ടിക്ക് ടോക് ചൈന വിടുന്നു; ചേക്കേറുന്നത് ലണ്ടനിലേക്ക്?

ചൈനയുടെ ഉടമസ്ഥതയിൽ നിന്ന് സ്വയം അകന്നുനിൽക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായി ലണ്ടനിൽ ആസ്ഥാനം കണ്ടെത്താൻ ടിക്ക് ടോക്ക് കഴിഞ്ഞ കുറച്ച് മാസങ്ങളായി യുകെ സർക്കാരുമായി ചർച്ച നടത്തി വരികയാണ്. കമ്പനി പരിഗണിക്കുന്ന നിരവധി സ്ഥലങ്ങളിൽ ഒന്നാണ് ലണ്ടൻ. എന്നാൽ ഇക്കാര്യം സംബന്ധിച്ച അന്തിമ തീരുമാനമായിട്ടില്ലെന്നാണ് വിവരം. പരിഗണനയിലുള്ള മറ്റ് സ്ഥലങ്ങൾ ഏതൊക്കെയാണെന്നും വ്യക്തമല്ല.

മുൻ വാൾട്ട് ഡിസ്നി കോ എക്സിക്യൂട്ടീവ് ആയിരുന്ന കെവിൻ മേയറെ ടിക്ക് ടോക്കിന്റെ ചീഫ് എക്സിക്യൂട്ടീവ് ആയി നിയമിച്ചടി ഉൾപ്പെടെ ഈ വർഷം ചില പരിഷ്കരണങ്ങൾ കമ്പനി നടപ്പിലാക്കിയിരുന്നു. അദ്ദേഹം അമേരിക്കയിലാണ്. ഉപയോക്തൃ ഡാറ്റ കൈമാറാൻ ചൈന കമ്പനിയെ നിർബന്ധിതരാക്കുമെന്ന സംശയത്തെത്തുടർന്ന് ടിക് ടോക്ക് വാഷിംഗ്ടണിൽ കടുത്ത പരിശോധനകൾ നേരിട്ടു വരികയാണ്. ചൈന ആസ്ഥാനമായുള്ള ബൈറ്റ്ഡാൻസ് കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ് ടിക്ക് ടോക്ക്.

കഴിഞ്ഞ ഏതാനും ആഴ്ചകളായി അമേരിക്കയിലെ പ്രശ്നങ്ങളിൽ കമ്പനി പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ടെങ്കിലും ലണ്ടനെ പുതിയ ആസ്ഥാനത്തിന് സാധ്യതയുള്ള സ്ഥലത്തിൽ നിന്ന് തള്ളിക്കളഞ്ഞിട്ടില്ലെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. വരും വർഷങ്ങളിൽ ലണ്ടനിലും ചൈനയ്ക്ക് പുറത്തുള്ള മറ്റ് പ്രധാന സ്ഥലങ്ങളിലുമുള്ള ടിക് ടോക്കിലെ തൊഴിലാളികളുടെ എണ്ണം ഗണ്യമായി വർദ്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഉദ്യോഗസ്ഥർ പറഞ്ഞു.