ചൈനയിലെ വുഹാനിലെ ഒരാശുപത്രിയിൽ ഒരു പ്രത്യേകതരം ന്യുമോണിയ ബാധിച്ച ഒരുകൂട്ടം രോഗികളെ ലോകാരോഗ്യ സംഘടന (ഡബ്ള്യു എച്ച് ഒ) തിരിച്ചറിഞ്ഞതിനുശേഷം 6 മാസങ്ങൾ പിന്നിട്ടപ്പോഴേക്കും കൊറോണ വൈറസ് മഹാമാരി ലോകത്തിന്റെ എല്ലാ കോണുകളിലുമെത്തിക്കഴിഞ്ഞു. അത് സൃഷ്ടിക്കുന്ന മരണങ്ങളെയും ദുരിതങ്ങളെയും നേരിടാൻ കഴിയാതെ വിഷമിക്കുകയാണ് മാനവരാശി.
ലോകമൊട്ടാകെ കുറഞ്ഞത് 15.5 മില്യൺ ആൾക്കാരെയെങ്കിലും രോഗബാധിതരായി കണ്ടെത്തിയിട്ടുണ്ട്.യഥാർത്ഥത്തിൽ രോഗികൾ അതിന്റെ പല മടങ്ങുകൾ കൂടുതലായിരിക്കും. യുഎസിൽ 20 മില്യണിലധികം പേർ വൈറസ് ബാധിതരായി ഉണ്ടാകുമെന്നാണ് ആരോഗ്യ വകുപ്പധികൃതർ കണക്കാക്കുന്നത്.
കഴിഞ്ഞ 6 മാസങ്ങൾക്കുള്ളിൽ ലോകമൊട്ടാകെ മരിച്ചത് 619,000ത്തിലേറെ പേരാണ്. ഞെട്ടിക്കുന്നതാണ് ഈ മരണസംഖ്യ. യുഎസിൽ 145,000 പേരാണ് വൈറസ് ബാധിച്ച് മരിച്ചത്. ഒന്നാം ലോക യുദ്ധത്തിൽ മരിച്ച അമേരിക്കൻ സൈനികരുടെ എണ്ണത്തേക്കാൾ കൂടുതലാണിത്.
മനുഷ്യ ജീവിതം ദുസ്സഹമാക്കും വിധം ലോകമൊട്ടാകെ മാസങ്ങൾ നീണ്ടു നിന്ന ലോക്ക്ഡൗണുകൾ ഏർപ്പെടുത്തി.എന്നിട്ടും പല രാജ്യങ്ങളും വൈറസ് വ്യാപനം തടയുന്നതിന്റെ അടുത്തെങ്ങുമെത്തിയിട്ടില്ല. ശക്തമായ ആരോഗ്യ സംവിധാനങ്ങളുള്ള രാജ്യങ്ങളിലും ദരിദ്രമായ വികസ്വര രാഷ്ട്രങ്ങളിലും പുതിയ ഇരകളെ സൃഷ്ടിച്ചു കൊണ്ട് മഹാമാരി കൂടുതൽ വഷളാകുകയാണ്.
യുഎസിൽ സമീപ ആഴ്ചകളിൽ പുതിയ രോഗികളുടെ എണ്ണത്തിൽ വലിയ വർദ്ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. തെക്കും മധ്യ-പടിഞ്ഞാറൻ മേഖലയിലും സൺ ബെൽറ്റിലുമുള്ള സംസ്ഥാനങ്ങളിൽ ക്രമാതീതമായ തോതിലാണ് വർദ്ധനവ്. കഴിഞ്ഞ ഒരാഴ്ചയിൽ രണ്ടരലക്ഷത്തിലധികം പേർ ടെസ്റ്റിൽ പോസിറ്റീവായി. വാരാന്ത്യത്തിൽ തുടർച്ചയായ മൂന്നു ദിവസങ്ങളിൽ 40,000ത്തിലധികം പേർ വീതം പോസിറ്റീവായി. ഈ രീതിയിൽ പോയാൽ ഒരു ദിവസം ഒരു ലക്ഷം വീതം പുതിയ രോഗികൾ ഉണ്ടായാലും അത്ഭുതപ്പെടാനില്ലെന്നാണ് വിദഗ്ദ്ധർ പറയുത്. വളരെ ആശങ്കയുണ്ടാക്കുന്ന സ്ഥിതിയാണുള്ളത്.
യുഎസിലൊട്ടാകെ മരണ സംഖ്യ ഉയർന്നുകൊണ്ടിരിക്കുന്നതാണ് ആരോഗ്യാധികൃതരെ ഇപ്പോൾ ആശങ്കപ്പെടുത്തുന്നത്. അലബാമ, അരിസോണ, കാലിഫോർണിയ, മിസിസിപ്പി, ടെക്സസ് എന്നീ സംസ്ഥാനങ്ങളിൽ ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെടുന്ന കോവിഡ് 19 രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്. ആരോഗ്യ സംവിധാനങ്ങൾക്ക് ഉൾക്കൊള്ളാൻ കഴിയാത്തവിധം രോഗികളുടെ എണ്ണം വർദ്ധിക്കുമെന്ന ഭയമാണ് ഭരണകർത്താക്കളെ ഭരിക്കുന്നത്