മരിയുപോളിൽ റഷ്യൻ സൈന്യത്തിന്റെ ശക്തമായ ആക്രമണം; 1500 പേർ കൊല്ലപ്പെട്ടു

 

യുക്രൈന്റെ തുറമുഖ നഗരമായ മരിയുപോളിൽ ശക്തമായ ആക്രമണം അഴിച്ചുവിട്ട് റഷ്യൻ സേന. സാധാരണക്കാർ രക്ഷപ്രാപിച്ച മോസ്‌ക് അടക്കമുള്ളവക്ക് നേരെ റഷ്യ ഷെല്ലാക്രമണം നടത്തിയെന്നാണ് വിവരം. നഗരത്തിൽ റഷ്യൻ ആക്രമണത്തിൽ 1500ലധികം പേർ കൊല്ലപ്പെട്ടതായി മരിയുപോൾ മേയർ അറിയിച്ചു.

നഗരത്തിൽ കുടുങ്ങിക്കിടക്കുന്നവർക്ക് ഭക്ഷണം, വെള്ളം, മരുന്ന് എന്നിവ എത്തിക്കാനുള്ള ശ്രമങ്ങളും പൗരൻമാരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങളും തടസ്സപ്പെട്ടിരിക്കുകയാണ്. മരിയുപോളിന്റെ കിഴക്കൻ മേഖല റഷ്യയുടെ നിയന്ത്രണത്തിലായി.

തലസ്ഥാന നഗരമായ കീവിലേക്ക് റഷ്യൻ സേന അടുത്തുകൊണ്ടിരിക്കുകയാണ്. 24 മണിക്കൂറും റഷ്യ ബോംബും മിസൈലും വർഷിക്കുകയാണ്. അവർ കുഞ്ഞുങ്ങളെ കൊല്ലുകയാണെന്നും യുക്രൈൻ പ്രസിഡന്റ് വ്‌ളാദിമിർ സെലൻസ്‌കി പറഞ്ഞു.