴുപത്തിയഞ്ച് ലക്ഷം രൂപയോളം സുരക്ഷാ നിക്ഷേപവും ഇവര്‍ കെ.ടി.ഡി.എഫ്. സിക്ക് നല്‍കിയിരുന്നു. കെ.എസ്.ആര്‍.ടി.സി കെട്ടിട സമുച്ചയം അലിഫ് ബില്‍ഡേഴ്സിന് കൈമാറുന്നതിന് മുമ്പേ പ്രവര്‍ത്തനം തുടങ്ങിയ കടമുറികള്‍ മതിയായ സമയം പോലും നല്‍കാതെ ഒഴിപ്പിക്കുന്നതില്‍ ദുരൂഹതയുണ്ടെന്നും ആരോപണമുണ്ട്.