റഷ്യയുമായി സമാധാന ചർച്ചക്ക് തയ്യാറാണെന്ന് യുക്രൈൻ പ്രസിഡന്റ് വ്‌ളാദിമിർ സെലൻസ്‌കി. ചർച്ചക്കായി ബെലാറൂസിലേക്ക് യുക്രൈൻ പ്രതിനിധി സംഘം തിരിച്ചിട്ടുണ്ട്. ആണവ ഭീഷണിയുമായി റഷ്യ രംഗത്തുവന്നതിന് പിന്നാലെയാണ് യുക്രൈൻ ചർച്ചയ്ക്ക് തയ്യാറാണെന്ന് അറിയിച്ചത്.
റഷ്യയാണ് നേരത്തെ ചർച്ചക്ക് തയ്യാറാണെന്ന് അറിയിച്ചത്. എന്നാൽ ആദ്യഘട്ടത്തിൽ ഇത് തള്ളിയ യുക്രൈൻ പിന്നീട് ചർച്ചയ്ക്ക് സമ്മതിക്കുകയായിരുന്നു. ചർച്ച തീരുന്നതുവരെ ബെലാറൂസ് പരിധിയിൽ സൈനിക നീക്കമുണ്ടാകില്ലെന്ന് ബെലാറൂസ് പ്രസിഡന്റ് ഉറപ്പു നൽകി. സൈനിക വിമാനങ്ങൾ, മിസൈൽ അടക്കം തൽസ്ഥിതി തുടരും.
ചർച്ചക്കായി റഷ്യൻ സംഘം നേരത്തെ ബെലാറൂസിലെത്തിയിരുന്നു. എന്നാൽ നാറ്റോ സഖ്യ രാജ്യങ്ങളിൽ വേണം ചർച്ചയെന്നായിരുന്നു യുക്രൈന്റെ ഡിമാൻഡ്. ഒടുവിൽ ബെലാറൂസ് പ്രസിഡന്റ് സെലൻസ്‌കിയുമായി ചർച്ച നടത്തുകയായിരുന്നു.