കാനഡയില്‍ വാക്‌സിനേഷന്‍ വിരുദ്ധരുടെ സമരം നിയന്ത്രിക്കാനാകാതെ സര്‍ക്കാര്‍

 

കാനഡയില്‍ വാക്‌സിനേഷന്‍ വിരുദ്ധരുടെ ഫ്രീഡം കോണ്‍വോയ് സമരം രൂക്ഷമാകുന്നു. സര്‍ക്കാരിന്റെ ഭീഷണികള്‍ സമരക്കാര്‍ക്ക് മുന്നില്‍ വിലപ്പോകുന്നില്ലെന്നാണ് ലഭ്യമായ വിവരങ്ങള്‍. ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടും ഫ്രീഡം കോണ്‍വോയ് സമരക്കാര്‍ പിരിഞ്ഞു പോകുന്നില്ലെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍.

ഇതിനിടെ, പ്രതിഷേധക്കാരെ അമര്‍ച്ച ചെയ്യാന്‍ പോലീസിന് സാധിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി തലസ്ഥാന നഗരമായ ഒട്ടാവയുടെ പോലീസ് ചീഫ് രാജിവെച്ചു. ചൊവ്വാഴ്ച നടന്ന പോലീസ് ബോര്‍ഡ് മീറ്റിനു ശേഷമാണ് ഒട്ടാവ പോലീസ് ചീഫ് പീറ്റര്‍ സ്ലോലി രാജിവെച്ചത്. ബോര്‍ഡ് മീറ്റിംഗില്‍, സമരക്കാരെ നേരിടാന്‍ പോലീസിന് കഴിയുന്നില്ല എന്ന കാരണമായിരുന്നു അദ്ദേഹം പറഞ്ഞത്.

വാക്‌സിന്‍ വിരുദ്ധ പ്രക്ഷോഭകരെ ഒതുക്കാന്‍ വേണ്ടി പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ എമര്‍ജന്‍സി ആക്ട് നടപ്പിലാക്കിയത് വന്‍ പ്രതിഷേധം സൃഷ്ടിച്ചിട്ടുണ്ട്. രാജ്യത്തിന്റെ അമ്പത് വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഈ ആക്ട് നടപ്പിലാക്കുന്നത്. ഫെഡറല്‍ സര്‍ക്കാരിന് ബ്ലോക്കേഡുകള്‍ നീക്കി സമരക്കാരെ അടിച്ചൊതുക്കാന്‍ വിശേഷാധികാരം നല്‍കുന്നതാണ് എമര്‍ജന്‍സി ആക്ട്. നിയമവിരുദ്ധവും അപകടകരവുമായ പ്രവര്‍ത്തികള്‍ ചെയ്യുന്നത് നോക്കി നില്‍ക്കാന്‍ സാധിക്കില്ലെന്നാണ് ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞത്. ബുധനാഴ്ച നടപ്പിലാക്കിയ എമര്‍ജന്‍സി ആക്ട് ഒരു മാസം നീണ്ടു നില്‍ക്കുമെന്ന് പോലീസ് അധികാരികള്‍ വ്യക്തമാക്കി.