യുക്രെയ്‌നില്‍ സൈനീക മാറ്റം അവകാശപ്പെട്ട് റഷ്യ; അതിര്‍ത്തിയില്‍ യുദ്ധത്തിന് തയ്യാറായി ഒന്നര ലക്ഷത്തോളം സൈനീകര്‍ ഇപ്പോഴുമുണ്ടെന്ന് യുഎസ് നാറ്റോ

 

റഷ്യ യുക്രെയ്ന്‍ വിഷയത്തില്‍ നയതന്ത്ര ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും ആശങ്കകള്‍ അവസാനിക്കുന്നില്ല. അതിര്‍ത്തിയില്‍ നിന്ന് സേനയെ പിന്‍വലിക്കുന്നുവെന്നാണ് റഷ്യയുടെ അവകാശ വാദം. ക്രെമിയയില്‍ നിന്ന് റഷ്യന്‍ സേനാ ടാങ്കുകളും കവചിത വാഹനങ്ങളും മറ്റും കയറ്റി വിടുന്നതിന്റെ വീഡിയോ റഷ്യന്‍ പ്രതിരോധ മന്ത്രാലയം പുറത്തുവിടുകയും ചെയ്തു. എന്നാല്‍ റഷ്യ കള്ളം പറയുന്നുണ്ടെന്നാണ് യുഎസും നാറ്റോ സംഘവും വിലയിരുത്തുന്നത്.

അതിര്‍ത്തിയിലിപ്പോഴും ഒന്നരലക്ഷത്തോളം സൈനീകര്‍ യുദ്ധത്തിനായി തയ്യാറായി നില്‍ക്കുന്നു. സേനാ നീക്കത്തിന്റെ സൂചനയുണ്ടെന്നും യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ വ്യക്തമാക്കി. റഷ്യ കൂടുതല്‍ സന്നാഹമൊരുക്കുകയാണെന്നും നാറ്റോ സെക്രട്ടറി ജനറല്‍ യെന്‍സ് സ്‌റ്റോള്‍ട്ടന്‍ബര്‍ഗും ആരോപിച്ചു. യൂറോപ്യന്‍ യൂണിയന്‍ നേതാക്കള്‍ ഇന്ന് ബ്രസല്‍സില്‍ യോഗം ചേര്‍ന്ന് സ്ഥിതി ഗതികള്‍ വിലയിരുന്നു.

യുദ്ധ ഭീതിയില്ലെന്നും സൈനീക അഭ്യാസത്തിന് ശേഷം റഷ്യ മടങ്ങുമെന്നുമാണ് റഷ്യന്‍ പ്രസിഡന്റ് പുടിന്‍ പറയുന്നത്.

യുക്രെയ്‌നിനു നാറ്റോ അംഗത്വം നല്‍കരുതെന്ന് അടക്കം റഷ്യയുടെ സുരക്ഷാ ആവശ്യങ്ങളില്‍ ധാരണയുണ്ടായാല്‍ പ്രശ്‌നത്തിന് പരിഹാരമാകൂവെന്നും പുടിന്‍ പറഞ്ഞു. ജര്‍മന്‍ ചാന്‍സ്ലര്‍ ഒലാഫ് ഷോള്‍സിനോടും പുടിന്‍ ഇതേ ആവശ്യമാണ് ഉന്നയിച്ചത്. ഷോള്‍സുമായി യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ചര്‍ച്ച നടത്തും.