യുക്രൈൻ തുറമുഖ നഗരമായ മരിയുപോളിൽ ആക്രമണം കടുപ്പിച്ച് റഷ്യൻ സൈന്യം. നഗരത്തിൽ കനത്ത പോരാട്ടമാണ് യുക്രൈൻ-റഷ്യൻ സൈന്യങ്ങൾ തമ്മിൽ നടക്കുന്നതെന്ന് അൽജസീറ റിപ്പോർട്ട് ചെയ്യുന്നു. എന്തു വിലകൊടുത്തും മരിയപോൾ പിടിച്ചടക്കാനുള്ള നീക്കത്തിലാണ് റഷ്യ.
അതിനിടെ, ഫ്രാൻസിസ് മാർപാപ്പയെ വിളിച്ച് ഇടപെടൽ ആവശ്യപ്പെട്ടിരിക്കുകയാണ് യുക്രൈൻ. മരിയൂപോളിൽ സിവിലിയന്മാർക്ക് രക്ഷപ്പെടാനും അവശ്യവസ്തുക്കൾ എത്തിക്കാനും അനുവദിക്കണമെന്ന് യുക്രൈൻ റഷ്യയോട് ആവശ്യപ്പെട്ടു. റഷ്യ രാജ്യത്തുനിന്ന് പിന്മാറുകയാണെങ്കിൽ നാറ്റോ അംഗത്വമെന്ന ആവശ്യത്തിൽനിന്ന് പിന്മാറാമെന്നും യുക്രൈൻ പ്രസിഡന്റ് വ്‌ളാദിമിർ സെലൻസ്‌കി അറിയിച്ചിട്ടുണ്ട്.
നാലു ലക്ഷത്തോളം ജനസംഖ്യയുടെ തീരനഗരമാണ് മരിയുപോൾ. ഇവിടെ റഷ്യ ആക്രമണം കടുപ്പിച്ചതോടെ പതിനായിരങ്ങളാണ് കുടുങ്ങിക്കിടക്കുന്നത്. ഇവിടങ്ങളിലെല്ലാം ഭക്ഷണവും വെള്ളവുമടക്കമുള്ള അവശ്യസാധനങ്ങളെല്ലാം തീർന്നിട്ടുണ്ടെന്നാണ് വിവരം. ദിവസങ്ങളായി ഇവിട വൈദ്യുതിബന്ധവുമില്ല. ഇതിനിടെയാണ്, റഷ്യ നഗരത്തിൽ ബോംബ് വർഷം തുടരുന്നതെന്ന് സിറ്റി കൗൺസിൽ ആരോപിച്ചത്.
തിങ്കളാഴ്ചയ്ക്കകം കീഴടങ്ങണമെന്ന് മരിയുപോളിലെ യുക്രൈൻ സൈന്യത്തിന് ഞായറാഴ്ച റഷ്യ അന്ത്യശാസന നൽകിയിരുന്നു. എന്നാൽ, ഇത് അംഗീകരിക്കാതെ യുക്രൈൻ സൈന്യം ചെറുത്തുനിൽപ്പ് തുടരുകയായിരുന്നു. നൂറുകണക്കിനു നാട്ടുകാർ താമസിച്ച താൽക്കാലിക അഭയാർത്ഥി ക്യാംപുകളായി പ്രവർത്തിച്ചിരുന്ന നാടക തിയറ്ററും സ്‌കൂളുമെല്ലാം കഴിഞ്ഞ ദിവസങ്ങളിൽ റഷ്യൻസൈന്യം ബോംബിട്ടു തകർത്തിരുന്നു.