അന്ന് ഇന്ത്യ ഞങ്ങൾക്കൊപ്പമുണ്ടായിരുന്നു; ഇന്ന് ഇന്ത്യയെ ഞങ്ങൾ സഹായിക്കുമെന്ന് ജോ ബൈഡൻ

 

കൊവിഡിനെതിരായ പോരാട്ടത്തിൽ ഇന്ത്യക്ക് പൂർണ പിന്തുണ അറിയിച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. അവശ്യഘട്ടത്തിൽ ഇന്ത്യ തങ്ങൾക്കൊപ്പമുണ്ടായിരുന്നു. അതിനാൽ ഈ ഘട്ടത്തിൽ ഇന്ത്യക്കൊപ്പം ഞങ്ങളുമുണ്ടാകും എന്നായിരുന്നു ബൈഡന്റെ ട്വീറ്റ്.

ഇന്ത്യയിലേക്ക് വൈദ്യസഹായം എത്തിക്കുന്നതിനായി യുദ്ധകാലാടിസ്ഥാനത്തിൽ പ്രവർത്തിക്കുകയാണെന്ന് പെന്റഗണും അറിയിച്ചു. ഓക്‌സിജൻ ഉപകരണങ്ങൾ, ദ്രുതപരിശോധനാ കിറ്റുകൾ എന്നിവയടങ്ങിയ അമേരിക്കൻ വൈദ്യസഹായം അടുത്ത ദിവസങ്ങൾക്കുള്ളിൽ തന്നെ ഇന്ത്യയിലെത്തുമെന്നും യുഎസ് വ്യക്തമാക്കി

ഞങ്ങളുടെ അധികാരപരിധിക്കുള്ളിൽ നിന്നുകൊണ്ട് നൽകാവുന്ന ഏതൊരു പിന്തുണയും ഇന്ത്യക്ക് നൽകുന്നുണ്ട്. മുന്നോട്ടുള്ള ദിവസങ്ങളിലും കൂട്ടായ പരിശ്രമങ്ങൾ പരസ്പരം സമന്വയിപ്പിക്കുമെന്ന് പെന്റഗൺ പ്രസ് സെക്രട്ടറി ജോൺ കിർബി വ്യക്തമാക്കി.