കെ എസ് ആര്‍ ടി സി സമരം: സര്‍ക്കാര്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം: ഇന്ന് അര്‍ധരാത്രി മുതല്‍ കെ എസ് ആര്‍ ടി സി തൊഴിലാളി യൂനിയനുകള്‍ സമരം പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍. ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ടാണ് സമരം. സമരത്തിൽ നിന്ന് കെ എസ് ആര്‍ ടി സി ജീവനക്കാര്‍ പിന്മാറണമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, മന്ത്രിയുടെ അഭ്യര്‍ഥന തൊഴിലാളി യൂണിയനുകള്‍ തള്ളുകയായിരുന്നു.

ഇതിന് പിന്നാലെയാണ് സമരത്തെ നേരിടാൻ ഡയസ്നോൺ പ്രഖ്യാപിച്ചത്. ശമ്പള പരിഷ്‌കരണം പ്രാബല്യത്തിലാക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ട് അഞ്ച് മാസം കഴിഞ്ഞെന്ന് യൂനിയനുകൾ പറയുന്നു. പത്ത് വര്‍ഷം മുമ്പത്തെ ശമ്പള സ്‌കെയിലിലാണ് ജീവനക്കാര്‍ ജോലി ചെയ്യുന്നത്. ഡിമാന്‍ഡ് നോട്ടീസ് നല്‍കി എട്ട് മാസമായിട്ടും പ്രശ്‌നം പരിഹരിച്ചില്ല.

ശമ്പള പരിഷ്‌കാരം അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയാറാണെങ്കിലും അത് ചര്‍ച്ച ചെയ്യാന്‍ സമയം വേണമെന്നാണ് മന്ത്രി ആന്റണി രാജുവിന്റെ നിലപാട്.