അടിയന്തരാവസ്ഥയെ നേരിട്ടവരാണ് ഞങ്ങൾ, ഇതും ഞങ്ങൾ നേരിടും: യെച്ചൂരി

ഡൽഹി കലാപവുമായി ബന്ധപ്പെട്ട് തന്നെയടക്കമുള്ളവരെ ഉൾപ്പെടുത്തി ഡൽഹി പോലീസ് കുറ്റപത്രം സമർപ്പിച്ചതിൽ പ്രതികരണവുമായി സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. അധികാരം കയ്യാളുന്ന ബിജെപിയുടെ ഇത്തരം നീക്കങ്ങൾ കൊണ്ടൊന്നും സിഎഎ പോലുള്ള വിവേചന നിയമങ്ങളെ എതിർക്കുന്നവരെ ഭയപ്പെടുത്താൻ സാധിക്കില്ലെന്ന് യെച്ചൂരി പറഞ്ഞു

ഉന്നത ബിജെപി നേതൃത്വത്തിന്റെ രാഷ്ട്രീയം നടപ്പാക്കുകയാണ് ഡൽഹി പോലീസ്. കേന്ദ്രത്തിന്റെ കീഴിലാണ് ഡൽഹി പോലീസ്. മുഖ്യധാരാ രാഷ്ട്രീയപാർട്ടികളുടെ സമാധാനപരമായ പ്രതിഷേധങ്ങളെ സർക്കാർ ഭയക്കുകയാണെന്ന് യെച്ചൂരി ട്വിറ്ററിൽ കുറിച്ചു

മതം, ജാതി, നിറം, പ്രദേശം, ലിംഗം രാഷ്ട്രീയ ബന്ധം എന്നിവ കണക്കിലെടുക്കാതെ എല്ലാ ഇന്ത്യക്കാരും തുല്യരാണെന്ന് വാദിക്കുന്നത് നമ്മുടെ കടമ കൂടിയാണ്. ഞങ്ങളത് ഉപയോഗിക്കുക തന്നെ ചെയ്യും. പാർലമെന്റിലും മാധ്യമങ്ങളിലും വിവരാവകാശ നിയമങ്ങളിലും ചോദ്യങ്ങളെ ബിജെപി സർക്കാർ ഭയപ്പെടുന്നു. പ്രധാനമന്ത്രിക്ക് ഒരു പത്രസമ്മേളനം നടത്താനോ സ്വകാര്യ ഫണ്ടിനെ കുറിച്ച് വിവരാവകാശ നിയമങ്ങൾക്ക് മറുപടി നൽകാനോ സ്വന്തം ബിരുദം കാണിക്കാനോ പോലും സാധിക്കുന്നില്ല. അടിയന്തരാവസ്ഥയെ നേരിട്ടവരാണ് ഞങ്ങൾ. ഇതും ഞങ്ങൾ പരാജയപ്പെടുത്തുമെന്ന് യെച്ചൂരി പറഞ്ഞു.