മലയിൻകീഴ് എസ്.എച്ച്.ഒ സൈജു പരാതിക്കാരിയെ ഭീഷണിപ്പെടുത്തിയതായി എഫ്.ഐ.ആര്‍

 

ബലാത്സംഗ കേസിൽ പ്രതിയായ മലയിൻകീഴ് എസ്.എച്ച്.ഒ സൈജു പരാതിക്കാരിയെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായി എഫ്ഐആർ. പരാതിക്കാരിയുടെ വീട്ടിലെത്തിയ സൈജു പലതവണ പീഡിപ്പിച്ചു. ഭാര്യയെ ഉപേക്ഷിച്ച് പരാതിക്കാരിയെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കിയായിരുന്നു പീഡനമെന്നും എഫ്ഐആറിൽ പറയുന്നു.

ഭര്‍ത്താവുമൊരുമിച്ച് വിദേശത്തായിരുന്ന വനിതാ ഡോക്ടര്‍ 2019-ല്‍ ഒരു ശസ്ത്രക്രിയയ്ക്കായി നാട്ടിലെത്തിയിരുന്നു. ഈ സമയം ഇവരുടെ ഉടമസ്ഥതയിലുള്ള കടമുറി ഒഴിപ്പിക്കുന്നതു സംബന്ധിച്ച പരാതിയില്‍ അന്ന് സ്റ്റേഷന്‍ എസ്.ഐ.യായിരുന്ന സൈജു ഇടപെടുകയും കട ഒഴിപ്പിച്ചുനല്‍കുകയും ചെയ്തു. ഈ പരിചയം മുതലാക്കി സൈജു തന്നെ ലൈംഗികമായി ചൂഷണം ചെയ്തതായാണ് പരാതി.

പല ദിവസങ്ങളില്‍ ഇവരുടെ വീട്ടിലെത്തി ഇത് ആവര്‍ത്തിച്ചു. ഇതറിഞ്ഞ ഭര്‍ത്താവ് ബന്ധം ഉപേക്ഷിച്ചു. ഭാര്യയുമായി യാതൊരു ബന്ധവുമില്ലെന്നു പറഞ്ഞു വിശ്വസിപ്പിച്ചാണ് സൈജു തന്നെ ചൂഷണം ചെയ്തിരുന്നതെന്നാണ് പരാതിയില്‍ പറയുന്നത്.