കൊവിഡ് വാക്‌സിന്‍ എടുക്കാത്ത അധ്യാപകരുടെ കണക്കുകള്‍ ഇന്ന് സര്‍ക്കാര്‍ പുറത്തുവിടും

തിരുവനന്തപുരം: കൊവിഡ് വാക്‌സിന്‍ എടുക്കാത്ത അധ്യാപകരുടെ കണക്ക് വിവരങ്ങള്‍ ഇന്ന് പുറത്തുവിടും. രാവിലെ ഒന്‍പതിന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി വാര്‍ത്താസമ്മേളനത്തിലൂടെയാണ് ഇത് സംബന്ധിച്ച കണക്കുകള്‍ അവതരിപ്പിക്കുക. സര്‍ക്കാര്‍ ഇതുവരെ വ്യത്യസ്തമായ കണക്കുകളാണ് അറിയിച്ചത്. രണ്ടായിരത്തോളം അധ്യാപകര്‍ വാക്‌സിന്‍ എടുത്തില്ലെന്നായിരുന്നു സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി മന്ത്രി ആദ്യം പറഞ്ഞത്. കഴിഞ്ഞ ദിവസം മന്ത്രി പറഞ്ഞത് അയ്യായിരത്തോളം പേരുണ്ടെന്നാണ്.

വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി നടപടിയിലേക്ക് കടക്കാനാണ് സര്‍ക്കാര്‍ നീക്കം. വാക്‌സിന്‍ എടുക്കാത്ത അധ്യാപകര്‍ സ്‌കൂളിലേക്ക് വരേണ്ടെന്നാണ് വിദ്യാഭ്യാസ വകുപ്പ് നിലപാട്..ഇന്നലെ ഉച്ചയ്ക്ക് വാക്‌സിന്‍ എടുക്കാത്ത അധ്യാപകരുടെ വിവരങ്ങള്‍ പുറത്തുവിടുമെന്നായിരുന്നു വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ആദ്യം പറഞ്ഞത്. എന്നാല്‍ കണക്കെടുപ്പ് പൂര്‍ത്തിയാകാത്തത് കൊണ്ടാണ് വൈകിയതെന്നും കണക്ക് വിവരങ്ങള്‍ ഇന്ന് പുറത്തുവിടുമെന്നും വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ് വൈകിട്ടോടെ അറിയിച്ചു.

വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുമെന്ന് ശിവന്‍കുട്ടി പറഞ്ഞിരുന്നു. ഇവരുടെ വിവരങ്ങള്‍ സമൂഹം അറിയണമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു