തിരുവനന്തപുരം: സർക്കാരും ഗവർണറും തമ്മിൽ തുറന്ന പോരിനിടയാക്കിയ മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് പെൻഷനുമായി ബന്ധപ്പെട്ട വിഷയത്തിൽ ചീഫ് സെക്രട്ടറി, ഗവർണർക്കു മറുപടി നൽകി. ചീഫ് സെക്രട്ടറിയുടെ മറുപടി പഠിച്ച ശേഷം ഗവർണർ തുടർ തീരുമാനത്തിലേക്കു കടക്കും.
ചട്ട വിരുദ്ധമായാണു പേഴ്സണൽ സ്റ്റാഫിനു പെൻഷൻ നൽകുന്നതെന്നു ഗവർണർക്കു ബോധ്യപ്പെട്ടാൽ തുടർ നടപടി സ്വീകരിക്കാൻ നിർദേശിച്ചു മുഖ്യമന്ത്രിക്കു കത്തു നൽകുന്നതും പരിഗണിക്കുന്നുണ്ട്. രണ്ടു വർഷം ജോലി ചെയ്ത പേഴ്സണൽ സ്റ്റാഫിനു പെൻഷൻ നൽകുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നു തുറന്നടിച്ച ഗവർണർ, ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ചീഫ് സെക്രട്ടറിയോടു തേടിയിരുന്നു.
പെൻഷൻ നൽകുന്നതിനുള്ള വ്യവസ്ഥകളും പെൻഷൻ വാങ്ങുന്നവരുടെ വിശദാംശങ്ങളും മറ്റുമാണ് ഗവർണർക്കു സർക്കാർ കൈമാറിയത്. മൂന്നു വർഷത്തിൽ താഴെ സർവീസുള്ള എത്രപേർ പേഴ്സണൽ സ്റ്റാഫ് പെൻഷൻ വാങ്ങുന്നുണ്ടെന്നതു സംബന്ധിച്ച വിവരങ്ങളും ഗവർണർ തേടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ചീഫ് സെക്രട്ടറിയുടെ മറുപടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടോയെന്ന വിവരം ലഭ്യമല്ല.
മിനിമം കാലം മാത്രം ജോലി നോക്കിയ ശേഷം രാഷ്ട്രീയ പ്രവർത്തകരായ മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾക്കു ജനങ്ങളുടെ നികുതിപ്പണത്തിൽ നിന്നു പെൻഷൻ നൽകുന്ന സർക്കാർ നിലപാട് പൊതു സമൂഹത്തിൽ സജീവ ചർച്ചാ വിഷയമായി മാറിയതിൽ ഗവർണർക്ക് ഏറെ ചാരിതാർഥ്യമുണ്ടെന്നാണു സൂചന.
- മറ്റു സംസ്ഥാനങ്ങളിൽ ഇല്ലാത്ത ഇത്തരം ആനുകൂല്യം തുടരാൻ പാടില്ലെന്നു ഗവർണർ നിർദേശിച്ചാൽ അതു സർക്കാരിന് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കും. എന്നാൽ, പേഴ്സണൽ സ്റ്റാഫിനു പെൻഷൻ നൽകുന്നതു ചട്ട വിരുദ്ധമല്ലെന്ന സമീപനമാണു സർക്കാരിനുള്ളത്.