വാഷിങ്ടണ്‍: കൊവിഡ് മഹാമാരിയെ തുടര്‍ന്ന് ലോകത്ത് മരിച്ചവരുടെ എണ്ണം ഒരു ദശലക്ഷം പിന്നിട്ടു. മരണസംഖ്യയില്‍ അഞ്ചിലൊന്ന് യുഎസിലാണെന്നും റിപോര്‍ട്ടില്‍ വ്യക്തമാക്കി. ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലിയില്‍ നിന്നുള്ള കണക്കുകള്‍ പ്രകാരം കൊവിഡ് കാരണമുള്ള ആഗോള മരണസംഖ്യ ഒരു മില്ല്യണ്‍ കവിഞ്ഞു. എന്നാല്‍ ഈ സംഖ്യ ഒരുപക്ഷേ കുറവാണെന്നും യഥാര്‍ത്ഥ മരണസംഖ്യ ഇതിനേക്കാള്‍ കൂടുതലായിരിക്കുമെന്നും ലോകാരോഗ്യ സംഘടന പറയുന്നു. ലോകമെമ്പാടുമുള്ള 1,000,555 പേര്‍ ഇപ്പോള്‍ കൊവിജ് ബാധിച്ച് മരണമടഞ്ഞതായി ജോണ്‍സ് ഹോപ്കിന്‍സില്‍ നിന്നുള്ള വിവരങ്ങള്‍ വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷം അവസാനം ചൈനീസ് നഗരമായ വുഹാനിലാണ് കൊവിഡ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. തുടര്‍ന്ന് അതിര്‍ത്തി അടയ്ക്കലും ക്വാറന്റൈനും തുടങ്ങി നിരവധി പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിച്ചെങ്കിലും വൈറസ് ലോകമെമ്പാടും വ്യാപിക്കുന്നതായി ലോകാരോഗ്യ സംഘടന മാര്‍ച്ചില്‍ പ്രഖ്യാപിക്കുകയായിരുന്നു. ലോകത്ത് കൊവിഡ് കാരണം ഏറ്റവും കൂടുതല്‍ മരണം റിപോര്‍ട്ട് ചെയ്തത് അമേരിക്കയിലാണ്-205,031 പേര്‍. ബ്രസീല്‍, ഇന്ത്യ, മെക്‌സിക്കോ, യുണൈറ്റഡ് കിംഗ്ഡം എന്നിവയാണ് തൊട്ടടുത്ത സ്ഥാനങ്ങളില്‍. യുഎസ് ഉള്‍പ്പെടെ ലോകമെമ്പാടുമുള്ള പല രാജ്യങ്ങളിലും കൊവിഡ് വ്യാപനം തുടരുന്നതിനാല്‍ മരണസംഖ്യ ഇനിയും വര്‍ധിക്കാന്‍ സാധ്യതയുണ്ട്. ലോകമെമ്പാടുമുള്ള കൊറോണ വൈറസ് കേസുകളുടെ എണ്ണം 33 ദശലക്ഷം കവിഞ്ഞു. ഇതില്‍ 23 ദശലക്ഷം ആളുകള്‍ സുഖം പ്രാപിച്ചതായും കണക്കുകള്‍ വ്യക്തമാക്കുന്നു.